കരുതലോടെ നീങ്ങി, കൊടുങ്കാറ്റായി മാറി, മാന്‍ ഓഫ് ദി മാച്ചായി ധോണി 

Sports Correspondent

27/3 എന്ന നിലയിലേക്ക് വീണ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെപ്പോക്കിലെ പിച്ചിനെ അതിജീവിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ സീനിയര്‍ താരങ്ങളായ എംഎസ് ധോണിയും സുരേഷ് റെയ്‍നയും ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. ടീമിനെ അതിജീവനത്തിന്റെ പാതയിലൂടെ നടത്തി 175 റണ്‍സെന്ന സ്കോറിലേക്ക് നയിച്ചപ്പോള്‍ ധോണിയുടെ പ്രകടനമാണ് ശ്രദ്ധേയമായി മാറിയത്. മെല്ലെ തുടങ്ങി സുരേഷ് റെയ്‍നയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ ധോണി റെയ്‍നയുടെ പുറത്താകലിനു ശേഷം ബ്രാവോയ്ക്ക് ഒപ്പം കളിച്ചപ്പോള്‍ വലിയ അടികള്‍ക്ക് ശ്രമിച്ചിരുന്നില്ല.

അവസാന ഓവറുകളിലേക്ക് മത്സര കടന്നപ്പോളാണ് ധോണി തന്റെ ഉഗ്രരൂപം പൂണ്ടത്. 45 പന്തില്‍ നിന്ന് പുറത്താകാതെ 75 റണ്‍സ് നേടിയ ധോണി മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. 4 വീതം സിക്സും ഫോറുമാണ് ചെന്നൈയുടെ നായകന്റെ ഇന്നത്തെ സമ്പാദ്യം.