Picsart 23 12 09 22 23 54 911

മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും നാണംകെട്ടു! ഓൾഡ്ട്രാഫോർഡിൽ ബൗണ്മതിന്റെ താണ്ഡവം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാണംകെട്ടു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ബൗണ്മത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർക്കുന്ന കാഴ്ചയാണ് കാണാൻ ആയത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം ബൗണ്മത് നേടി. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച് പ്രതീക്ഷ നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെയേ അല്ലായിരുന്നു ഇന്ന് കാണാൻ ആയത്.

മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ ബൗണ്മത് ലീഡ് എടുത്തു. യുണൈറ്റഡിന്റെ മിസ് പാസ് മുതലെടുത്ത് സൊളാങ്കി ആണ് സന്ദർശകർക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ കാര്യമായി ബൗണ്മത് ഡിഫൻസിനെ പരീക്ഷിക്കാൻ യുണൈറ്റഡ് അറ്റാക്കിനായില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് ഹൊയ്ലുണ്ടിനെയും റാഷ്ഫോർഡിനെയും കളത്തിൽ എത്തിച്ചു നോക്കി എങ്കിലും കാര്യമുണ്ടായില്ല.

രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ബില്ലിംഗിന്റെ ഗോളിൽ ബൗണ്മത് ലീഡ് ഇരട്ടിയാക്കി. 73ആം മിനുട്ടിൽ സെനെസി ഒരു കോർണറിൽ നിന്ന് ഗോൾ വല കണ്ടെത്തിയതോടെ അവർ 3-0ന്റെ ലീഡ് എടുത്തു. ഇതോടെ യുണൈറ്റഡിന്റെ പരാജയവും ഉറപ്പായി.

16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ബൗണ്മത് 19 പോയിന്റുമായി 13ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version