യൂറോപ്യൻ ക്ലാസിക്കിൽ ഇന്ന് ലിവർപൂൾ ബയേൺ പോരാട്ടം

- Advertisement -

ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ട് സ്റ്റേജിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവർപൂൾ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പരിക്കും വിലക്കും മൂലം വെല്ലുവിളിയായ പ്രതിരോധം എങ്ങനെ ബയേൺ ആക്രണമത്തെ ചെറുക്കും എന്നതിനെ ആശ്രയിച്ചാവും ലിവർപൂളിന്റെ സാദ്ധ്യതകൾ.

ലിവർപൂൾ നിരയിൽ വിലക്ക് കാരണം വാൻ ഡൈക് ഇന്ന് കളിക്കില്ല. അതോടൊപ്പം ലോവ്റനും 100 ശതമാനം ഫിറ്റ് അല്ലാത്തതും ക്ളോപ്പിനു തലവേദനയാണ്.ദീർഘ കാലത്തേക്ക് കളത്തിനു പുറത്തായ ഗോമസിന്റെ അഭാവവും ലിവർപൂളിന്റെ പ്രതിരോധത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  ഇതോടെ മാറ്റിപ്പിനൊപ്പം പ്രതിരോധ നിരയിൽ ഫാബിഞ്ഞോ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻ ബയേൺ മ്യൂണിക് താരമായ ശകീരിയും ഇന്നത്തെ മത്സരത്തിന് 100 ശതമാനം ഫിറ്റ് അല്ല.

1981ന് ശേഷം ആദ്യമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ലിവർപൂളിനെ നേരിടുന്ന ബയേൺ മ്യൂണിക്കിനും പരിക്കും വിലക്കും തന്നെയാണ് വില്ലൻ. വിലക്ക് മൂലം മുള്ളറും പരിക്കിന്റെ പിടിയിലുള്ള ബോട്ടങും ഇന്ന് ലിവേർപൂളിനെതിരെ കളിക്കില്ല. ഇവരെ കൂടാതെ ദീർഘകാലമായി പരിക്ക് വേട്ടയാടുന്ന റോബനും ബയേൺ നിരയിൽ ഇന്ന് ഇറങ്ങില്ല.

Advertisement