ഗോള്‍ഡ്കോസ്റ്റിലെ വെങ്കലം വെള്ളിയാക്കി മാറ്റി വികാസ് താക്കൂര്‍

തുടര്‍ച്ചയായ മൂന്നാം കോമൺവെൽത്ത് മെഡൽ നേടി ഇന്ത്യയുടെ വികാസ് താക്കൂര്‍. 96 കിലോ പുരുഷന്മാരുടെ ഭാരോദ്വാഹ്നത്തിൽ ഇന്ന് വെള്ളി മെഡൽ ആണ് താരം നേടിയത്. 346 കിലോ ഉയര്‍ത്തിയാണ് വികാസ് താക്കൂര്‍ ആകെ ഉയര്‍ത്തിയത്.

സ്നാച്ചിൽ 155 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 191 കിലോയും ആണ് താരം ഉയര്‍ത്തിയത്. ഗ്ലാസ്കോയിൽ വെള്ളി മെഡൽ നേടിയ താരത്തിന് ഗോള്‍ഡ്കോസ്റ്റിൽ വെങ്കല മെഡൽ മാത്രമേ നേടാനായുള്ളു.

പൂനം യാദവിന്റെ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു, സ്നാച്ചിലെ മികവ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ നിലനിര്‍ത്താനാകാതെ താരം

വനിതകളുടെ 76 കിലോ വിഭാഗത്തിൽ നിരാശയായി മാറി ഇന്ത്യയുടെ പൂനം യാദവ്. സ്നാച്ചിന് ശേഷം 98 കിലോയുമായി രണ്ടാം സ്ഥാനത്തായിരുന്ന താരം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മെഡൽ ഇല്ലാതെ പുറത്ത് പോകുകയായിരുന്നു.

116 കിലോ ഉയര്‍ത്തുവാന്‍ ശ്രമിച്ച താരം അവസാന ശ്രമത്തിൽ കൃത്യമായി ഭാരം ഉയര്‍ത്തിയെങ്കിലും ഡൗൺ സിഗ്നലിനായുള്ള ബസര്‍ അടിക്കുന്നതിന് മുമ്പ് താരം ലിഫ്റ്റ് പൂര്‍ത്തിയാക്കിയതോടെ ആ ലിഫ്റ്റും അസാധുവാകുകയായിരുന്നു.

അജയ് സിംഗിന് മെഡൽ തലനാരിഴയ്ക്ക് നഷ്ടം

വെയിറ്റ് ലിഫ്റ്റിംഗിൽ പുരുഷന്മാരുടെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അജയ് സിംഗിന് തലനാരിഴയ്ക്ക് വെങ്കല മെഡൽ നഷ്ടം. താരം സ്നാച്ചിൽ 143 കിലോയും ക്ലീന്‍ & ജെര്‍ക്കിൽ 176 കിലോയും നേടി 319 കിലോ ആകെ സ്വന്തമാക്കിയെങ്കിലും 320 കിലോയുമായി കാനഡയുടെ നിക്കോളസ് വച്ചോൺ വെങ്കല മെഡൽ നേടി.

തന്റെ മൂന്നാം ശ്രമത്തിൽ അജയ് 180 കിലോ ഉയര്‍ത്തുവാന്‍ നോക്കി പരാജയപ്പെട്ടിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിന്റെ ക്രിസ് മുറേ സ്വര്‍ണ്ണവും ഓസ്ട്രേലിയയുടെ കൈൽ ബ്രൂസ് വെള്ളി മെഡലും നേടി.

Exit mobile version