ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ടാം മത്സരത്തിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇറങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഇറങ്ങുന്നത് ആദ്യ ജയം സ്വപനം കണ്ടാണ്.
ഋഷഭ് പന്ത് ഉയർത്തിയ കൊടുങ്കാറ്റിൽ കടപുഴകി വീണവരാണ് മുംബൈ ഇന്ത്യൻസ്. 37 റൺസിന്റെ ജയമാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെതിരെ നേടിയത്. ആദ്യ മത്സരത്തിലെ തോൽവി ഐപിഎല്ലിൽ പതിവായ മുംബൈക്ക് ഇന്ന് തിരിച്ചുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സീസൺ ഓപ്പണറിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സ്പിന്നേഴ്സിന് മുന്നിൽ കീഴടങ്ങുകയായിരുന്നു ആർസിബി. ചെറിയ ടോട്ടൽ ആയിരുന്നിട്ടു കൂടി പൊരുതി കീഴടങ്ങുകയാണ് ചെയ്തത് ബാംഗ്ലൂർ.
ഏത് ടീമിനെയും നേരിടാൻ കരുത്തരായ ബാറ്റിംഗ് നിരയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും ഏത് ബൗളിംഗ് നിരയുടെയും പേടിസ്വപ്നമാണ്. ആദ്യ മത്സരത്തിൽ രണ്ടക്കം കടക്കാതെ പുറത്തായ ഇരുവർക്കും പ്രായശ്ചിത്തത്തിനായുള്ള അവസരമാണ് ഇന്ന്. എബിഡിയെ പോലെ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ അപകടകാരിയായ മറ്റൊരു താരമില്ല.
അതെ സമയം മുംബൈ ഇന്ത്യൻസിന് വേണ്ടി ആദ്യ മത്സരത്തിൽ പൊരുതി നിന്നത് സൂപ്പർ താരം യുവരാജ് സിങ്ങാണ്. 53 റൺസാണ് മുംബൈക്ക് വേണ്ടി ആദ്യ മത്സരത്തിൽ യുവി നേടിയത്. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റത് മുംബൈക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ ലസിത് മലിംഗ മുംബൈയുടെ ബൗളിംഗ് നിറയെ കൂടുതൽ കരുത്തുറ്റതാക്കും. രോഹിത്- ഹിറ്റ് മാൻ- ശർമ്മയും കൂട്ടരും ക്യാപ്റ്റൻ കൊഹ്ലിക്കും കൂട്ടർക്കും വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.