MLC 2025: ടെക്സാസ് സൂപ്പർ കിംഗ്‌സ് ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സിനെ 57 റൺസിന് തകർത്തു


മേജർ ലീഗ് ക്രിക്കറ്റ് 2025 ലെ അഞ്ചാം മത്സരത്തിൽ ടെക്സാസ് സൂപ്പർ കിംഗ്‌സ് (TSK) ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സിനെ (LAKR) 57 റൺസിന് തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി.


ആദ്യം ബാറ്റ് ചെയ്ത ടെക്സാസ് സൂപ്പർ കിംഗ്‌സ് വ്യക്തിഗത മികവിനേക്കാൾ കൂട്ടായ പ്രകടനത്തിലൂടെ 181/4 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. ഡെവോൺ കോൺവേ (22 പന്തിൽ 34), ഡോനോവൻ ഫെറേര (16 പന്തിൽ 32), ഡാരിൽ മിച്ചൽ (33 പന്തിൽ 36), സായ് തേജ മുകമ്മാല (22 പന്തിൽ 31), ശുഭം രഞ്ജനെ (19 പന്തിൽ 24) എന്നിവരെല്ലാം ടീമിന് മികച്ച സ്കോർ നേടിക്കൊടുക്കുന്നതിൽ സംഭാവന നൽകി.

കോൺവേയും മുകമ്മാലയും ചേർന്ന് നേടിയ 57 റൺസിന്റെ കൂട്ടുകെട്ട് ടീമിന് മികച്ച തുടക്കം നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ് തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. 17.1 ഓവറിൽ 124 റൺസിന് ഓൾഔട്ടായി. മാത്യു ട്രോംപ് (12 പന്തിൽ 23), റൂബൻ വാൻ ഷാൽക്വിക്ക് (27) എന്നിവർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. സ്റ്റാർ പേസർ ആദം മിൽനെ 8 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി വീണ്ടും തിളങ്ങിയപ്പോൾ, നൂർ അഹമ്മദ് മധ്യനിരയെ തകർത്തെറിഞ്ഞു. ആന്ദ്രെ റസൽ, സുനിൽ നരൈൻ എന്നിവരുടെ പ്രധാന വിക്കറ്റുകൾ ഉൾപ്പെടെ 25 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് നൂർ നേടിയത്.


ഈ മികച്ച പ്രകടനത്തോടെ ടെക്സാസ് സൂപ്പർ കിംഗ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ് ഇപ്പോഴും തങ്ങളുടെ ആദ്യ വിജയം തേടുകയാണ്.

പാറ്റ് കമ്മിൻസ് മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കും

ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് എംഎൽസിയുടെ രണ്ടാം സീസണിൽ കളിക്കും. സാൻ ഫ്രാൻസിസ്കോ യൂണികോൺസിനായാകും 31-കാരൻ കളിക്കുക. യൂണികോൺസിന്റെ ക്യാപ്റ്റൻസിയും കമ്മിൻസ് ഏറ്റെടുക്കാൻ ആണ് സാധ്യത. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലിലേക്ക് നയിക്കാൻ കമ്മിൻസിന് ആയിരുന്നു.

ലോകകപ്പ് അവസാനിച്ച് 5 ദിവസത്തിന് അകം ൽ എംഎൽസി ടൂർണമെന്റ് ആരംഭിക്കും. എംഎൽസിയുടെ രണ്ടാം സീസൺ ജൂലൈ 5 ന് ആണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ എംഐ ന്യൂയോർക്കും സിയാറ്റിൽ ഓർക്കാസും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.

മില്ലറിനെ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി

മേജർ ലീഗ് ക്രിക്കറ്റ് 2024 സീസണിന് മുന്നോടിയായി ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് താരം ഡേവിഡ് മില്ലറെ സ്വന്തമാക്കി. ആദ്യ സീസണിൽ ടെക്‌സാസ് സൂപ്പർ കിംഗ്‌സിനായായിരുന്നു മില്ലർ കളിച്ചിരുന്നത്. ടി20യിൽ 138.37 എന്ന സ്‌ട്രൈക്ക് റേറ്റിൽ 10,000-ത്തിലധികം റൺസ് നേടിയിട്ടുള്ള താരമാണ് മില്ലർ.

സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ജേസൺ റോയ്, ആദം സാംപ, സ്പെൻസർ ജോൺസൺ എന്നിവരടങ്ങുന്ന വലിയ ടീമായ ലോസ് ഏഞ്ചൽ നൈറ്റ് റൈഡേഴ്സിന് മില്ലറിന്റെ വരവ് കൂടുതൽ ശക്തി പകരും. നരെയ്ൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഉദ്ഘാടന എംഎൽസി സീസണിൽ ഈ ടീമിന് അത്ര നല്ല പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നില്ല.

മേജർ ലീഗ് ക്രിക്കറ്റിന് ICC-യുടെ ഔദ്യോഗിക ലിസ്റ്റ്-എ പദവി!!

