ലെഗ് സ്പിന്നുമായി മലയാളി താരം, ഐപിഎലില്‍ ഈ സീസണില്‍ രണ്ടാമത്തെ മലയാളിയ്ക്ക് അവസരം നല്‍കി രാജസ്ഥാന്‍ റോയല്‍സ്

Sports Correspondent

സഞ്ജു സാംസണ്‍ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി കളിച്ചില്ലെങ്കിലും ഇന്നും താരം മത്സരത്തിനില്ലെങ്കിലും മറ്റൊരു മലയാളി താരത്തിനു ഐപിഎലില്‍ അവസരം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കേരളത്തിന്റെ താരം സുധേഷന്‍ മിഥുനിനാണ് ഇന്ന് റസ്സലിനും കൂട്ടര്‍ക്കുമെതിരെ പന്തെറിയുവാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസരം നല്‍കിയിരിക്കുന്നത്.

ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഈ കായംകുളം സ്വദേശിയെ സ്വന്തമാക്കിയത്. കേരളത്തിനു വേണ്ടി രഞ്ജിയിലും മറ്റഉം നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരമാണ് ഈ വലംകൈയ്യന്‍ ലെഗ് ബ്രേക്ക് ബൗളര്‍. മികച്ച ഫീല്‍ഡര്‍ കൂടിയാണ് മിഥുന്‍.