ടോപ് ഓര്‍ഡര്‍ ബാറ്റസ്മാന്മാര് ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് സ്വപ്ന തുല്യമായ തുടക്കം നല്‍കിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ അവസാന നിമിഷം വരെ ഡല്‍ഹി ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചുവെങ്കിലും 6 വിക്കറ്റ് വിജയം നേടി ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. റണ്‍റേറ്റ് മത്സരത്തിലുടനീളം വരുതിയില്‍ നിലനിര്‍ത്തിയ ചെന്നൈയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്‍റേറ്റ് അല്പം ഉയരുന്നത് കണ്ടുവെങ്കിലും എംഎസ് ധോണിയും കേധാര്‍ ജാഥവും സമചിത്തതയോടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ജയം രണ്ട് റണ്‍സ് അകലെ മാത്രമായപ്പോള്‍ കേധാര്‍ ജാഥവ്(27) പുറത്തായെങ്കിലും ചെന്നൈയുടെ ജയം തടയാന്‍ ഡല്‍ഹിയ്ക്കായില്ല.
അമ്പാട്ടി റായിഡുവിനെ(5) അതിവേഗത്തില്‍ നഷ്ടമായെങ്കിലും ഷെയിന്‍ വാട്സണും സുരേഷ് റെയ്നയും അടിച്ച് തകര്‍ത്തപ്പോള്‍ പവര്‍ പ്ലേയില്‍ തന്നെ ചെന്നൈ വലിയ സ്കോറിലേക്ക് വേഗത്തില്‍ നീങ്ങി. 26 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ് ആണ് രണ്ടാമത് പുറത്തായത്.
52 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയിരുന്നു പുറത്താകുന്നതിനു മുമ്പ് ഷെയിന്‍ വാട്സണ് സുരേഷ് റെയ്നയോടൊപ്പം ചേര്‍ന്ന്. നാല് ഫോറും 3 സിക്സുമായിരുന്നു വാട്സണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. 16 പന്തില്‍ 30 റണ്‍സ് നേടി മത്സരം ഡല്‍ഹിയില്‍ നിന്ന് റെയ്ന തട്ടിയെടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ അമിത് മിശ്ര റെയ്നയെ മടക്കി തന്റെ രണ്ടാം വിക്കറ്റ് നേടി. 10.2 ഓവറില്‍ 98 റണ്‍സായിരുന്നു ചെന്നൈയുടെ അപ്പോളത്തെ സ്കോര്‍.
58 പന്തില്‍ 50 റണ്‍സെന്ന അത്ര ശ്രമകരമല്ലാത്ത ലക്ഷ്യത്തേലിക്ക് കേധാര്‍ ജാഥവും മഹേന്ദ്ര സിംഗ് ധോണിയും ചെന്നൈയെ നയിക്കുകയായിരുന്നു. ഇതിനിടെ കീമോ പോളിന്റെ ഓവറില്‍ കേധാര്‍ ജാഥവ് നല്കിയ അവസരം ശിഖര്‍ ധവാന് കൈപ്പിടിയിലൊതുക്കാനാകാതെ പോയതും ഡല്‍ഹിയുടെ കാര്യങ്ങള്‍ കടുപ്പമാക്കി.
ധോണിയ്ക്കെതിരെ പതിനേഴാം ഓവറിലെ അഞ്ച് പന്തുകള്‍ റണ്‍ വഴങ്ങാതെ എറിഞ്ഞ അക്സര്‍ പട്ടേല്‍ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുകയായിരുന്നു. അവസാന രണ്ടോവറില്‍ 11 റണ്‍സ് നേടേണ്ട സമയത്ത് അമിത് മിശ്രയുടെ ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തി ധോണി ലക്ഷ്യം 2 റണ്‍സ് അകലെ വരെ എത്തിക്കുകയായിരുന്നു. കാഗിസോ റബാഡ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ കേധാര്‍ ജാഥവ് പുറത്തായപ്പോള്‍ അടുത്ത രണ്ട് പന്തുകളില്‍ ഡ്വെയിന്‍ ബ്രാവോയെ ബീറ്റ് ചെയ്ത് കാഗിസോ ചെന്നൈ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും നാലാം പന്ത് ബൗണ്ടറി പായിച്ച് ഡ്വെയിന്‍ ബ്രാവോ കളി പോക്കറ്റിലാക്കി. എംഎസ് ധോണി 32 റണ്‍സുമായി പുറത്താകാതെ നിന്നു.
അമിത് മിശ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മികച്ച രീതിയല്‍ പന്തെറിഞ്ഞപ്പോള്‍ രാഹുല്‍ തെവാത്തിയ അധികം റണ്‍സ് വിട്ടു കൊടുത്തു.