ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയക്കെതിരെ അർജന്റീനക്ക് 1-1ന്റെ സമനില. അർജന്റീനയുടെ നിർണായകമായ ഗോൾ നേടിയത് അൽമാഡയായിരുന്നു. മത്സരത്തിൽ എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷം പത്ത് പേരുമായി കളിച്ച ലയണൽ സ്കലോണിയുടെ ടീം ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് സമനില പിടിച്ചത്.

ആദ്യ പകുതിയിൽ ലൂയിസ് ഡയസിന്റെ തകർപ്പൻ മുന്നേറ്റത്തിലൂടെ കൊളംബിയ മുന്നിലെത്തി. വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറി എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് ഡയസ് ഗോൾ നേടി. അർജന്റീന നന്നായി പ്രതികരിച്ചെങ്കിലും, മെസ്സിയുടെയും എൻസോയുടെയും ഉൾപ്പെടെ നിരവധി അവസരങ്ങൾ അവർക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയിൽ എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെയാണ് മത്സരത്തിലെ വഴിത്തിരിവ്. ഒരു ഹൈ ബൂട്ട് ചലഞ്ചിനാണ് എൻസോക്ക് നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ചത്, ഇതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങി. ഇതിനോട് പ്രതികരിച്ച്, മെസ്സിയെ പിൻവലിച്ച് എക്സിക്വിയൽ പാലാസിയോസിനെയും യുവാൻ ഫോയ്ത്തിനെയും ഇറക്കിക്കൊണ്ട് സ്കലോണി നിരവധി തന്ത്രപരമായ മാറ്റങ്ങൾ വരുത്തി.
ഒരാൾ കുറവായിരുന്നിട്ടും, അർജന്റീന സമനില ഗോളിനായി സമ്മർദ്ദം ചെലുത്തി. പ്രതിരോധക്കാരെ വെട്ടിച്ച് ബോക്സിലേക്ക് മുന്നേറിയ അൽമാഡ ശാന്തനായി പന്ത് വലയിലെത്തിച്ച് ടീമിന് സമനില ഗോൾ നേടിക്കൊടുത്തു. യോഗ്യതാ റൗണ്ടിൽ താരത്തിന്റെ മൂന്നാമത്തെ ഗോളാണിത്.
ലോകകപ്പ് യോഗ്യതയും ഒപ്പം യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനവും അർജന്റീന ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്.