വിജയ വഴിയിൽ തിരിച്ചെത്താൻ ആഴ്‌സണൽ ഇന്ന് ജെറാഡിന്റെ വില്ലക്ക് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് ഏറ്റ തോൽവിയിൽ നിന്നു കര കയറി വിജയ വഴിയിൽ തിരിച്ചെത്താൻ ആഴ്‌സണൽ ഇന്ന് സ്റ്റീവൻ ജെറാഡിന്റെ ആസ്റ്റൺ വില്ലക്ക് എതിരെ. മികച്ച ഫോമിൽ ആയിരുന്ന ആഴ്‌സണൽ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലിവർപൂളിനോട് പരാജയപ്പെട്ടത്. നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ആഴ്‌സണലിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് പ്രധാനമാണ്. ലിവർപൂളിനോട് തോൽവി വഴങ്ങിയെങ്കിലും മികച്ച പ്രകടനം നടത്തിയത് ആഴ്‌സണലിന് ആത്മവിശ്വാസം പകരും. ടീമിൽ വലിയ മാറ്റം ഒന്നും വരുത്താൻ ആർട്ടെറ്റ തയ്യാറാവില്ല. എങ്കിലും പ്രീമിയർ ലീഗിന്റെ കടുത്ത മത്സര ക്രമത്തെ വിമർശിച്ച ആഴ്‌സണൽ പരിശീലകൻ ചിലപ്പോൾ ചില താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ സ്മിത്ത് റോ, പെപെ എന്നിവർ ടീമിൽ ഇടം പിടിച്ചേക്കും. വലത് ബാക്കായി ടോമിയാസു ടീമിൽ തിരിച്ചു എത്തും എങ്കിൽ അത് ആഴ്‌സണലിന് വലിയ കരുത്ത് ആവും പകരുക.

Fb Img 1647638574186


എന്നും വില്ലക്ക് എതിരെ മികവ് പുലർത്തുന്ന ആഴ്‌സണൽ എന്നാൽ അവരുടെ മൈതാനത്ത് നടന്ന കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിലും പരാജയം നേരിട്ടിരുന്നു. എന്നാൽ സീസണിൽ വില്ലയെ സ്വന്തം മൈതാനത്ത് തകർത്തു വിട്ട മികവ് ആഴ്‌സണൽ ഇന്ന് പുറത്ത് എടുത്താൽ അത് അവർക്ക് മികച്ച ജയം സമ്മാനിക്കും. അന്ന് സ്മിത്ത് റോ ആയിരുന്നു ആഴ്‌സണലിന്റെ ഹീറോ ആയത്. മുന്നേറ്റത്തിൽ സാക്ക, മാർട്ടിനെല്ലി, ഒഡഗാർഡ് എന്നിവർക്ക് ഒപ്പം ലാകസെറ്റ കൂടി മികവിലേക്ക് ഉയർന്നാൽ വില്ല വിയർക്കും. അതേസമയം ആഴ്‌സണലിന് എതിരെ മികച്ച റെക്കോർഡ് ഉള്ള കൗട്ടീന്യോയെ തടയുക ആവും വൈറ്റ്, ഗബ്രിയേൽ എന്നിവരുടെ പ്രധാന ചുമതല. ജെറാർഡിനു കീഴിയിൽ മികവിലേക്ക് ഉയർന്ന വില്ല നിലവിൽ ഒമ്പതാം സ്ഥാനത്ത് ആണ്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനോടു തോൽവി വഴങ്ങിയ അവരും വിജയ വഴിയിൽ തിരിച്ചു വരാനുള്ള ശ്രമത്തിൽ ആണ്. അതേസമയം നിലവിൽ നാലാം സ്ഥാനത്ത് ഉള്ള ആഴ്‌സണലിന് വില്ല പാർക്കിൽ ജയിക്കാൻ ആയാൽ അത് ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് അവരെ കൂടുതൽ അടുപ്പിക്കും. മികവ് തുടരുന്ന യുവ താരങ്ങളുടെ മികവിൽ ജയം കാണാൻ ആവും ആഴ്‌സണൽ ശ്രമം. ഇന്ന് വൈകുന്നേരം ആറു മണിക്ക് ആണ് ഈ മത്സരം നടക്കുക.

Exit mobile version