ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയുടെ തട്ടകത്തിൽ വെച്ച് ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ആന്ദ്രേ റസ്സൽ മാനിയയുടെ ചുവട് പറ്റിയാണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടു മത്സരങ്ങളിലും ജയിച്ചത്. ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റസ്സലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ കൊൽക്കത്തയുടെ ഓൾ റൌണ്ട് മികവും വീണ്ടുമൊരു റസ്സൽ ഷോയുമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ തുണയായത്.
കന്നി അങ്കത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തിയ അയ്യരും സംഘവും രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപ്പെട്ടു. ചെന്നൈയ്‌ക്കെതിരായ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാവും ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുക. സ്പിന്നേഴ്‌സിന്റെ പോരാട്ടമായിരിക്കും ഡൽഹിയിൽ നടക്കുക.
ക്യാപിറ്റൽസിനു വേണ്ടി അക്‌സർ പട്ടേൽ, അമിത് മിശ്ര,രാഹുൽ ടെവറ്റിയ എന്നിവരും നൈറ്റ്‌റൈഡേഴിസിനു വേണ്ടി സുനിൽ നരേൻ, പിയുഷ് ചൗള, കുൽദീപ് യാദവ് എന്നിവരുമുണ്ട്. ഫിറോസ് ഷാ കോട്ല സ്പിന്നിനെ തുണയ്ക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ഇവരുടെ പ്രാധാന്യം ഏറെയാണ്.
മികച്ച ഫോമിലുള്ള ശിഖർ ധവാനും ഋഷഭ് പന്തുമാണ് ഡൽഹിയുടെ തുറുപ്പ് ചീട്ടുകൾ. റസ്സലിനു പുറമെ നിതീഷ് റാണയും റോബിൻ ഉത്തപ്പയും നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കളിമാറ്റാൻ കെൽപ്പുള്ളവരാണ്. ഇന്ത്യൻ ടീമിലെ മഹേന്ദ്ര സിങ് ധോണിയുടെ സ്ഥാനത്തിനായി പോരാടുന്ന ദിനേശ് കാർത്തിക്കും ഋഷഭ് പന്തും നേർക്ക് നേർ വരുന്നെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഫിറോസ് ഷാ കോട്ലയിലെ ഐപിഎൽ റെക്കോർഡുകൾ ദിനേശ് കാർത്തികിന് തുണയാണ്(23 innings, 586 runs, 5 fifties). പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ നൈറ്റ് റൈഡേഴ്‌സിനാണ് മുൻതൂക്കം. 13 മത്സരങ്ങളിൽ നൈറ്റ്‌റൈഡേഴ്‌സ് ജയിച്ചപ്പോൾ 8 മത്സരങ്ങൾ ജയിക്കാൻ മാത്രമാണ് ഡൽഹി ക്യാപിറ്റൽസിനായത്.