മൂന്ന് സെറ്റ് ജയം, കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സിനെ ഞെട്ടിച്ച് ഗോവ ഗാര്‍ഡിയന്‍സ്

ഹൈദരാബാദ്: ആര്‍ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപിയ നാലാം സീസണില്‍ ചൊവ്വാഴ്ച്ച നടന്ന രണ്ടാം മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ പരാജയപ്പെടുത്തി ഗോവ ഗാര്‍ഡിയന്‍സ്. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-11, 15-8, 15-6 എന്ന സ്‌കോറിനാണ് ഗോവയുടെ ജയം. രോഹിത് യാദവ് ആണ് കളിയിലെ താരം. വിജയവഴിയില്‍ തിരിച്ചെത്തിയ ഗോവ ഗാര്‍ഡിയന്‍സ്, 11 പോയിന്റുമായിപോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ആദ്യ സെറ്റില്‍ തന്നെ ഗോവ ഗാര്‍ഡിയന്‍സ് തങ്ങളുടെ നയം വ്യക്തമാക്കി. പ്രിന്‍സും ദുഷ്യന്തും മധ്യഭാഗത്ത് നിന്ന് ആക്രമണം തുടങ്ങി, ഇതിന് മറുപടിയായി ഗോവയുടെ ഷോട്ടുകള്‍ തടയാന്‍ തണ്ടര്‍ബോള്‍ട്ട്‌സ് ഇറാന്‍ താരം മാറ്റിന്‍ തവല്‍ക്കറെ വിന്യസിച്ചു. ജെറി ഡാനിയേലിന്റെ സൂപ്പര്‍ സെര്‍വ് ഗോവയ്ക്ക് മുന്‍തൂക്കം നല്‍കി. എന്നാല്‍ പങ്കജ് ശര്‍മയുടെ മിസൈല്‍ സെര്‍വിലൂടെ കൊല്‍ക്കത്ത സ്‌കോര്‍ വീണ്ടും സമനിലയിലാക്കി. ചിരാഗ് ശര്‍മയുടെ സെര്‍വീസുകള്‍ക്ക് തണ്ടര്‍ബോള്‍ട്ട്‌സിന് മറുപടിയുണ്ടായില്ല, ഗോവ വീണ്ടും മുന്നിലെത്തി. ഗാര്‍ഡിയന്‍സ് ആക്രമണോത്സുകമായ പ്രകടനം തുടര്‍ന്നു, രോഹിത് യാദവ് തകര്‍പ്പന്‍ സെര്‍വുകളാല്‍ കൊല്‍ക്കത്തയുടെ പ്രതിരോധത്തെ പരീക്ഷിച്ചു. പ്രിന്‍സിന്റെ കോര്‍ട്ടിലെ സാനിധ്യം ഗോവയുടെ ബ്ലോക്കിങ് മെച്ചപ്പെടുത്തുകയും ചെയ്തു.

ജെറി, ചിരാഗ്, നഥാനിയേല്‍ ഡിക്കിന്‍സണ്‍ എന്നിവര്‍ക്കിടയില്‍, സ്‌പൈക്കുകള്‍ക്കായി പന്ത് ഒരുക്കാന്‍ സെറ്റര്‍ രോഹിത്തിന് ഒന്നിലധികം ഓപ്ഷനുകള്‍ ലഭിച്ചു. തിരിച്ചടിക്കായി രാഹുല്‍ കെ, സൂര്യന്‍ഷ് തോമര്‍ എന്നിവരെ കൊല്‍ക്കത്ത കളത്തിലിറക്കി. എന്നാല്‍ ചിരാഗിന്റെ അതിഗംഭീരമായ സൂപ്പര്‍ സ്‌പൈക്ക് ഗോവയ്ക്ക് ഒരു സൂപ്പര്‍ പോയിന്റ് നേടിക്കൊടുത്തു, രണ്ടാം സെറ്റും ഗാര്‍ഡിയന്‍സ് നേടി. കൊല്‍ക്കത്തയുടെ പ്രതിരോധം ശക്തമായിരുന്നിട്ടും, ഗോവയുടെ നിര്‍ത്താതെയുള്ള ആക്രമണങ്ങളെ തടയാനായില്ല. ദുഷ്യന്തിന്റെ സാനിധ്യം ഗോവന്‍ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് നല്‍കി. ഡിക്കിന്‍സന്റെ സൂപ്പര്‍ സെര്‍വ് ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം വീണ്ടും വര്‍ധിപ്പിച്ചു. ജെറിയുടെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ ഗോവ 3-0ന്റെ വിജയവും സ്വന്തമാക്കി.

നാളെ (ബുധന്‍) ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും കാലിക്കറ്റ് ഹീറോസും തമ്മില്‍ കളിക്കും.

അഞ്ച് സെറ്റ് പോരില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി മുംബൈ മിറ്റിയോഴ്‌സ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് നാലാം തോല്‍വി. പൊരുതിക്കളിച്ചിട്ടും മുംബൈ മിറ്റിയോഴ്‌സിനോട് അഞ്ച് സെറ്റ് കളിയില്‍ തോറ്റു. സ്‌കോര്‍: 7-15, 15-7, 15-13, 15-8, 15-11. തുടര്‍ച്ചയായ നാലാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 11 പോയിന്റായി. എ കാര്‍ത്തികാണ് കളിയിലെ താരം. അഞ്ച് കളി പൂര്‍ത്തിയാക്കിയ കൊച്ചി ഒമ്പതാമതാണ്. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് കൊച്ചിക്ക് അവശേഷിക്കുന്നത്. 19ന് കാലിക്കറ്റ് ഹീറോസുമായാണ് അടുത്ത മത്സരം.

