കുട്ടീഞ്ഞോ ഇനി ബാഴ്സക്ക് സ്വന്തം

noufal

ലിവർപൂൾ മധ്യനിര താരം ഫിലിപ്പേ കുട്ടീഞ്ഞോ ബാഴ്സലോണയിൽ. 142 മില്യൺ പൗണ്ട് നൽകിയാണ് ബാഴ്സ തങ്ങൾ ഏറെ നാളായി ലക്ഷ്യം വച്ച താരത്തെ സ്വന്തമാക്കിയത്. 3 തവണ ബാഴ്സയുടെ റെക്കോർഡ് തുക നിരസിച്ച ലിവർപൂൾ ഇത്തവണ 142 മില്യൺ കരാറിൽ താരത്തെ വിട്ട് നൽകുകയായിരുന്നു. ചാംപ്യൻസ് ലീഗിലും, പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്താൻ ലക്ഷ്യം വെക്കുന്ന ക്ളോപ്പിന്റെ ടീമിന് കുട്ടിഞ്ഞോയുടെ പോക്ക് നഷ്ടമാവുമെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പകരക്കാരനെ കണ്ടെത്താൻ ലിവർപൂൾ ശ്രമം തുടങ്ങിയിട്ടുണ്ട്. 2013 ഇൽ 8.5 മില്യൺ പൗണ്ടിനാണ് ലിവർപൂൾ ഇന്റർ മിലാനിൽ നിന്ന് കുട്ടീഞ്ഞോയെ ആൻഫീൽഡിൽ എത്തിച്ചത്. നെയ്മറിന്റെ ട്രാൻസ്ഫറിന്‌ ശേഷം ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ കൈമാറ്റമാണ് ഇത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കുട്ടീഞ്ഞോ ട്രാൻസ്ഫർ അപേക്ഷ നൽകിയിരുന്നെങ്കിലും ബാഴ്സക്കും ലിവർപൂളിനും കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ഈ സീസണിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തി കുട്ടീഞ്ഞോ ആൻഫീൽഡിൽ താരമായിരുന്നു. പക്ഷെ മധ്യനിരയിൽ പുതിയ താരങ്ങളെ തേടുന്ന ബാഴ്സ താരത്തിലുള്ള താൽപര്യം തുടർന്നതോടെ ലിവർപൂൾ വിൽക്കാൻ തയ്യാറാവുകയായിരുന്നു.  ഈ സീസണിൽ 20 കളികളിൽ നിന്ന് ലിവർപൂളിനായി താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial