ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി ആർസിബി ഐപിഎൽ ഫൈനലിൽ

ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026-ലെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിലേക്ക് യോഗ്യത നേടി. ആർസിബി ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 19.3 ഓവറിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രജത് പാട്ടിദാർ (93*) തിളങ്ങിയപ്പോൾ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജേക്കബ് ഡഫിയുടെയും മറ്റ് ബൗളർമാരുടെയും തകർപ്പൻ പ്രകടനമാണ് ആർസിബിക്ക് മനോഹരമായ വിജയം സമ്മാനിച്ചത്.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ തുടക്കം പാടെ തകരുന്ന കാഴ്ചയാണ് ധർമ്മശാലയിൽ കണ്ടത്. ഓപ്പണർ സായ് സുദർശൻ (14) ജേക്കബ് ഡഫിയുടെ പന്തിൽ ഹിറ്റ് വിക്കറ്റായി പുറത്തായപ്പോൾ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (2) ഭുവനേശ്വർ കുമാർ ക്ലീൻ ബൗൾഡാക്കി. ജോസ് ബട്‌ലർ 11 പന്തിൽ 29 റൺസുമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജോഷ് ഹേസൽവുഡ് ബട്‌ലറെ പുറത്താക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ നിഷാന്ത് സിന്ധുവിനെയും (5) ജേസൺ ഹോൾഡറെയും (0) ഒരേ ഓവറിൽ പുറത്താക്കി രസിഖ് സലാം ദാർ ഗുജറാത്തിനെ 51-ന് 5 എന്ന നിലയിലേക്ക് തള്ളിയിട്ടു. പവർപ്ലേ ഓവറുകളിൽ 51 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.
മധ്യനിര തകർന്നപ്പോൾ ഒറ്റയാൾ പോരാട്ടം നയിച്ച രാഹുൽ തെവാട്ടിയയാണ് ഗുജറാത്തിന്റെ പരാജയഭാരം കുറച്ചത്.
43 പന്തിൽ നിന്ന് 8 ഫോറും 4 സിക്സറുമടക്കം 68 റൺസാണ് തെവാട്ടിയ അടിച്ചുകൂട്ടിയത്. മുഹമ്മദ് സിറാജിനൊപ്പം ചേർന്ന് താരം 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഭുവനേശ്വർ കുമാറിന്റെ പന്തിൽ പാട്ടിദാറിന് ക്യാച്ച് നൽകി തെവാട്ടിയയും മടങ്ങി. വാലറ്റത്തിൽ റാഷിദ് ഖാൻ (8), കാഗിസോ റബാഡ (9), സിറാജ് (5) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ആർസിബിക്ക് വേണ്ടി ജേക്കബ് ഡഫി 39 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ, രസിഖ് സലാം, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും പൂർണ്ണ ആധിപത്യം പുലർത്തിയ ബെംഗളൂരു അർഹിച്ച വിജയത്തോടെയാണ് ഫൈനൽ ഉറപ്പിച്ചത്.