ആദ്യ സെറ്റില്‍ തകര്‍ന്നുപോയ കൊച്ചി അടുത്ത രണ്ട് സെറ്റുകളില്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. പക്ഷേ, മിന്നുന്ന ഫോമിലുള്ള മുംബൈ നിര്‍ണായക ഘട്ടത്തില്‍ കളിപിടിക്കുകായിരുന്നു. മുംബൈ സെറ്റര്‍ ഓം ലാഡ് വസന്തിന്റെ കരുത്തുറ്റ പാസുകളിലൂടെയായിരുന്നു മുംബൈയുടെ തുടക്കം. കൊച്ചിക്ക് മറുപടിയുണ്ടായില്ല. എറിന്‍ വര്‍ഗീസിലായിരുന്നു പ്രതീക്ഷ. പക്ഷേ, എറിന്റെ സ്‌പൈക്കുകളെ പീറ്റര്‍ അല്‍സ്റ്റാദ് ഒസ്റ്റവിക് ബ്ലോക്ക് ചെയ്തതോടെ മുംബൈ ലീഡില്‍ കയറി. ഒന്നാന്തരം പ്രതിരോധവുമായിരുന്നു മുംബൈക്ക്. ഹേമന്ദിനെയും കെ അമലിനെയും ആക്രമണനിരയിലെത്തിച്ച് കൊച്ചി ഒരു കൈ നോക്കി. അതിന് ഫലവുംകിട്ടി. അമരീന്ദര്‍പാല്‍ സിങിന്റെ ഒന്നാന്തരം ബ്ലോക്കുകളും തുണയായി. ഒടുവില്‍ ഹേമന്ദിന്റെ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി ഒപ്പമെത്തുകയും ചെയ്തു. രണ്ടാം സെറ്റ് കിട്ടിയതോടെ കൊച്ചി ആത്മവിശ്വാസത്തിലായി. സെറ്റര്‍ മൗഹ്‌സിനായിരുന്നു കുന്തമുന. മികച്ച രീതിയില്‍ പാസിങ് നടത്തി. അറ്റാക്കില്‍ അഭിഷേകിന്റെ മികവും കൂടിയായപ്പോള്‍ കൊച്ചി ലീഡുയര്‍ത്തി.

മുംബൈ തന്ത്രം മാറ്റി. മുതിര്‍ന്ന ബ്ലോക്കര്‍ എ കാര്‍ത്തികിനെയും സെറ്റര്‍ വിപുല്‍ കുമാറിനെയും കളത്തിലിറക്കി. കളിയില്‍ മുംബൈ മേധാധിത്തം നേടുകയായിരുന്നു പിന്നീട്. അമിത് ഗുലിയയുടെ ഒന്നാന്തരം റിസപ്ഷനുകള്‍ കളിയിലെ അഞ്ചാം സെറ്റിലേക്ക് നയിക്കുകയും ചെയ്തു. അഞ്ചാം സെറ്റില്‍ കൊച്ചി എളുപ്പത്തില്‍ വിട്ടുകൊടുത്തില്ല. അമലിന്റെ സെര്‍വുകള്‍ മുംബൈയെ പരീക്ഷിച്ചു. പക്ഷേ, ശുഭം ചൗധരിയുടെ നിര്‍ണായക ബ്ലോക്കുകള്‍ മുംബൈക്ക് തുണയായി. ഒടുവില്‍ മതിയാസ് ലോഫ്‌റ്റെന്‍സിന്റെ ആക്രമണ വൈഭവം മുംബൈക്ക് സെറ്റും മത്സരവും സമ്മാനിച്ചു.

നാളെ (ബുധന്‍) ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും കാലിക്കറ്റ് ഹീറോസും തമ്മില്‍ കളിക്കും. ആദ്യ നാല് കളിയും തോറ്റ കാലിക്കറ്റ് ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.

ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ മിന്നുന്ന തിരിച്ചുവരവിൽ കീഴടക്കി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സിനെതിരെ തകർപ്പൻ ജയവുമായി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌. രണ്ട്‌ സെറ്റിന്‌ പിന്നിട്ടുനിന്ന ശേഷം ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: 9–15, 7–15, 15–9, 15–11, 15–8. ബട്ടുർ ബാറ്റ്‌സുറിയാണ്‌ കളിയിലെ താരം. കളിയുടെ ആദ്യപകുതി മുഴുവനും ഹൈദരാബാദാണ്‌ കളിച്ചത്‌. എന്നാൽ പാതിഘട്ടം കഴിഞ്ഞപ്പോൾ അവർക്ക്‌ താളം നഷ്ടമായി. അഹമ്മദാബാദ്‌ വമ്പൻ പോരാട്ടത്തിലൂടെ ജയം സ്വന്തമാക്കുകയും ചെയ്‌തു.

ഹൈദരാബാദ്‌ നിരയിൽ ഗുരു പ്രശാന്ത്‌ തിരിച്ചെത്തിയതോടെ അവരുടെ ആക്രമണം കടുത്തു. അതേസമയം അഹമ്മദബാദിന്റെ വിക്ടർ യുഡി യമാമോട്ടോയും നിയാസ്‌ അബ്‌ദുൾ സലാമും ഹൈദരാബാദ്‌ പ്രതിരോധത്തെ പരീക്ഷിച്ചു. ആതിഥേയർക്ക്‌ ജോൺ ജോസഫും ശിഖർ സിങ്ങും തകർപ്പൻ കളി പുറത്തെടുത്തു. പ്രീത്‌ കിരൺ മികച്ച പാസിങ്ങുമായി കളംനിറഞ്ഞു. സഹിൽ കുമാറിന്റെ സൂപ്പർ സെർവ്‌ അഹമ്മദബാദിനെ തകർക്കുകയും ചെയ്‌തതോടെ ഹൈദരാബാദ്‌ കളിയിൽ നിയന്ത്രണം നേടി.

