Picsart 24 03 31 20 19 04 749

ബ്രൈറ്റണ് എതിരെയും ലിവർപൂളിന്റെ തിരിച്ചുവരവ്, ലീഗിൽ ഒന്നാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നിർണായക വിജയവുമായി ഒന്നാം സ്ഥാനത്ത് എത്തി ലിവർപൂൾ. ആൻഫീൽഡിൽ വച്ച് ബ്രൈറ്റണെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ലിവർപൂൾ വിജയം.

ഇന്ന് മത്സരം ആരംഭിച്ച 82ആം സെക്കൻഡിൽ തന്നെ ബ്രൈറ്റൺ ലീഡ് എടുത്തു. ഡാനി വെൽബക്കാണ് ഒരു മികച്ച സ്ട്രൈക്കിലൂടെ ലിവർപൂൾ ആരാധകരെ നിശബ്ദരാക്കിയത്. ക്ലോപ്പിന്റെ കീഴിൽ പലപ്പോഴും എന്നപോലെ തുടക്കത്തിൽ പിറകിൽ പോയി തിരിച്ചടിക്കുന്ന വീര്യം ഇന്നും ലിവർപൂൾ കാണിച്ചു. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ ലിവർപൂൾ 27ആം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. കൊളംബിയൻ താരം ലൂയിസ് ഡിയസ് ആയിരുന്നു സമനില നേടിയത്. ആദ്യ പകുതി 1-1 എന്ന രീതിയിൽ അവസാനിച്ചു.

രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ലിവർപൂൾ മൊ സലായിലൂടെ ലീഡ് എടുത്തു. 65ആം മിനിട്ടിലായിരുന്നു സലായുടെ ഗോൾ. സല ഈ സീസണിൽ ഈ ഗോൾ ഉൾപ്പെടെ 22 ഗോളുകൾ ലിവർപൂളിനായി സ്കോർ ചെയ്തിട്ടുണ്ട്.

ഈ വിജയത്തോടെ ലിവർപൂൾ 67 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ലിവർപൂളിന് തൊട്ടു പിറകിലുള്ള മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നുണ്ട്.

Exit mobile version