ICC അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഔദ്യോഗിക ലിസ്റ്റ്-എ പദവി നൽകി. അടുത്ത സീസൺ മുതൽ ആകും MLC-ക്ക് ഈ പദവി ലഭിക്കുക. ലീഗിന്റെ രണ്ടാം സീസണിൽ തന്നെ എ ലിസ്റ്റ് ചെയ്യപ്പെട്ടത് അമേരിക്കയിലെ ക്രിക്കറ്റിന് ഊർജ്ജമാകും. ഐസിസിയുടെ നീക്കം എംഎൽസിയെ ഔദ്യോഗിക ടി20 ലീഗായും അമേരിക്കയിലെ ആദ്യത്തെ ലോകോത്തര ആഭ്യന്തര ടൂർണമെൻ്റായും മാറ്റും.

ഇനി ഈ ലീഗിൽ നേടുന്ന ഓരോ സെഞ്ചുറിയും, അർധസെഞ്ചുറിയും, റണ്ണൗട്ട്, ജയം, തോൽവി, ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം താരങ്ങളുടെ കരിയർ സ്റ്റാറ്റിസ്റ്റിക്സ് ആയി രേഖപ്പെടുത്താൻ ആകും. റെക്കോർഡുകളും ഐ സി സി യുടെ റെക്കോർഡുകളിൽ ഉൾപ്പെടും.

എംഎൽസിയിൽ കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള നിരവധി കളിക്കാർ പങ്കെടുത്തിരുന്നു. അടുത്ത സീസണിൽ ടൂർണമെന്റിൽ മത്സരങ്ങൾ ഇരട്ടിയാക്കും. ഇപ്പോൾ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സ്, എംഐ ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ യൂണികോൺസ്, സിയാറ്റിൽ ഓർക്കാസ്, ടെക്സസ് സൂപ്പർ കിംഗ്സ്, വാഷിംഗ്ടൺ ഫ്രീഡം എന്നീ ആറ് ടീമുകൾ ആണ് ലീഗിൽ ഉള്ളത്.

ന്യൂസിലാണ്ടിനോട് വിട പറഞ്ഞ് കോറെ ആന്‍ഡേഴ്സണ്‍, മേജര്‍ ലീഗ് ക്രിക്കറ്റില്‍ കരാര്‍

ന്യൂസിലാണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ച് കോറെ ആന്‍ഡേഴ്സണ്‍. വരാനിരിക്കുന്ന യുഎസ്എയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ താരം ഒപ്പുവെച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ന്യൂസിലാണ്ടിനെ പ്രതിനിധീകരിക്കുവാനുള്ള അവസരം വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്നും എന്നാല്‍ ഇപ്പോള്‍ പുതിയ അവസരങ്ങള്‍ തേടി പോകുവാനുള്ള സമയമായി എന്ന് താന്‍ കരുതുന്നുവെന്നും താരം വ്യക്തമാക്കി.

ന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റുകളിലായി താരം 93 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ വേഗതയേറിയ ശതകത്തിന്റെ റെക്കോര്‍ഡ് താരത്തിന്റെ പേരിലാണ്. നവംബറിലാണ് താരം അവസാനമായി ന്യൂസിലാണ്ടിന് വേണ്ടി കളിച്ചിട്ടുള്ളത്.

നൈറ്റ് റൈഡേഴ്സ് മേജര്‍ ലീഗ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്നു, ലോസ് ആഞ്ചലസ് ഫ്രാഞ്ചൈസി വാങ്ങിയെന്ന് സൂചന

മേജര്‍ ലീഗ് ക്രിക്കറ്റിലേക്കും നൈറ്റ് റൈഡേഴ്സ് എത്തുന്നുവെന്ന് അറിയിച്ച് അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ്(എസിഇ). ലീഗിന്റെ പ്രധാന ഇന്‍വെസ്റ്റര്‍ കൂടിയായിരിക്കും ഇവര്‍ എന്നും എസിഇ അറിയിച്ചിട്ടുണ്ട്. പുതിയ നിക്ഷേപകരുടെ നീണ്ട നിര തന്നെ മേജര്‍ ലീഗ് ക്രിക്കറ്റിലേക്ക് എത്തുമെന്നാണ് അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ് വ്യക്തമാക്കിയിട്ടുള്ളത്.

ഐപിഎലിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും വിജയം കണ്ടിട്ടുള്ള സംരഭകരാണ് നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി. വലിയൊരു ഫ്രാഞ്ചൈസി ലീഗിന്റെ ഒരുക്കത്തിലാണ് എസിഇ. അമേരിക്കയില്‍ ക്രിക്കറ്റിനെ മുന്‍ നിരയിലേക്ക് എത്തിക്കുവാനുള്ള എസിഇയുടെ ശ്രമങ്ങളില്‍ വലിയ പിന്തുണയാകും ഈ നീക്കം സൃഷ്ടിക്കുക എന്നും എസിഇ കോ ഫൗണ്ടര്‍ ആയ വിജയ് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.

 

Exit mobile version