ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകും എന്ന അഭ്യൂഹങ്ങളെ തള്ളി ബൊറൂസിയ ഡോർട്മുണ്ട്. ക്ലബ് സ്പോർടിംഗ് ഡയറക്ടർ ആയ മൈക്കിൾ സോർക് ആണ് സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകില്ല എന്ന് അറിയിച്ചത്. സാഞ്ചോയെ വിൽക്കുമെന്ന അഭ്യൂഹങ്ങൾ ശരിയല്ല. സാഞ്ചോയ്ക്കായി ഒരു വിലയും തങ്ങൾ ഇട്ടിട്ടില്ല. ക്ലബ് അടുത്ത സീസണിലേക്ക് ഒരുങ്ങുന്നത് സാഞ്ചോയെ കണ്ടുകൊണ്ട് തന്നെയാണെന്നും സോർക് പറഞ്ഞു.
ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്. സീസണിൽ ഇതുവരെ 10 ഗോളുകളും 21 അസിസ്റ്റും സാഞ്ചോ സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഡോർട്മുണ്ട് സാഞ്ചോയെ സ്വന്തമാക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിരവൈരികളായ സിറ്റി ആ ട്രാൻസഫ്റിന് തയ്യാറായില്ല.
ഡോർട്മുണ്ട് അഭ്യൂഹങ്ങൾ നിരസിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയ്ക്ക് ആയി രംഗത്ത് ഉണ്ട് എന്ന് തന്നെയാണ് വിവരങ്ങൾ. മാഞ്ചസ്റ്റർ പരിശീലകൻ സോൾഷ്യാറ് വേഗതയുള്ള താരങ്ങൾക്ക് മുൻഗണന നൽകുന്നതിനാൽ ആണ് സാഞ്ചോയെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നത്.