കളിയിൽ പിടി നഷ്ടമാകുന്ന ഘട്ടത്തിലാണ്‌ അഹമ്മദബാദ്‌ ക്യാപ്‌റ്റനും സെറ്ററുമായ മുത്തുസാമി അപ്പാവു കളംനിറയുന്നത്‌. ഇടംകൈയൻ യൂണിവേഴ്‌സൽ ഹാർഷ്‌ ച‍ൗധരിയെ കൊണ്ടുവന്നതോടെ അഹമ്മദബാദ്‌ കളി പിടിക്കാൻ തുടങ്ങി. മനോഹരമായ സൂപ്പർ സെർവിലൂടെയായിരുന്നു ഹാർഷ്‌ ടീമിനെ തിരിച്ചുകൊണ്ടുവന്നത്‌.
തക്കസമയത്ത്‌ ബാറ്റ്‌സുറി താളം കണ്ടെുത്തുകയും ചെയ്‌തതോടെ കളി മുറുകി. അഖിനും അഭിനവും തകർപ്പൻ ബ്ലോക്കിങ്ങിലൂടെ കളിഗതി അഹമ്മദാബാദിലേക്ക്‌ മാറ്റാൻ തുടങ്ങി. ഹാർഷിന്റെ രണ്ടാം സൂപ്പർ സെർവ്‌ കളിയെ അഞ്ചാം സെറ്റിലേക്ക്‌ നീട്ടി. ഹാർഷിന്റെ മാജിക്ക്‌ അഞ്ചാം സെറ്റിലും തുടർന്നു. മറ്റൊരു മിന്നുന്ന സൂപ്പർ സെർവ്‌ ആതിഥേയരെ നിശബ്‌ദരാക്കി. ബാറ്റ്‌സുറിയുടെ സൂപ്പർ സെർവും ഹൈദരാബാദിനെ വിറപ്പിച്ചു. അഹമ്മദാബാദ്‌ ആവേശകരമായ ജയം സ്വന്തമാക്കുകയും ചെയ്‌തു.

പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിനെതിരെ ആധികാരിക ജയവുമായി ഡല്‍ഹി തൂഫാന്‍സ്

കാലിക്കറ്റ് ഹീറോസിനെതിരെ
ആധികാരിക ജയവുമായി ഡല്‍ഹി തൂഫാന്‍സ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഡല്‍ഹി തൂഫാന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു (1511, 159, 1511). ഹെസ്യൂസ് ചൗറിയോ ആണ് കളിയിലെ താരം. ആദ്യ മൂന്ന് കളിയും തോറ്റ കാലിക്കറ്റിന് സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജീവന്‍മരണപ്പോരാട്ടമായിരുന്നു. ജയത്തോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി. ജയത്തിനായി കൊതിച്ചിറങ്ങിയ കാലിക്കറ്റ് തുടക്കത്തില്‍ സന്തോഷിന്റെ സ്മാഷുകളിലൂടെ ലീഡ് നേടിയതാണ്. വികാസ് മാന്റെ ബ്ലോക്കുകളും പ്രതീക്ഷ നല്‍കി. പക്ഷേ, ക്യാപ്റ്റന്‍ സഖ്‌ലെയ്ന്‍ താരിഖിന്റെ തന്ത്രപരമായ നീക്കങ്ങളില്‍ ഡല്‍ഹി കളം പിടിച്ചു. മുഹമ്മദ് ജാസിം നയിച്ച ട്രിപ്പിള്‍ ബ്ലോക്ക് ഡല്‍ഹിക്ക് സൂപ്പര്‍ പോയിന്റ് നല്‍കുകയും ചെയ്തു. ഇതോടെ കാലിക്കറ്റിന്റെ താളവും തെറ്റി.

പിന്നാലെ ചൗറോയിയുടെ കരുത്തില്‍ ആഞ്ഞടിക്കുന്ന ഡല്‍ഹിയെയാണ് കണ്ടത്. കാലിക്കറ്റ് പ്രതിരോധം അതില്‍ ചിതറിപ്പോയി. പിറന്നാള്‍ദിനം ആഘോഷമാക്കി ജോര്‍ജ് ആന്റണി തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ സെര്‍വുകള്‍ തൊടുത്തപ്പോള്‍ കളി ഡല്‍ഹിയുടെ കളത്തിലായി. കാലിക്കറ്റ് ലിബെറോ ആദര്‍ശും ഡല്‍ഹി ലിബെറോ ആനന്ദും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാലിക്കറ്റ് കളിപിടിക്കാന്‍ ആവുംവിധം ശ്രമിച്ചു. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ അതിനുള്ള ഒരുക്കം കണ്ടതാണ്. പക്ഷേ, അധികം ആയുസുണ്ടായില്ല. ഷമീമുദീന്റെ ചില ബ്ലോക്കുകള്‍ ഡല്‍ഹി അറ്റക്കാര്‍ക്കര്‍മാര്‍ക്ക് നേരിയ സമ്മര്‍മുണ്ടാക്കിയതൊഴിച്ചാല്‍ കാലിക്കറ്റിന്റെ നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു. ഡല്‍ഹി ക്യാപ്റ്റന്‍ സഖ്‌ലയ്ന്‍ മധ്യഭാഗത്ത് കാര്‍ലോസ് ബെരിയോസ് അവസരങ്ങളൊരുക്കി. പിന്നാലെ റഹീമിന്റെ ശ്രമത്തിന് കരുത്തുറ്റ പ്രതിരോധം തീര്‍ത്ത് ആയുഷ് മിന്നിയതോടെ സൂപ്പര്‍ പോയിന്റ് പിടിച്ച് ഡല്‍ഹി ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും.

പ്രൈം വോളിബോൾ ലീഗ്: തകർപ്പൻ ജയത്തിലൂടെ ചെന്നൈ ബ്ലിറ്റ്‌സിനെ ഞെട്ടിച്ച്‌ കൊൽക്കത്ത തണ്ടർബോൾട്‌സ്‌

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ആധികാരിക പ്രകടനത്തോടെ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി കൊൽക്കത്ത തണ്ടർബോൾട്‌സ്‌. സ്‌കോർ: 15–11, 15–12, 15–13. ജിതിൻ എൻ ആണ്‌ കളിയിലെ താരം.

പങ്കജ്‌ ശർമയിലൂടെ കൊൽക്കത്ത മികച്ച തുടക്കം കുറിച്ചു. ചെന്നൈയ്‌ക്കായി ജെറോം വിനീത്‌ മാന്ത്രിക പ്രകടനം തുടർന്നതോടെ കളി മുറുകി. മാർടിൻ ടക്കാവറിലൂടെ മിഡിൽ സോൺ ലക്ഷ്യമാക്കി ആക്രമണം നടത്തി. പരിചയസന്പത്തുള്ള കളിക്കാരുടെ കുറവ്‌ ചെന്നൈയെ ബാധിക്കുകയായിരുന്നു.
അതിനിടെ ലിബെറോ ശ്രീകാന്തിന്റെ കളത്തിലെ മെയ്‌വഴക്കം ചെന്നൈ കാണികളെ ആവേശത്തിലാഴ്‌ത്തി. കളി ഒപ്പത്തിനൊപ്പമാക്കാൻ ശ്രീകാന്തിന്‌ കഴിഞ്ഞു. പക്ഷേ, അശ്വൽ റായിയുടെ നിർണായക സമയത്തുള്ള സൂപ്പർ പോയിന്റ്‌ കൊൽക്കത്തയെ മുന്നിലെത്തിച്ചു. ലൂയിസ്‌ ഫിലിപ്പെ പെറോറ്റോയെ കിടിലൻ ബ്ലോക്കിലൂടെ തടയുകയായിരുന്നു.

