ഇന്ത്യ പട്ടാള തൊപ്പി ഇട്ട സംഭവം, ഐ.സി.സി. നടപടി എടുക്കണമെന്ന് പാകിസ്ഥാൻ

Staff Reporter

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ പട്ടാള തൊപ്പിയിട്ട് കളിച്ചതിനെതിരെ ഐ.സി.സി. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ. പുല്‍വാമ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരോടുള്ള ആദര സൂചകമായിട്ടാണ് ഇന്ത്യൻ ടീം പട്ടാള തൊപ്പിയിട്ട് ഇറങ്ങിയത്. ഇന്നലത്തെ മത്സരത്തിൽ നിന്നുള്ള പ്രതിഫലം നാഷണൽ ഡിഫെൻസ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും ഇന്ത്യൻ ടീം തീരുമാനിച്ചിരുന്നു. മത്സരത്തിന് മുൻപ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് താരങ്ങൾക്ക് തൊപ്പി നൽകിയത്.

എന്നാൽ ഇന്ത്യ മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിച്ചെന്നും ഇതിനെതിരെ ഐ.സി.സി ഇന്ത്യക്കെതിരെ നടപടി എടുക്കണമെന്നും പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗദരി പറഞ്ഞു. ഇന്ത്യ പട്ടാള തൊപ്പി ധരിക്കുന്നത് നിർത്തിയില്ലെങ്കിൽ കാശ്മീരിൽ ഇന്ത്യ നടത്തുന്ന പീഡനങ്ങൾക്ക് പകരം പാകിസ്ഥാൻ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാൻ ഇറങ്ങണമെന്നും പാകിസ്ഥാൻ മന്ത്രി പറഞ്ഞു. ഐ.സി.സി നേരിട്ട് നടപടി എടുത്തില്ലെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് പരാതി നൽകണമെന്നും ഫവാദ് ചൗദരി പറഞ്ഞു.

മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് 32 റൺസിന്‌ തോറ്റിരുന്നു. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 281 റൺസിന് എല്ലാരും പുറത്തായിരുന്നു. മത്സരത്തിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയെങ്കിലും മറ്റു ബാറ്റ്സ്മാൻമാർക്ക് ആർക്കും കോഹ്‌ലിക്ക് പിന്തുണ നൽകാനായിരുന്നില്ല.