ഇന്ത്യയിൽ രണ്ടു ലീഗുകളും ലയിപ്പിച്ച് ഒരു ലീഗാക്കി മാറ്റണം എന്ന് ചെന്നൈ സിറ്റി പരിശീലകൻ അക്ബർ നവാസ്. ഇന്നലെ ചെന്നൈ സിറ്റിയെ ഐലീഗ് ചാമ്പ്യന്മാർ ആക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു അക്ബർ നവാസ്. ഇന്ത്യയിൽ ഐ ലീഗും ഐ എസ് എലും കൂടി ഒരു ലീഗ് ആക്കി മാറ്റേണ്ടതുണ്ട്. 20 ടീമുകൾ ഉള്ള ഒരൊറ്റ ലീഗ്. അടുത്ത വർഷത്തേക്ക് അങ്ങനെ ഒരു ലീഗ് ഇന്ത്യയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നവാസ് പറഞ്ഞു.
ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീം മെച്ചപ്പെടണമെങ്കിൽ ഒരൊറ്റ ലീഗായി ആദ്യം ലീഗിനെ മാറ്റേണ്ടതുണ്ട് എന്നും ചെന്നൈ പരിശീലകൻ പറഞ്ഞു. ഒരു രാജ്യത്തെ ഒരോ പ്രൊഫഷണൽ താരവും ഒരു വർഷം ശരാശരി 45 മത്സരങ്ങൾ എങ്കിലും കളിച്ചിരിക്കണം. ഇവിടെ ലീഗിൽ ടീമുകൾ കുറവായതിനാൽ അതു നടക്കുന്നില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്നലെ അവസാന ലീഗ് മത്സരത്തിൽ മിനേർവ പഞ്ചാബിനെ പരാജയപ്പെടുത്തി ചെന്നൈ സിറ്റി ഐലീഗ് ചാമ്പ്യന്മാർ ആയിരുന്നു. ഐലീഗിന്റെ ഭാവി എന്താണെന്ന് ഉറപ്പില്ലാത്തത് കൊണ്ട് ഐലീഗ് ക്ലബുകൾക്ക് ഇടയിൽ അതൃപ്തി വർധിക്കുകയാണ്.