പതിവിന്‌ വിപരീതമായി ചെന്നൈ പ്രതിരോധത്തിന്‌ ശോഭിക്കാനായില്ല. കൊൽക്കത്ത അനായാസം വിടവുകൾ കണ്ടെത്തി പോയിന്റ്‌ നേടാൻ കഴിഞ്ഞു. ജെറോമിന്റെ ഒറ്റയാൾ പോരാട്ടമാണ്‌ അവർക്ക്‌ അൽപ്പമെങ്കിലും ഉ‍ൗർജം പകർന്നത്‌. കൊൽക്കത്ത പ്രതിരോധം ശക്തമായിരുന്നു. ചെന്നൈക്ക്‌ കാര്യങ്ങൾ ഒട്ടും അനുകൂലമായില്ല.

മറുവശത്ത്‌ എല്ലാ മേഖലയിലും കൊൽക്കത്ത തിളങ്ങി. സെറ്ററായി ജിതിനും ബ്ലോക്കറായി മുഹമ്മദ്‌ ഇക്‌ബാലും മിന്നി. അശ്വലിന്റെ ഓൾ റ‍ൗണ്ട്‌ പ്രകടനം കൂടിയായപ്പോൾ കളി പൂർണമായും കൊൽക്കത്തയുടെ കൈയിലായി. അവസാന നിമിഷമെത്തിയ സൂര്യാൻഷ്‌ തോമർ നടത്തിയ വെടിക്കെട്ടോടെ സീസണിലെ രണ്ടാം ജയം കൊൽക്കത്ത സ്വന്തം പേരിലാക്കി.

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പിഡോസ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മൂന്നാം തോല്‍വി. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പിഡോസിനോട് തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി പിണഞ്ഞത്. സ്‌കോര്‍: 15-13, 15-17, 9-15, 12-15. ബെംഗളൂരു വിജയക്കുതിപ്പ് തുടര്‍ന്നു. മാറ്റ് വെസ്റ്റാണ് കളിയിലെ താരം. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത്. തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. സി.കെ അഭിഷേകിന്റെ മിന്നുന്ന ആക്രമണ നീക്കങ്ങളാണ് കൊച്ചിക്ക് ഗുണമായത്. എന്നാല്‍ ബെംഗളൂരു വിട്ടുകൊടുത്തില്ല. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെ അവര്‍ തിരിച്ചെത്തി. ക്യാപ്റ്റനും സെറ്ററുമായ മാത്യു വെസ്റ്റ് സഹതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ അവസരമൊരുക്കിയതോടെ കളി ബെംഗളൂരുവിന് അനുകൂലമായി. നിതിന്‍ മന്‍ഹാസാണ് ബംഗളൂരു ബ്ലോക്കര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത് നിതിനായിരുന്നു. ഇതിനിടെ തന്ത്രപരമായ റിവ്യൂവിലൂടെ കൊച്ചി കളി കൈവിടാതെ സൂക്ഷിച്ചു.

എറിന്‍ വര്‍ഗീസായിരുന്നു കൊച്ചിയുടെ ആയുധം. പക്ഷേ, ജോയെല്‍ ബെഞ്ചമിനും യാലെന്‍ പെന്റോസും ബെംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സമ്മര്‍ദത്തിലായി. ഇതിനിടെ സെറ്റര്‍ ബയ്‌റണ്‍ കെറ്റുറാകിസ് പരിക്കേറ്റ് മടങ്ങിയത് കൊച്ചിയുടെ താളം തെറ്റിച്ചു. പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. കൊച്ചിയുടെ തളര്‍ച്ച മുതലാക്കി ടോര്‍പ്പിഡോസ് ആഞ്ഞടിച്ചു. പെന്റോസായിരുന്നു ആക്രമണകാരി. മറുവശത്ത് കൊച്ചി പിഴവുകള്‍ നിരന്തം വരുത്താനും തുടങ്ങി. ബെംഗളൂരു ആക്രമണനിരയില്‍ സേതു കൂടി ചേര്‍ന്നതോടെ കളി ഏകപക്ഷീയമായി മാറുകയായിരുന്നു. അരവിന്ദിനെ കളത്തിലെത്തിച്ച് കൊച്ചി തിരിച്ചടിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമങ്ങള്‍ക്കൊന്നും വലിയ ആയുസുണ്ടായില്ല. ബെംഗളൂരു കൊച്ചി പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ജോയെല്‍ ബെഞ്ചമിന്റെ കരുത്തുറ്റ സ്‌പൈക്കില്‍ ബെംഗളൂരു സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയവും സ്വന്തമാക്കി. നാളെ (ഞായര്‍) രണ്ട് മത്സരങ്ങളാണ്. ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും, വൈകിട്ട് 6.30നാണ് കളി. കഴിഞ്ഞ മൂന്ന് മത്സരത്തിലും കാലിക്കറ്റിന് തോല്‍വിയായിരുന്നു. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും ഏറ്റുമുട്ടും.

പ്രൈം വോളിബോള്‍ ലീഗ്: ഹൈദരാബാദിനെനേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഡല്‍ഹി തൂഫാന്‍സ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപിയ നാലാം സീസണില്‍ വെള്ളിയാഴ്ച്ച നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സിന് വിജയം. ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു. സ്‌കോര്‍: 15-10, 16-14, 17-15. കാര്‍ലോസ് ബെറിയോസ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ നാലുപോയിന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തേക്കുയര്‍ന്നു. 9ാം സ്ഥാനത്താണ് ഹൈദാരാബാദ്. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തെലങ്കാല കായിക വകുപ്പ് മന്ത്രി വകിതി ശ്രീഹരി, തെലങ്കാന സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശിവസേന റെഡ്ഡി എന്നിവരുടെ സാനിധ്യത്തിലായിരുന്നു മത്സരം. ഇരുവരും മത്സരത്തിന് മുമ്പ് കളിക്കാരെ ഹസ്തദാനം ചെയ്തു.

