ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വര്‍ഷം നീണ്ട ചരിത്രത്തില്‍ ഇതാദ്യമായി ആഷസില്‍ താരങ്ങള്‍ തങ്ങളുടെ ജഴ്സിയില്‍ പേരും നമ്പറും രേഖപ്പെടുത്തും. ഈ വര്‍ഷം ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ആതിഥേയത്വം വഹിക്കുന്ന പരമ്പരയില്‍ ആണ് ഈ തീരുമാനം. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥമാണ് ഐസിസി ഈ മാറ്റം കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നതെന്നാണ് അറിയുന്നത്.
താരങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ ഈ തീരുമാനം സാധ്യമാക്കുമെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ മെച്ചപ്പെട്ട പങ്കാളിത്തമുണ്ടാകുമെന്നുമാണ് ഇതില്‍ ഐസിസി കാണുന്ന ഗുണം. 2001ല്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്പില്‍ അരങ്ങേറ്റം കുറിച്ച ക്രമ നമ്പര്‍ കൊണ്ടുവന്നതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ജേഴ്സിയിലോ മറ്റു വസ്തുക്കളിലോ വന്ന ഏക മാറ്റം. ഇതിനു ശേഷം മറ്റു ടീമുകളും ഈ രീതി പിന്തുടരാന് തുടങ്ങി.
1992ല്‍ ആണ് ആദ്യമായി ഏകദിനത്തില്‍ നിറമുള്ള വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയത്. പിന്നീട് 1999ല്‍ സ്ക്വാഡ് നമ്പറുകളും വന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 2003 മുതല്‍ പേരും സ്ക്വാഡ് നമ്പറുമുള്ള ജേഴ്സികള്‍ ഉപയോഗത്തിലുണ്ട്.