യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് ഇറ്റലി. പാർമയിൽ നടന്ന മത്സരത്തിൽ ലിച്ചെൻസ്റ്റെയിനിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അസൂറികൾ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല, മാർക്കോ വെരാട്ടി, മോയിസി കീൻ,ലിയോണാർഡോ പാവോലേറ്റി എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോളടിച്ചത്. ഫാബിയോ ക്വാഗ്ലിയരെല്ല ഇതിനു മുൻപ് അസൂറിപ്പടയ്ക്ക് വേണ്ടി ഗോളടിച്ചത് പത്ത് കൊല്ലം മുൻപാണ്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിച്ച് യുവന്റസ് യുവതാരം മോയിസി കീൻ വരവറിയിച്ചു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് വെരാട്ടി ഇറ്റലിക്ക് വേണ്ടി ഗോളടിക്കുന്നത്. യൂറോ യോഗ്യത മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ നിന്നുമായി ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ ഇറ്റലി അടിച്ച് കൂട്ടിയത് എട്ടു ഗോളുകളാണ്. ലോകകപ്പ് യോഗ്യത നേടാൻ ആകാതെ നാണക്കേടിന്റെ പടുകുഴിയിൽ നിന്നും റോബർട്ടോ മാൻചിനിയുടെ കീഴിൽ ശക്തമായ തിരിച്ചുവരവാണ് അസൂറികൾ നടത്തുന്നത്. ഇന്നത്തെ ഇറ്റലിയുടെ ഏകപക്ഷീയമായ ജയം യൂറോ കപ്പിനായി ഒരുങ്ങുന്ന ടീമുകൾക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്