തുടര്‍ച്ചയായ മൂന്ന് സര്‍വീസ് പിഴവുകളോടെയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഹൈദരാബാദ് തുടങ്ങിയത്. തുടക്കത്തിലേ പിഴവ് അവര്‍ക്ക് തിരിച്ചടിയായി. ജീസസ് ചൗരിയോ ആണ് ഡല്‍ഹി തൂഫാന്‍സിനായി ആക്രമണ മികവ് നല്‍കിയത്. മിഡില്‍ സോണില്‍ നിന്ന് ജോണ്‍ ജോസഫ് പന്ത് തീയുണ്ടകള്‍ പോലെ എതിര്‍കോര്‍ട്ടിസലേക്ക് പായിച്ചതോടെ ഹൈദരാബാദും ഫോമിലായി. എന്നാല്‍ ബ്ലാക്ക്‌ഹോക്‌സിന് പിഴവുകള്‍ കൂടിക്കൂടി വന്നത് വിനയായി. കാര്‍ലോസ് തന്റെ സെര്‍വീസുകളില്‍ കരുത്ത് പ്രകടിപ്പിച്ചതോടെ, ഹൈദരാബാദിന്റെ പ്രതിരോധം ഇളകി. ഡല്‍ഹി ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരിഖ് പന്തുകള്‍ കൃത്യമായി പാസ് ചെയ്ത് ആക്രമണങ്ങള്‍ക്കും ആക്കം കൂട്ടി. ശിഖര്‍ സിങ്, സാഹില്‍ കുമാര്‍ എന്നിവരുടെ കോര്‍ട്ടിലെ സാനിധ്യമാണ് ഡല്‍ഹിയെ ആദ്യ സെറ്റ് നേടുന്നതില്‍ നിന്ന് വൈകിപ്പിച്ചത്.

രണ്ടാം സെറ്റില്‍ മുഹമ്മദ് ജാസിമിന്റെ പിഴവ് ഡല്‍ഹിക്ക് നഷ്ടമുണ്ടാക്കിയെങ്കിലും, അടുത്ത ഷോട്ടില്‍ സ്‌പൈക്ക് അടിച്ച് സൂപ്പര്‍ പോയിന്റ് നേടി മലയാളി ബ്ലോക്കര്‍ ആ പിഴവ് നികത്തി. ഡല്‍ഹി ലിബറോ ആനന്ദ് നിര്‍ണായകമായ ഒരു പോയിന്റ് നേടാന്‍ ടീമിനെ സഹായിക്കുകയും, കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ കളി ഡല്‍ഹിയുടെ വരുതിയിലായി. ആനന്ദിന്റെ മികവുറ്റ പ്രകടനം കാണികളെയും തൂഫാന്‍സ് ആരാധകരെയും ആവേശത്തിലാക്കി. ആവേശകരമായ പോയിന്റില്‍ രണ്ടാം സെറ്റും തൂഫാന്‍സ് തൂക്കി.

തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മൂന്നാം സെറ്റിലും കാര്‍ലോസ് ഡല്‍ഹിക്ക് വേണ്ടി ഫ്രണ്ട് കോര്‍ട്ടില്‍ ആധിപത്യം തുടര്‍ന്നു. മിഡില്‍ സോണിലെ തൂഫാന്‍സിന്റെ പ്രതിരോധത്തിലെ പാളിച്ചകള്‍ മുതലെടുത്തായിരുന്നു ഹൈദരാബാദിന്റെ നീക്കം. സെന്ററില്‍ നിന്ന് ആക്രമിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പ്രതിരോധം വിയര്‍ത്തു. ബ്രസീല്‍ അറ്റാക്കര്‍ വിറ്റര്‍ യൂഡി യമമോട്ടോയുടെ മികവ് ഫോര്‍മേഷനില്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തൂഫാന്‍സിനെ നിര്‍ബന്ധിതരാക്കി. തന്ത്രം ഫലിച്ചു, കാര്‍ലോസ് ബെറിയോസിന്റെ അറ്റാക്കിങ് പോയിന്റിലൂടെ ഡല്‍ഹി തൂഫാന്‍സ് ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയവും ഉറപ്പിച്ചു. ഇന്ന് വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ബംഗളൂരു ടോര്‍പിഡോസിനെയും, രാത്രി 8.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും.

വീണ്ടും അഞ്ച് സെറ്റ് ത്രില്ലർ; ഗോവയെ വീഴ്ത്തി ചെന്നൈ

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന്‌ തുടർച്ചയായ രണ്ടാംജയം. ആവേശകരമായ അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ ഗോവ ഗാർഡിയൻസിനെയാണ്‌ കീഴടക്കിയത്‌. സ്‌കോർ: 15–12, 11–15, 15–10, 16–18, 13–15. ജെറോം വിനീത്‌ ആണ്‌ കളിയിലെ താരം. ഷൂട്ടിങ്ങിലെ ഇതിഹാസ താരവും ഒളിമ്പിക്‌സ്‌ സ്വർണ മെഡൽ ജേതാവുമായ അഭിനവ്‌ ബിന്ദ്ര മത്സരം കാണാനെത്തിയിരുന്നു. മത്സരത്തിന് മുമ്പ് കളിക്കാരെ കാണുകയും ചെയ്‌തു. അവസാന നിമിഷംവരെ ആവേശംനിറഞ്ഞ കളിയിൽ നേരിയ വ്യത്യാസത്തിനായിരുന്നു ജയപരാജയങ്ങൾ മാറിമറഞ്ഞത്‌.

