Picsart 24 02 17 22 38 22 061

ടോട്ടനത്തെ ലണ്ടണിൽ ചെന്ന് വീഴ്ത്തി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് തകർപ്പൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ടോട്ടനത്തെ ലണ്ടണിൽ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് തോൽപ്പിക്കാൻ വോൾവ്സിനായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വോൾവ്സിന്റെ വിജയം. ജോ ഗോമസ് ആണ് വോൾവ്സിന്റെ രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ സരാബിയയുടെ ഒരു ക്രോസിൽ നിന്ന് ഫ്രീ ഹെഡറിലൂടെ ആയിരുന്നു ജോ ഗോമസിന്റെ ആദ്യ ഗോൾ. ഈ ഗോളിന്റെ ബലത്തിൽ വോൾവ്സ് ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ആദ്യ മിനുട്ടിൽ തന്നെ സ്പർസ് സമനില നേടി. കുളുസവേസ്കിയുടെ വ്യക്തിഗത മികവാണ് അവർക്ക് സമനില നൽകിയത്‌. സ്കോർ 1-1. വോൾവ്സ് അതിൽ തളർന്നില്ല. 63ആം മിനുട്ടിൽ വോൾവ്സ് വീണ്ടും ലീഡ് എടുത്തു. പെഡ്രോ നെറ്റോയുടെ റൺ സ്പർസ് ഡിഫർസിനെ തകർത്തു. അവസാനം നെറ്റോയുടെ പാസിൽ നിന്ന് ജോ ഗോമസ് മനോഹരമായി തന്റെ രണ്ടാം ഗോൾ നേടി. സ്കോർ 2-1.

ഈ വിജയം വോൾവ്സിനെ 35 പോയിന്റുമായി പത്താം സ്ഥാനത്ത് എത്തിച്ചു. 47 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

Exit mobile version