Picsart 23 02 01 08 09 49 779

പേപ്പറുകൾ അയക്കാൻ വൈകി, ഹകിം സിയെചിന്റെ പി എസ് ജി ട്രാൻസ്ഫർ പ്രതിസന്ധിയിൽ

പി എസ് ജിയിലേക്കുള്ള ഹകിം സിയെചിന്റെ ട്രാൻസ്ഫർ ഇനി അപ്പീൽ കാത്തു കിടക്കണം. ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ സിയെചിനെ കൈമാറാനായി ചെൽസിയും പി എസ് ജിയും തമ്മിൽ കരാർ ധാരണയിൽ ആയിരുന്നു. ഇരുവരും കരാർ ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ താരത്തെ രജിസ്റ്റർ ചെയ്യാൻ പി എസ് ജിക്ക് ആയില്ല. ട്രാൻസ്ഫറിന്റെ സാങ്കേതിക രേഖകൾ എത്തുമ്പോഴേക്ക് രജിസ്ട്രേഷൻ സമയം കഴിഞ്ഞിരുന്നു. ഇപ്പോൾ പി എസ് ജി LFPക്ക് അപ്പീൽ നൽകിയിരിക്കുകയാണ്.

ഇന്ന് അപ്പീലിൽ വിധി വരും. അതിനു ശേഷം മാത്രമേ സിയെച് ഏതു ക്ലബിനായി കളിക്കും എന്ന് ഉറപ്പാവുകയുള്ളൂ. സിയെച് ആയിരുന്നു ചെൽസി വിടാൻ ആയി ആത്മാർത്ഥമായി ശ്രമിച്ചത്. താരം തന്നെ പാരീസിൽ എത്തിയാണ് ട്രാൻസ്ഫർ ചർച്ചകളും നടത്തിയത്. ഈ ട്രാൻസ്ഫർ പ്രാവർത്തികമായില്ല എങ്കിൽ അത് സിയെചിന് തന്നെയാകും ഏറ്റവും വലിയ തിരിച്ചടി.

ഈ ജനുവരി ട്രാൻസ്ഫർ വിൻഡൊയിൽ ഉടനീളം ചെൽസി ഹകിം സിയെച്ചിനായി ഓഫറുകൾ കേട്ടിരുന്നു. നേരത്തെ സിയെചിനെ എവർട്ടൺ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാനായി ചെൽസിയെ സമീപിച്ചിരുന്നു. ഇറ്റാലിയൻ ക്ലബായ റോമയും സിയെചിനായി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ താരം പി എസ് ജിയിലേക്ക് പോകാൻ തന്നെ ആയിരുന്നു ആഗ്രഹിച്ചത്.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കത്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു‌. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സിയെചിനായില്ല. ഇനിയും രണ്ടര വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.

Exit mobile version