മിഡിൽ സോണിൽനിന്ന്‌ പ്രിൻസിന്റെ മിന്നുംപ്രകടനം ഗോവ ഗാർഡിയൻസ്‌ കരുത്തുറ്റ തുടക്കമാണ്‌ന ൽകിയത്‌. ജെഫെറി മെൻസലിന്റെ സെർവുകൾ ചെന്നൈയെ പരീക്ഷിച്ചു. തരുൺ ഗ‍ൗഡയുടെ മികവാണ്‌ നിർണായക ഘട്ടത്തിൽ ചെന്നൈക്ക്‌ ഉണർവ്‌ നൽകിയത്‌. കിടിലൻ സൂപ്പർ സെർവിലൂടെയാണ്‌ തുടങ്ങിയത്‌. പിന്നാലെ ജെറോം വിനിത്‌ താളം കണ്ടെത്തിയതോടെ ചെന്നൈ കളിഗതി മാറ്റി. കളി തുല്യതയിൽ നിൽക്കെ നതാനിയേൽ ഡിക്കൻസൺ , മെൻസൽ എന്നിവരിലൂടെ ഗോവ മുന്നേറാൻ തുടങ്ങി. ഗോവ ക്യാപ്‌റ്റൻ ചിരാഗ്‌ പ്രതിരോധത്തെ ജെറോമിന്റെ കിടയറ്റ ആക്രമണങ്ങൾക്ക്‌ മുന്നിൽ പതറാതെ നിർത്താൻ ശ്രമിച്ചു. പ്രിൻസിന്റെ ബ്ലോക്കിങ്‌ ഗോവയ്‌ക്ക്‌ അനുകൂലമായി കളിഗതി തിരിച്ചു.
മെൻസലിന്റെ തുടർച്ചയായ എയ്‌സുകൾ ഗോവയ്‌ക്ക്‌ വിജയത്തിലേക്കുള്ള വഴി തെളിച്ചു. പക്ഷേ, അവസാന ഘട്ടത്തിൽ വരുത്തിയ പിഴവുകൾ വിനയായി. ചെന്നൈയുടെ ലൂയിസ്‌ ഫിലിപെ പെറോറ്റോ നിർണായക സൂപ്പർ സെർവിലൂടെ കളി അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.

പിന്നീടുള്ള ഓരോ നിമിഷത്തിലും കളിഗതി മാറിമറിഞ്ഞു. ഡിക്കൻസൺ സൂപ്പർ പോയിന്റിലൂടെ ഗോവയെ മുന്നിലെത്തിച്ചു. അതേസമയം, സുരാജ്‌ ച‍ൗധരിയും ആദിത്യ റാണയും ചെന്നൈയെ മികവാർന്ന പ്രതിരോധത്തിലൂടെ കാത്തു. പിന്നാലെ ജെറോമിന്റെ കിടയറ്റ സ്‌മാനഷ്‌ ചെന്നൈക്ക്‌ സൂപ്പർ പോയിന്റ്‌ നൽകി. തൊട്ടടുത്ത നിമിഷം ഡിക്കൻസൺ തിരിച്ചടിച്ചു. അവസാന നിമിഷം പെറോറ്റോയും സുരാജും ചിരാഗിന്റെ നീക്കം തടഞ്ഞതോടെ ചെന്നൈയെ വിലപ്പെട്ട 3–2ന്റെ ജയം കുറിച്ചു. ഇന്ന്‌ രണ്ട്‌ മത്സരങ്ങളാണ്‌. കാലിക്കറ്റ്‌ ഹീറോസ്‌ വൈകിട്ട്‌ 6.30ന്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സുമായാണ്‌ കളി. നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ്‌ ആദ്യ രണ്ട് കളിയിലുംതോറ്റു. പട്ടികയിലെ അവസാന സ്ഥാനക്കാരാണ്‌. രണ്ടാമത്തെ കളിയിൽ രാത്രി 8.30ന്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ ഡൽഹി തൂഫാൻസിനെ നേരിടും.

ഡല്‍ഹി തൂഫാന്‍സിനെ 3-0ന് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സിന്റെ ജൈത്രയാത്ര

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ തുടര്‍ച്ചയായ മൂന്നാംജയംകുറിച്ച് മുംബൈ മിറ്റിയോഴ്‌സിന്റെ കുതിപ്പ്. ഡല്‍ഹി തൂഫാന്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തു. സ്‌കോര്‍: 15-12, 15-10, 15-11. ഓം ലാഡ് വസന്ത് ആണ് കളിയിലെ താരം. മുഹമ്മദ് ജാസിമിന്റെ തകര്‍പ്പന്‍ സെര്‍വിലൂടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. എന്നാല്‍ അഭിനവ് സലാര്‍ അതിന് സൂപ്പര്‍ പോയിന്റിലൂടെ മറുപടി നല്‍കി. ഡല്‍ഹി പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയെങ്കിലും മുംബൈ ശുഭം ചൗധരിയിലൂടെ എതിര്‍കോര്‍ട്ടിലെ വിടവുകള്‍ കണ്ടെത്തി. ക്യാപ്റ്റന്‍ അമിത് ഗുലിയയുടെ സെര്‍വീസ് ഡല്‍ഹി ലിബെറോ ആനന്ദിനെ സമ്മര്‍ദത്തിലാക്കി. അതേസമയം, കാര്‍ലോസ് ബെറിയോസിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ ഡല്‍ഹി സൂപ്പര്‍ പോയിന്റ് നേടി. കരുത്തുറ്റ പ്രകടനത്തിനിടയിലും ഡല്‍ഹിക്ക് പക്ഷേ, മികച്ച േഫാമിലുള്ള മുംബൈയെ പരീക്ഷിക്കാനായില്ല.

