ഹാരി കെയ്ൻ ഇല്ലെങ്കിലും ടോട്ടൻഹാം കരുത്തരെന്ന് മാഞ്ചസ്റ്റർ സിറ്റി താരം

Staff Reporter

സൂപ്പർ താരം ഹാരി കെയ്ൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം കെവിൻ ഡി ബ്രൂണെ. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടൻഹാം ജയിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിനിടെയാണ് സൂപ്പർ താരം ഹാരി കെയ്ൻ പരിക്കേറ്റ് പുറത്തുപോയത്. എന്നാൽ ഹാരി കെയ്ൻ ഇല്ലാതെ പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹഡേഴ്സ് ഫീൽഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

ഹാരി കെയ്‌ൻ ഇല്ലാത്ത ടോട്ടൻഹാമിനെ വിലകുറച്ച് കാണുന്നില്ലെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ ഹാരി കെയ്ൻ ഇല്ലാതെ ടോട്ടൻഹാം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ പറഞ്ഞു. ഹാരി കെയ്ൻ ഇല്ലാതെയാണ് ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയിച്ചതെന്നും താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരങ്ങൾ ടോട്ടൻഹാം നിരയിൽ ഉണ്ടെന്നും ഡി ബ്രൂണെ പറഞ്ഞു. ഇതിന് മുൻപ് ഹാരി കെയ്ൻ പരിക്കേറ്റ് പുറത്തുപോയ സമയത്ത് ടോട്ടൻഹാം മികച്ച പ്രകടനം കാഴ്ചവെച്ചത് ഡി ബ്രൂണെ ഓർമിപ്പിക്കുകയും ചെയ്തു.

മാഞ്ചെസ്റ്റർ സിറ്റി – ടോട്ടൻഹാം മത്സരത്തിലെ വിജയികൾ യുവന്റസ് – അയാക്സ് മത്സരത്തിലെ വിജയികളെയാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നേരിടുക.