സൗത്ത് സോണ്‍ ഹോക്കി; കേരള വനിതകള്‍ക്ക് വിജയതുടക്കം

കൊല്ലം: കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ പുരുഷ, വനിതാ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ ടീമിന് വിജയതുടക്കം. ആദ്യ മത്സരത്തില്‍ എന്നിനെതിരെ നാല് ഗോളുകള്‍ക്ക് ശക്തരായ കര്‍ണാടകയെയാണ് കേരളം പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഷാനിയ കെ.വി.യിലൂടെ കേരളം മൂന്നിലെത്തി. 15 ാം മിനുട്ടില്‍ അഭയ് ജോതിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിന്റെ 20 ാം മിനുട്ടില്‍ കര്‍ണാടക്ക ഗ്രീഷ്മ പൊന്നപ്പയിലൂടെ ഒരു ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 26 ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയിലൂടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. പിന്നീട് മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ അധിപത്യമാണ് കണ്ടത്. 47 ാം മിനുട്ടില്‍ ഷാനിയ രണ്ടാം ഗോള്‍ നേടി സ്‌കോര്‍ നാലാക്കി.

കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ നാളെ (ശനി) രാവിലെ 10.00 മണിക്ക് കേരളം തമിഴ്‌നാടിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് തമിഴ്‌നാട്.

വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആന്ധ്രാപ്രദേശ് ഹോക്കി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തെലുങ്കാനയെ തോല്‍പ്പിച്ചു. ആന്ധ്രാപ്രദേശിന്റെ മധുരിമ പൂജാരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാട് ഹോക്കി ടീം പുതുച്ചേരി ഹോക്കിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. തമിഴ്‌നാടിന്റെ ജോവിന ഡെഫ്‌നി എം.ജെയാണ് മത്സരത്തിലെ താരം

ഹോക്കിയില്‍ വനിതകള്‍ക്ക് വെള്ളി, ഫൈനലില്‍ ജപ്പാനോട് തോല്‍വി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഹോക്കി സ്വര്‍ണ്ണ മോഹം പൊലിഞ്ഞു. ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലില്‍ ജപ്പാനോട് 1-2 എന്ന സ്കോറിനു ഇന്ത്യ പരാജയപ്പെട്ടതോടെ സ്വര്‍ണ്ണമെന്ന ഇന്ത്യന്‍ സ്വപ്നം അവസാനിച്ചു. പരാജയപ്പെട്ടുവെങ്കിലും വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന സ്കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 2014ല്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി മാറ്റുവാന്‍ സാധിച്ചുവെന്നതില്‍ അഭിമാനത്തോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ മെഡല്‍ കഴുത്തിലണിയാം.

11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍. 44ാം മിനുട്ടില്‍ കവാമുര ജപ്പാന്റെ വിജയ ഗോള്‍ നേടി. അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ മടക്കുവാന്‍ ഇന്ത്യ കിണഞ്ഞ് ശ്രമിച്ചുവെങ്കിലും ജപ്പാന്‍ പ്രതിരോധത്തില്‍ തട്ടി ഇന്ത്യന്‍ ശ്രമങ്ങള്‍ വിഫലമായി.

ഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്

ചൈനയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലിലേക്ക്. ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം മത്സരത്തിന്റെ അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ ഗോള്‍ നേടിയത്. ഗുര്‍ജിത്ത് സിംഗിന്റെ ഗോളിലൂടെ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

ഇന്ന് നടന്ന മറ്റൊരു സെമിയില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ട് ഗോളിനു കീഴടക്കി ജപ്പാന്‍ ഫൈനലില്‍ കടന്നു. 48ാം മിനുട്ടില്‍ അകികോ നേടിയ ഗോളിലൂടെയാണ് ജപ്പാന്‍ മത്സരത്തില്‍ മുന്നിലെത്തുന്നത്. മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോള്‍ മിനാമി ഷിമ്സു ജപ്പാന്റെ രണ്ടാം ഗോള്‍ നേടി.

Exit mobile version