സഖ്‌ലെയ്ന്‍ താരിഖ് ഡല്‍ഹിയെ മുന്നില്‍നിന്ന് നയിച്ച് സഹതാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. വിജയകരമായ റിവ്യൂവിലൂടെ അവര്‍ ആത്മവിശ്വാസം നേടുകയും ചെയ്തു. പക്ഷേ, ഹെസ്യൂസ് ചൗറിയോയുടെ കരുത്തുറ്റ ഷോട്ട് അഭിനവ് നയിക്കുന്ന മൂന്നംഗ ബ്ലോക്കര്‍മാര്‍ തടഞ്ഞതോടെ മോഹം പൊലിഞ്ഞു. അഭിനവിന്റെ മറ്റൊരു സെര്‍വില്‍ സൂപ്പര്‍ പോയിന്റ് പിടിച്ച് മുംബൈ കളിയുടെ നിയന്ത്രണം പൂര്‍ണമായും നേടി. സെറ്റര്‍ ഓം ലാഡ് വസന്തിന്റെ മികച്ച പാസുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. കളി കൈയില്‍നിന്ന് പോകുന്നതിനിടെ ഡല്‍ഹി ചൗറിയോയുടെ കരുത്തില്‍ കളം പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, തകര്‍പ്പന്‍ പ്രത്യാക്രമണമായിരുന്നു മുംബൈയുടെ മറുപടി. വിദേശ താരങ്ങളായ മതിയാസ് ലോഫ്റ്റന്‍സെസും പീറ്റര്‍ അല്‍സ്റ്റാഡ് ഒസ്റ്റിവിക്കും മികച്ച ബ്ലോക്കുകളിലൂടെ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയം പൂര്‍ത്തിയാക്കി. ഇന്ന് വൈകിട്ട് 6.30ന് ഗോവ ഗാര്‍ഡിയന്‍സും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും.

അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ വീഴ്‌ത്തി ഗോവ ഗാർഡിയൻസ്‌

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെതിരെ തകർപ്പൻ ജയംകുറിച്ച്‌ ഗോവ ഗാർഡിയൻസ്‌. അഞ്ച്‌ സെറ്റ്‌ ത്രില്ലറിലാണ്‌ ജയം. സ്‌കോർ: 13–15, 15–11, 9–15, 18–16, 19–17. ഗോവയുടെ ആദ്യജയമാണ്‌. രോഹിത്‌ യാദവാണ്‌ കളിയിലെ താരം.

അത്യന്തം ആവേശം നിറഞ്ഞ മത്സരമാണ്‌ കണ്ടത്‌. ഒടുവിൽ അവസാനനിമിഷംകുറിച്ച പോയിന്റിൽ ഗോവ നേടി. ആദ്യ നിമിഷങ്ങളിൽ നാടകീയത നിറഞ്ഞു. റിവ്യൂ വിളികളും സൂപ്പർ സെർവുകളും യഥേഷ്‌ടം കണ്ട കളിയിൽ ഇരു ടീമുകളും ലീഡ്‌ നേടാൻ ആഞ്ഞുശ്രമിക്കുകയായിരുന്നു. അംഗമുത്തു, ഷോൺ ടി, ബട്ടുർ ബട്‌സൂറി, ക്യാപ്‌റ്റനും സെറ്ററുമായ മുത്തുസ്വാമി അപ്പാവു എന്നിവർ ആക്രമണങ്ങളിൽ നിറഞ്ഞു.

ഗോവ ക്യാപ്റ്റൻ ചിരാഗ്‌ യാദവ്‌ വിദേശ താരങ്ങളായ ജെഫറി മെൻസെൽ, നതാനിയേൽ ഡിക്കൻസൺ എന്നിവരുമായി ചേർന്ന്‌ ഗോവയുടെ പ്രത്യാക്രമണം നെയ്‌തു. അഹമ്മദബാദിന്റെ കരുത്തിനെ പ്രതിരോധിക്കാൻ ഗോവൻ പ്രതിരോധത്തിൽ പ്രിൻസ്‌ ഉറച്ചുനിന്നു. ഇരു ടീമുകളും പരസ്‌പരം വാശിയോടെ പോരാടി.
ബട്‌സൂറിയുടെ ബാലിസ്‌റ്റിക്‌ മിസൈലുകൾ ഇടതുവശത്തുനിന്ന്‌ പതിച്ചു. രോഹിത്‌ ഗോവയുടെ കൃത്യതയുള്ള സെറ്ററായി. ഡിക്കൻസനെ അഭിനവ്‌ ബ്ലോക്ക്‌ ചെയ്‌തു. പക്ഷേ, മെൻസെൽ ഗോവൻനിരയിൽനിന്ന്‌ അഹമ്മാബാദിന്റെ ഒഴിഞ്ഞ ഇടങ്ങൾ നോക്കി ആക്രമിച്ചു. തുടർച്ചയായ രണ്ട്‌ പോയിന്റുകൾ നേടി മത്സരം അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.

അഹമ്മദാബാദ്‌ നിരയിലേക്ക്‌ കരുത്തുറ്റ സൂപ്പർ സെർവ്‌ തൊടുത്ത ബട്‌സൂറി കളിഗതി അഹമ്മാബാദ്‌ നിരയിലേക്ക്‌ മാറ്റി. എന്നാൽ അവസാന സൂപ്പർ പോയിന്റിലൂടെ ഗോവ അന്തരം ചെറുതാക്കി. പിന്നാലെ ഡിക്കൻസെന്റെ നിരന്തരമുള്ള ആക്രമണം കണ്ടു. ഒടുവിൽ മെൻസെലിന്റെ സ്‌പൈക്കിലൂടെ ഗോവ അവിസ്‌മരണീയ ജയം കുറിക്കുകയായിരുന്നു.

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെവീഴ്ത്തി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ആദ്യ ജയം സ്വന്തമാക്കി. പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. നാല് സെറ്റ് പോരാട്ടത്തിലായിരുന്നു കൊച്ചി വീണത്. സ്‌കോര്‍: 12-15, 15-13, 15-6, 19-17. കൊച്ചിയുടെ രണ്ടാം തോല്‍വിയാണിത്. പങ്കജ് ശര്‍മയാണ് കളിയിലെ താരം. പരിക്കേറ്റ ക്യാപ്റ്റന്‍ വിനിത് കുമാര്‍ പുറത്തായതിനാല്‍ മലയാളി താരം എറിന്‍ വര്‍ഗീസിനെ നായകനാക്കിയാണ് കൊച്ചി മൂന്നാം മത്സരത്തിനിറങ്ങിയത്.

