ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഉസ്മാന്‍ ഖവാജയുടെ ശതകവും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനവും ഒത്തുവന്നപ്പോള്‍ വലിയ സ്കോര്‍ നേടി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ച്ചുവെങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ ഓസ്ട്രേലിയയ്ക്ക് തുണയാകുന്നതാണ് മത്സരത്തില്‍ കണ്ടത്.
ഒന്നാം വിക്കറ്റില്‍ 193 റണ്‍സ് നേടി തന്റെ ശതകത്തിനു 7 റണ്‍സ് അകലെ ഫിഞ്ച്(93) പുറത്താകുകയായിരുന്നു. ശതകം നേടാനായില്ലെന്ന നിരാശ ബാക്കിയുണ്ടാകുമെങ്കിലും നാളുകള്‍ക്ക് ശേഷം താന്‍ ഫോമിലെത്തിയെന്ന ആശ്വാസവുമായി ഫിഞ്ചിനു മടങ്ങാം. കുല്‍ദീപ് യാദവ് ആണ് ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. തുടര്‍ന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനമാണ് റാഞ്ചി കണ്ടത്.
ഇതിനിടെ തന്റെ കന്നി ഏകദിന ശതകം പൂര്‍ത്തിയാക്കി ഉസ്മാന്‍ ഖവാജയും എത്തി. രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് നേടിയ ശേഷം ഷമിയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഉസ്മാന്‍ ഖവാജ(104) പുറത്തായത്. 31 പന്തില്‍ നിന്ന് 47 റണ്‍സ് നേടി മാക്സ്വെല്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു. ഷോണ്‍ മാര്‍ഷിനെയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെയും ഒരേ ഓവറില്‍ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയെ മുന്നൂറ് കടക്കുവാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് ഏവരും കരുതിയെങ്കിലും ആറാം വിക്കറ്റില്‍ ഒത്തുകൂടിയ സ്റ്റോയിനിസ്-അലെക്സ് കാറെ കൂട്ടുകെട്ട് നേടിയ 50 റണ്‍സ് ഓസ്ട്രേലിയയെ 50 ഓവറില്‍ 313/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു.
സ്റ്റോയിനിസ് 31 റണ്‍സും കാറെ 21 റണ്‍സും നേടിയാണ് പുറത്താകാതെ നിന്നത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.