കാനഡയിൽ നിന്നുള്ള ഈ പതിനെട്ട് വയസ്സുകാരന്റെ പേരാവും ഒരുപക്ഷേ വരും കാലങ്ങളിൽ ഗ്രാൻഡ്സ്ലാമുകളിലെ ട്രോഫികളിൽ ആലേഖനം ചെയ്യപ്പെടാൻ പോകുന്നത്. പൊതുവേ യുവതാരങ്ങളുടെ പ്രകടനം ഗ്രാൻഡ്സ്ലാമുകളിൽ അത്ര പ്രതീക്ഷ നല്കുന്നതല്ല എങ്കിലും നാലുതാരങ്ങൾ മാത്രം അടക്കി വാണിരുന്ന യുഗത്തിന്, മാസ്റ്റേഴ്‌സ് സീരീസ് പോലുള്ള പ്രധാന ടൂർണമെന്റുകളിൽ എങ്കിലും വിരാമമിടാൻ യുവതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് തീർച്ചയായും ടെന്നീസിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്.
പലപ്പോഴും അങ്ങിങ്ങായി പ്രതിഭകളുടെ മിന്നലാട്ടങ്ങൾ പ്രകടമായിരുന്നു എങ്കിലും അവയൊന്നും പ്രതീക്ഷിച്ച കാലത്തോളം നിന്നില്ല. അവിടെയാണ് ഫെലിക്സിനെ പോലുള്ള താരം മികച്ച് നിൽക്കുന്നത്. എടിപി റാങ്കിങ്ങിൽ 57 സ്ഥാനത്തുള്ള ഈ കൗമാര താരമാണ് ആദ്യ നൂറിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ താരം എന്നത് മാത്രം മതി ഫെലിക്സിന്റെ പ്രതിഭ മനസ്സിലാക്കാൻ.
ഇന്നലെ മിയാമി മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നതോടെ ഒരു ടൂർണമെന്റിലെ അത്ഭുതമല്ല താനെന്ന് തെളിയിക്കാനും ഫെലിക്സിനായി. ഇന്ത്യൻ വെൽസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം മിയാമിയിൽ സെമിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇനി ഫെലിക്സിന് സ്വന്തം.
പതിനെട്ട് വയസ്സിന് ഒട്ടും ചേരാത്ത അത്ഭുതപ്പെടുത്തുന്ന ശാന്തമായ മനസ്സും, അപാരമായ അത്ലറ്റിസിസവും, ഗ്രൗണ്ട് സ്ട്രോക്കിലും, അതുപോലെ സർവ്വുകളിലും പുലർത്തുന്ന മികവ് വേറൊരു വിധത്തിൽ പറഞ്ഞാൽ ഫെഡററുടെ ശാന്തത, ഗ്രൗണ്ട് സ്ട്രോക്കുകളിൽ ജോക്കോവിച്ചിന്റെ മികവ്, നദാലിന്റെ ഫൈറ്റിങ് സ്പിരിറ്റ് അങ്ങനെ ഫെലിക്‌സ് ഒരു കംപ്ലീറ്റ് പാക്കേജാണ്. വനിതകളിൽ പത്തൊമ്പത് കാരി ആന്റ്രിയേസ്‌കൂവിനെ പോലെ ചരിത്രം സൃഷ്ടിക്കാൻ ഫെലിക്സിന് കഴിയട്ടെ എന്ന് വിശ്വസിക്കാം, പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം..