മുൻ ചെൽസി പരിശീലകനായിരുന്ന മൗറിസിയോ സരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ. 2019ലെ ലീഗ് കപ്പ് ഫൈനലിലെ എക്സ്ട്രാ ടൈമിൽ കെപ സബ്സ്റ്റിട്യൂട് ആവാൻ വിസമ്മതിച്ചിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പരിക്കേറ്റ കെപക്ക് പകരം വില്ലി കാബയെറോയെ ഇറക്കാൻ അന്ന് ചെൽസി പരിശീലകനായിരുന്ന സരി ശ്രമിച്ചിരുന്നു. എന്നാൽ ഗ്രൗണ്ട് വിടാൻ കെപ തയ്യാറായിരുന്നില്ല.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ കെപ മാഞ്ചസ്റ്റർ സിറ്റി പെനാൽറ്റി കിക്ക് തടഞ്ഞെങ്കിലും 4-3ന് ചെൽസി പരാജയപ്പെട്ടിരുന്നു. അന്ന് തനിക്ക് ശെരിക്കും പരിക്കേറ്റിട്ട് ഇല്ലായിരുന്നെന്നും അത് സരിക്ക് മനസ്സിലായില്ലെന്നും കെപ പറഞ്ഞു. എന്നാൽ റഫറി സബ്സ്റ്റിട്യൂടിനുള്ള ബോർഡ് കാണിച്ചപ്പോൾ താൻ കയറണമായിരുന്നെന്നും അത് ചെയ്യാത്തതിന് താൻ ക്ഷമ ചോദിക്കുന്നെന്നും കെപ പറഞ്ഞു.
ഇന്ന് എവർട്ടനെതിരെ സമനിലയോടെ ചെൽസി പരിശീലകൻ മൗറീസിയോ സാരി സൃഷ്ടിച്ചത് പുത്തൻ പ്രീമിയർ ലീഗ് റെക്കോർഡ്. അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ അപരാജിതമായി തുടരുന്ന പരിശീലകൻ എന്ന റെക്കോർഡാണ് സാരി സ്വന്തം പേരിലാക്കിയത്. ലീഗിൽ ഇതുവരെ സാരിക്ക് കീഴിൽ 12 മത്സരങ്ങൾ കളിച്ച ചെൽസി ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. നോട്ടിങ്ഹാം പരിശീലകനായിരുന്ന ഫ്രാങ്ക് ക്ലാർക്കിന്റെ 11 മത്സരങ്ങൾ എന്ന റെക്കോർഡാണ് സാരി പഴംകഥയാക്കിയത്.
ജൂലൈ മാസത്തിൽ മാത്രം ചെൽസി പരിശീലകനായി നിയമിതനായ സാരി ആദ്യ സീസണിൽ പ്രതിസന്ധികൾ നേരിടും എന്നാണ് പലരും പ്രവചിച്ചതെങ്കിലും ചുരുങ്ങിയ നാളുകൾക്ക് ഉള്ളിൽ തന്നെ തന്റെ ശൈലി അദ്ദേഹം ചെൽസിയിൽ സ്ഥാപിച്ചു. പന്തടക്കത്തിൽ ഊന്നിയുള്ള ആക്രമണ ശൈലിയിലൂടെ ചെൽസിയുടെ മുഖം മിനുക്കിയ സാരിക്ക് ഇനി നേരിടാനുള്ളത് സ്പർസിനെയാണ്. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും സിറ്റിയും ലിവർപൂളുമായുള്ള അകലം പരമാവധി കുറക്കാനാവും സാരിയുടെ ശ്രമം.
ഇന്നലെ ബേൺലിയെ തകർത്ത് മൗറീസിയോ സാരി സൃഷ്ടിച്ചത് ചെൽസി ചരിത്രത്തിലെ പുതുയ റെക്കോർഡ്. ആദ്യത്തെ പത്ത് പ്രീമിയർ ലീഗ് മത്സരസങ്ങളിൽ തോൽവി അറിയാത്ത ആദ്യ ചെൽസി പരിശീലകൻ എന്ന റെക്കോർഡാണ് സാരി ഇന്നലെ സൃഷ്ടിച്ചത്.
ലീഗിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ 7 ജയവും 3 സമനിലയുമാണ് ചെൽസി ഇതുവരെ നേടിയത്. 24 പോയിന്റുമായി ലിവർപൂളിന് താഴെ ലീഗിൽ രണ്ടാം സ്ഥാനത്താണ് അവർ. ജൂലൈ മാസം ചെൽസി പരിശീലകനായി നിയമിതനായ ഇറ്റലിക്കാരൻ സാരി ചെറിയ കാലയളവിൽ തന്നെ തന്റെ ഫുട്‌ബോൾ ശൈലി ചെൽസിയിൽ സ്ഥാപിച്ച് പ്രശംസ നേടി മുന്നേറുകയാണ്. ഈഡൻ ഹസാർഡിന്റെ മികവിൽ മാത്രം ആശ്രയിച്ചിരുന്ന ചെൽസിയെ ഇന്ന് ഒരു ടീം ആക്കി വളർത്തിയ സാരി മറ്റു കളിക്കാരുടെ പ്രകടനത്തിലും ഏറെ മികവ് വരുത്തി. സാരിയുടെ കീഴിൽ ഡേവിഡ് ലൂയിസ്, അന്റോണിയോ റൂഡിഗർ, റോസ് ബാർക്ലി എന്നിവരെല്ലാം കരിയറിലെ മികച്ച ഫോമിലാണ്.
ഹാട്രിക്കുമായി ചെൽസിക്ക് സീസണിലെ അഞ്ചാം ജയം സമ്മാനിച്ച സൂപ്പർ താരം ഈഡൻ ഹസാർഡിന് പ്രശംസയുമായി ചെൽസി പരിശീലകൻ മൗറീസിയോ സാറി. ഹസാർഡിനെ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് സാറി വിശേഷിപ്പിച്ചത്.
കാർഡിഫിനെതിരെ 4-1 ന് ജയിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് ചെൽസി പരിശീലകൻ തന്റെ ഏറ്റവും മികച്ച താരത്തിന് പ്രശംസയുമായി എത്തിയത്. ഹസാർഡ് യൂറോപ്പിലെ മികച്ച താരങ്ങളിൽ ഒരാളാണ് എന്ന തന്റെ മുൻ അഭിപ്രായം തിരുത്തിയ സാറി നിലവിൽ ഹസാർഡാണ് ഏറ്റവും മികച്ച കളിക്കാരൻ എന്ന് അഭിപ്രായപ്പെട്ടു.
സാറിയുടെ ആക്രമണ ശൈലിയിൽ മിന്നും ഫോമിലാണ് ബെൽജിയം ക്യാപ്റ്റനായ ഈഡൻ ഹസാർഡ്. 5 മത്സരങ്ങളിൽ നിന്ന് ഇതുവരെ 5 ഗോളുകളും 2 അസിസ്റ്റും താരം സ്വന്തം പേരിലാക്കി.
ബോറിങ് ഫുട്ബോൾ എന്ന പരിഹാസങ്ങൾ ഏറെ കേട്ട ചെൽസി ആരാധകർക്ക് സന്തോഷിക്കാം. ഇനി പ്രീമിയർ ലീഗ് കാണാൻ പോകുന്നത് മനോഹര ഫുട്ബോളിന്റെ ചെൽസി മുഖം. മൗറീസിയോ സാരിയെ ചെൽസി പരിശീലകനായി നിയമിച്ചതോടെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇനി ആക്രമണ ഫുട്ബോൾ കാണാമെന്ന ഉറപ്പ് കൂടിയാണ് ചെൽസി മാനേജ്മെന്റ് ആരാധകർക്ക് നൽകുന്നത്.
ഇറ്റാലിയൻ ലീഗ് കാണാത്തവർ പോലും നാപോളിയുടെ കളി കാണാൻ കാത്തിരുന്ന ഫുട്ബോൾ ശൈലി വികസിപ്പിച്ച സാരി ശത്രുക്കളുടെ പോലും പ്രശംസ പിടിച്ചു പറ്റി. നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സര ശേഷം സാക്ഷാൽ പെപ് ഗാർഡിയോള പറഞ്ഞത് സാരിയുടെ നാപോളിയാണ് തന്റെ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ടീം എന്നാണ്.
4-3-3 ശൈലിയിൽ പന്തടക്കത്തിൽ ഊന്നിയുള്ള ആക്രമണ ശൈലിയാണ് സാരിയുടെ ഫുട്ബോൾ ശൈലിയുടെ പ്രത്യേകത. ചെറു പാസ്സുകളിലൂടെ നടത്തുന്ന മുന്നേറ്റം അങ്ങേയറ്റം മനോഹരവും ഗോളുകളുടെ എണ്ണം കൊണ്ടും സമ്പന്നം. സാരി- ബോൾ എന്ന പേരിൽ ഈ ശൈലി ഏറെ പ്രശസ്തമായ ഒന്നായി മാറി. നാപോളിയിൽ കഴിഞ്ഞ സീസണിൽ കിരീടം യുവന്റസിന് അടിയറവ് വച്ചെങ്കിലും 90 ന് മുകളിൽ പോയിന്റ് നേടിയ നാപോളി ആരാധകരുടെ പ്രശംസ പിടിച്ചു പറ്റി. സീരി എ യുടെ ചരിത്രത്തിൽ 90 ന് മുകളിൽ പോയിന്റ് നേടിയിട്ടും കിരീടം നേടാത്ത ആദ്യ ടീമാണ് നാപോളി.
കളിക്കാരുടെ പ്രകടന മികവ് ഉയർത്തുന്നതിൽ സാരിയുടെ മികവ് എടുത്ത് പറയേണ്ട ഒന്നാണ്. സാധാരണ ഒരു വിങർ ആയിരുന്ന ഡ്രെയ്സ് മേർട്ടൻസ് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളടിക്കാരൻ ആയി വളർന്നത് സാരിയുടെ വിശ്വാസം കൊണ്ട് മാത്രമാണ്. ഹിഗ്വെയ്ൻ നാപോളി വിട്ടതിന് പകരമായി വന്ന മിലിക്കിന് പരിക്ക് വന്നതോടെയാണ് സാരി മേർട്ടൻസിനെ സ്ട്രൈക്കർ റോളിലേക്ക് വിജയകരമായി മാറ്റിയത്.
ചെൽസി കാത്തിരുന്ന പരിശീലകൻ എത്തി. ഇനി ഹസാർഡും വില്ലിയനും ക്ലബ്ബ് വിടാതെ നോക്കുക എന്നതും അവർക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. സാരിയുടെ കീഴിൽ ഹസാർഡ് മാജിക് പുതിയ ഉയരങ്ങൾ കീഴടക്കുന്ന കാഴ്ച ചെൽസി ആരാധകർക്ക് പുറമെ ഫുട്‌ബോൾ ആരാധകർ കൂടെ കാത്തിരിക്കുന്ന ഒന്നാണ്. ഒപ്പം ജോർജിഞോ എന്ന സാരിയുടെ നാപോളിയുടെ എൻജിൻ റൂമും സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുന്നുണ്ട്. കാത്തിരിക്കാം സാരി-ബോൾ ഉയരുന്ന ആഗസ്റ്റ് മാസത്തിനായി.
ചെൽസി ആരാധകരുടെ ക്ഷമ പരീക്ഷിച്ച ട്രാൻസ്ഫർ മാമാങ്കത്തിന് അവസാനം. ഒടുവിൽ മൗറീസിയോ സാരി ചെൽസി പരിശീലകൻ. ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ നീണ്ട കാലം നിന്ന ആനിശ്ചിതത്വങ്ങൾക്കാണ് അവസാനമായത്. അന്റോണിയോ കോണ്ടേയെ പുറത്താക്കിയാണ് ചെൽസി മുൻ നാപോളി പരിശീലകനെ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ ചുമതല ഏൽപ്പിക്കുന്നത്. ചെൽസി ഇതിഹാസം ജിയഫ്രാങ്കോ സോള അദ്ദേഹത്തിന്റെ സഹ പരിശീലകനായും കരാർ ഒപ്പിട്ടിട്ടുണ്ട്.
നാപോളി പരിശീലകനായി കാർലോ ആഞ്ചലോട്ടിയെ നിയമിച്ചതോടെ ചെൽസിക്ക് തടസ്സങ്ങൾ ഇല്ലാതെ സാരിയെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും തങ്ങൾക്ക് കീഴിൽ കരാറിലുള്ള സാരിയെ വിട്ട് നൽകാൻ നാപോളി വിസമ്മതിച്ചതോടെ ചെൽസിക്ക് ദീർഘനാൾ പ്രശ്ന പരിഹാരത്തിന് എടുത്തു. ഒടുവിൽ മധ്യനിര താരം ജോർജിഞ്ഞോയെയും സാരിക്കൊപ്പം 65 മില്യൺ പൗണ്ടോളം വരുന്ന തുകയിൽ ചെൽസിക്ക് നൽകാൻ അവർ തീയുമാനിക്കുകയായിരുന്നു.
ആക്രമണ ഫുട്ബോളിന് പേര് കേട്ട സാരി എത്തുന്നതോടെ ചെൽസിയിൽ അത് പുതുയുഗ പിറവിയാകും. പ്രതിരോധത്തിൽ ഊന്നിയുള്ള കളി ശൈലിക്ക് ഏറെ വിമർശങ്ങൾ കേട്ട ചെൽസിയിൽ സാരി തന്റെ ആക്രമണ ഫുട്ബോൾ ഫിലോസഫി തന്നെയാവും അവതരിപ്പിക്കുക. നാപോളിയുടെ ശൈലി യൂറോപ്പിൽ ഏറെ പ്രശസ്തമായിരുന്നു. കരിയറിൽ കാര്യമായ കിരീട നേട്ടങ്ങൾ ഇല്ല എന്നത് പോരായ്മ ആണെങ്കിലും ചെൽസി പോലൊരു ക്ലബ്ബിനോപ്പം അത് സാധ്യമാകും എന്ന് തന്നെയാവും അദ്ദേഹത്തിന്റെ പ്രതീക്ഷ.
നാപോളിക്ക് പുറമെ എംപോളിയെയും സാരി പരിശീലിപിച്ചിട്ടുണ്ട്. പരിശീലകന്റെ കാര്യത്തിൽ തീരുമാനം ആയതോടെ വരും നാളുകളിൽ ചെൽസിയിലേക്ക് കൂടുതൽ കളിക്കാർ എത്തും എന്നാണ് കരുതപ്പെടുന്നത്.