Img 20251013 Wa0029

ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ മിന്നുന്ന തിരിച്ചുവരവിൽ കീഴടക്കി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സിനെതിരെ തകർപ്പൻ ജയവുമായി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌. രണ്ട്‌ സെറ്റിന്‌ പിന്നിട്ടുനിന്ന ശേഷം ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: 9–15, 7–15, 15–9, 15–11, 15–8. ബട്ടുർ ബാറ്റ്‌സുറിയാണ്‌ കളിയിലെ താരം. കളിയുടെ ആദ്യപകുതി മുഴുവനും ഹൈദരാബാദാണ്‌ കളിച്ചത്‌. എന്നാൽ പാതിഘട്ടം കഴിഞ്ഞപ്പോൾ അവർക്ക്‌ താളം നഷ്ടമായി. അഹമ്മദാബാദ്‌ വമ്പൻ പോരാട്ടത്തിലൂടെ ജയം സ്വന്തമാക്കുകയും ചെയ്‌തു.

ഹൈദരാബാദ്‌ നിരയിൽ ഗുരു പ്രശാന്ത്‌ തിരിച്ചെത്തിയതോടെ അവരുടെ ആക്രമണം കടുത്തു. അതേസമയം അഹമ്മദബാദിന്റെ വിക്ടർ യുഡി യമാമോട്ടോയും നിയാസ്‌ അബ്‌ദുൾ സലാമും ഹൈദരാബാദ്‌ പ്രതിരോധത്തെ പരീക്ഷിച്ചു. ആതിഥേയർക്ക്‌ ജോൺ ജോസഫും ശിഖർ സിങ്ങും തകർപ്പൻ കളി പുറത്തെടുത്തു. പ്രീത്‌ കിരൺ മികച്ച പാസിങ്ങുമായി കളംനിറഞ്ഞു. സഹിൽ കുമാറിന്റെ സൂപ്പർ സെർവ്‌ അഹമ്മദബാദിനെ തകർക്കുകയും ചെയ്‌തതോടെ ഹൈദരാബാദ്‌ കളിയിൽ നിയന്ത്രണം നേടി.

കളിയിൽ പിടി നഷ്ടമാകുന്ന ഘട്ടത്തിലാണ്‌ അഹമ്മദബാദ്‌ ക്യാപ്‌റ്റനും സെറ്ററുമായ മുത്തുസാമി അപ്പാവു കളംനിറയുന്നത്‌. ഇടംകൈയൻ യൂണിവേഴ്‌സൽ ഹാർഷ്‌ ച‍ൗധരിയെ കൊണ്ടുവന്നതോടെ അഹമ്മദബാദ്‌ കളി പിടിക്കാൻ തുടങ്ങി. മനോഹരമായ സൂപ്പർ സെർവിലൂടെയായിരുന്നു ഹാർഷ്‌ ടീമിനെ തിരിച്ചുകൊണ്ടുവന്നത്‌.
തക്കസമയത്ത്‌ ബാറ്റ്‌സുറി താളം കണ്ടെുത്തുകയും ചെയ്‌തതോടെ കളി മുറുകി. അഖിനും അഭിനവും തകർപ്പൻ ബ്ലോക്കിങ്ങിലൂടെ കളിഗതി അഹമ്മദാബാദിലേക്ക്‌ മാറ്റാൻ തുടങ്ങി. ഹാർഷിന്റെ രണ്ടാം സൂപ്പർ സെർവ്‌ കളിയെ അഞ്ചാം സെറ്റിലേക്ക്‌ നീട്ടി. ഹാർഷിന്റെ മാജിക്ക്‌ അഞ്ചാം സെറ്റിലും തുടർന്നു. മറ്റൊരു മിന്നുന്ന സൂപ്പർ സെർവ്‌ ആതിഥേയരെ നിശബ്‌ദരാക്കി. ബാറ്റ്‌സുറിയുടെ സൂപ്പർ സെർവും ഹൈദരാബാദിനെ വിറപ്പിച്ചു. അഹമ്മദാബാദ്‌ ആവേശകരമായ ജയം സ്വന്തമാക്കുകയും ചെയ്‌തു.

Exit mobile version