ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് യുവന്റസ് അയാക്സിനെ നേരിടും. അയാക്സിന്റെ ഹോം ഗ്രൗണ്ടായ യോഹാൻ ക്രൈഫ് അറീനയിൽ വെച്ചാണ് മത്സരം. ശക്തരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ചു കൊണ്ടാണ് അയാക്സ് ക്വാർട്ടർ ഉറപ്പിച്ചത്. അതെ സമയം അത്ലറ്റികോ മാഡ്രിഡിനോട് ആദ്യ പാദത്തിൽ 2-0 തോറ്റിട്ടും രണ്ടാം പാദത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റയാൾ പട്ടാളത്തിന്റെ മികവിൽ രണ്ടാം പാദത്തിൽ 3-0ന് രണ്ടാം പാദം ജയിച്ചാണ് യുവന്റസ് വരുന്നത്. യുവന്റസ് നിരയിൽ പരിക്കിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കുമെന്ന് യുവന്റസ് പരിശീലകൻ അല്ലെഗ്രി വ്യക്തമാക്കിയിട്ടുണ്ട്.
അത്ലറ്റികോ മാഡ്രിഡിനെതിരെ നടത്തിയ ഗംഭീര പ്രകടനത്തിന് ശേഷം റൊണാൾഡോ യുവന്റസിന് വേണ്ടി ഇതുവരെ കളിച്ചിരുന്നില്ല. പോർച്ചുഗലിന് വേണ്ടി കളിക്കുമ്പോൾ പരിക്കേറ്റ റൊണാൾഡോ രണ്ട് ആഴ്ചയോളം ടീമിന് പുറത്തായിരുന്നു. അയാക്സ് ആവട്ടെ ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ 2-1ന് തോറ്റിട്ടും റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ 4-1ന്റെ ഗംഭീര ജയം നേടി ഏവരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ റൊണാൾഡോയുടെ പകരക്കാരനായി കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത മോയ്‌സ് കീൻ പകരക്കാരുടെ ബെഞ്ചിൽ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആങ്കിളിന് പരിക്കേറ്റ എംറി ചാനും ഇന്നത്തെ മത്സരത്തിന് യുവന്റസ് നിരയിൽ ഉണ്ടാവില്ല.