ഗോവ ഗാര്‍ഡിയന്‍സുമായുള്ള കളിയിലെ ജയത്തിനുശേഷം തിരിച്ചെത്തിയ കൊച്ചി മികച്ച തുടക്കം കുറിച്ചു. ഹേമന്തിന്റെ കരുത്തുറ്റ സെര്‍വുകളിലൂടെയായിരുന്നു തുടക്കം. എന്നാല്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ പുറത്തുനിന്നുള്ള കിടിലന്‍ സ്മാഷുകള്‍ കളിയില്‍ സ്വാധീനമുണ്ടാക്കി. അതേസമയം, കൊച്ചി പ്രതിരോധത്തിന്റെ ഏറ്റവും വെല്ലുവിളിയായി നിന്നത് പങ്കജ് ശര്‍മയായിരുന്നു. തുടക്കംമുതല്‍ അത് വ്യക്തമായി. കൊല്‍ക്കത്തയെ ആശയക്കുഴപ്പത്തിലാക്കാന്‍ കൊച്ചി സെറ്റര്‍ ബയ്‌റണ്‍ കെറ്റുകിറാസിന്റെ പാസുകള്‍ക്ക് കഴിഞ്ഞിരുന്നു. ഇരുവശത്തെയും പ്രതിരോധനിര ശക്തമായിരുന്നു. അറ്റാക്കര്‍ക്കമാര്‍ക്ക് വിടവ് കണ്ടെത്തുവാന്‍ പ്രയാസകരമായി.

ഇതിനിടെ അഭിഷേകിന്റെ സൂപ്പര്‍ സെര്‍വ് കൊച്ചി ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്നു. എന്നാല്‍ ക്യാപ്റ്റന്‍ എറിന്‍ വര്‍ഗീസിന്റെ പുറത്തേക്കുള്ള അടി സൂപ്പര്‍ പോയിന്റ് നഷ്ടമാകാന്‍ കാരണമായി. പിന്നാലെ സ്വയം വരുത്തിയ പിഴവുകളും കൊച്ചിക്ക് വിനയായി മാറുകയായിരുന്നു. പങ്കജും അശ്വലും ചേര്‍ന്ന് കൊല്‍ക്കത്തയുടെ ആക്രമണം തുടര്‍ന്നു. മാര്‍ടിന്‍ ടകവാറിന്റെ സാന്നിധ്യം കൊല്‍ക്കത്ത മധ്യനിരയ്ക്ക് കരുത്ത് നല്‍കി. ഇതോടെ കളിഗതി പൂര്‍ണമായും കൊല്‍ക്കത്തയുടെ ഭാഗത്തേക്ക് മാറുകയായിരുന്നു. മുഹമ്മദ് ഇഖ്ബാല്‍ മറ്റൊരു പോയിന്റ് കൂടി നേടിയതോടെ കൊച്ചിക്ക് സമ്മര്‍ദം കൂടി. പക്ഷേ, അവസാന വിസില്‍വരെ കൊച്ചി പൊരുതി. എന്നാല്‍ കൃത്യസമയത്തുള്ള മാര്‍ട്ടിന്റെ ബ്ലോക്ക് കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യ ജയമൊരുക്കി. നാളെ (ബുധനാഴ്ച) വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും.

Image Caption

പ്രൈം വോളിബോള്‍ ലീഗില്‍ ചൊവ്വാഴ്ച്ച നടന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്

പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിനെ 3-0ന് തകര്‍ത്ത് മുംബൈയുടെ വിജയക്കുതിപ്പ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. സ്‌കോര്‍: 15-9, 15-8, 15-12. ജയത്തോടെ ബെംഗളൂരിനെ മറികടന്ന് പട്ടികയിലും മുംബൈ ഒന്നാമതെത്തി. കാലിക്കറ്റിന്റെ രണ്ടാം തോല്‍വിയാണ്. അമിത് ഗുലിയ ആണ് കളിയിലെ താരം. കാലിക്കറ്റ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്.

മികച്ച പാസുകള്‍ നല്‍കി ആക്രമണം നടത്താനായിരുന്നു ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്റെ ശ്രമം. എന്നാല്‍ ബ്ലോക്കര്‍ അഭിനവ് സലാറിന്റെ തകര്‍പ്പന്‍ പ്രകടനം മുംബൈക്ക് കാലിക്കറ്റിന്റെ ആക്രമണ ഭീഷണിയെ ഒഴിവാക്കാന്‍ സഹായിച്ചു. കാലിക്കറ്റ് ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്റെ ഡബിള്‍ ടച്ച് മുബൈക്ക് തുടക്കത്തില്‍തന്നെ സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. അവര്‍ ലീഡ് നേടുകയും ചെയ്തു. ശുഭം ചൗധരിയുടെ കരുത്തുറ്റ സ്‌പൈക്കുകള്‍ കാലിക്കറ്റ് പ്രതിരോധത്തെ നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ല. മത്തിയാസ് ലോഫ്‌ടെന്‍സെന്‍സും കാലിക്കറ്റിനെ കാര്യമായി പരീക്ഷിച്ചു.

ഡെറ്റെ ബോസ്‌കോ ആയിരുന്നു ചാമ്പ്യന്‍മാരുടെ നിരയിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍. കാലിക്കറ്റിന്റെ ആക്രമണങ്ങള്‍ക്ക് ഡെറ്റെ കരുത്ത് പകര്‍ന്നു. എന്നിരുന്നാലും പിഴവുകള്‍ കാലിക്കറ്റിനെ തളര്‍ത്തി. മുംബൈ ആധിപത്യം തുടരുകയും ചെയ്തു. സന്തോഷാണ് കാലിക്കറ്റിന് ആവശ്യ ഘട്ടത്തില്‍ ഉണര്‍വ് നല്‍കിയത്. വികാസ് മാനും താളം കണ്ടെത്താന്‍ തുടങ്ങി. പക്ഷേ, ക്യാപ്റ്റന്‍ അമിത് ഗുലിയ ശാന്തമായി കാര്യങ്ങള്‍ നിയന്ത്രിച്ചു. നിര്‍ണായക ഘട്ടത്തില്‍ മുംബൈക്ക് അത് ഗുണകരമായി. പദ്ധതികള്‍ കൃത്യമായി അവര്‍ നടപ്പാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ടീം നിര്‍ണായകമായ മൂന്ന് പോയിന്റും നേടി. ഒക്ടോബര്‍ 10ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരെയാണ് കാലിക്കറ്റിന്റെ അടുത്ത മത്സരം.

Exit mobile version