വീണ്ടും ആരിഫ് ഷെയ്ക്കിന്റെ ഇരട്ടഗോൾ, സെമി പ്രതീക്ഷയിൽ മഹാരാഷ്ട്ര

Newsroom

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് ഗംഭീര വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിക്കിമിനെ ആണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു മഹാരാഷ്ട്രയുടെ വിജയം. മഹാരാഷ്ട്രയ്ക്ക് വേണ്ടി ഇന്ന് വീണ്ടും ആരിഫ് ഷെയ്ക് ഇരട്ട ഗോളുകൾ നേടി. മുൻ ഗോകുലം കേരള എഫ് സി താരമായ ആരിഫ് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഇരട്ട ഗോളുകൾ നേടുന്നത്. യോഗ്യത റൗണ്ടിലെ ഉൾപ്പെടെ ആരിഫിന് സന്തോഷ് ട്രോഫിയിൽ ഇതോടെ 9 ഗോളുകളായി.

ആരിഫിനെ കൂടാതെ ലിയാണ്ടർ, വിനോദ്കുമാർ, അമൻ ഗെയ്ക്വാദ് എന്നിവരാണ് മഹാരാഷ്ട്രയ്ക്കായി ഗോൾ നേടിയത്. എന്നാൽ ഈ വിജയവും മഹാരാഷ്ട്രയ്ക്ക് സെമി ഉറപ്പിച്ചു കൊടുക്കില്ല. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി മഹാരാഷ്ട്ര ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസുള്ള കർണാടക ഏഴു പോയന്റുമായി ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതുണ്ട്. 6 പോയന്റുള്ള പഞ്ചാബ് മൂന്നാമതും ഉണ്ട്. ഇന്ന് വൈകിട്ട് പഞ്ചാബും കർണാടകയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ആ മത്സരഫലം മാത്രമെ ആര് സെമിയിൽ എത്തുമെന്ന് നിർണയിക്കൂ.