മെസ്സിയും മാൾഡിനിയും, ജയിച്ചു പക്ഷെ തോറ്റു

- Advertisement -

പ്ലാലോ മാൾഡിനിയും ലയണൽ മെസ്സിയും രണ്ടു കാലഘട്ടത്തിൽ ഫുട്‌ബോൾ കളിച്ച തമ്മിൽ അങ്ങനെ പറയാവുന്ന സമാനതകൾ ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ പറയാവുന്ന രണ്ട് താരങ്ങൾ. ഒരാൾ മുന്നേറ്റം ഒരു കലയാക്കിയപ്പോൾ മറ്റെയാൾ പ്രതിരോധത്തെ മാറ്റി നിർവചിച്ചു. ഒരാൾ ഫുട്‌ബോളിലെ ലാറ്റിനമേരിക്കൻ പതാക വഹിച്ചപ്പോൾ മറ്റെയാൾ യൂറോപ്പിന്റെ മുഖമായി. എന്നാൽ ഫുട്‌ബോൾ കളിക്കാർ എന്നതിൽ കവിഞ്ഞ് ചില സമാനതകൾ ഈ രണ്ട് പേരും തമ്മിൽ ഉണ്ടെന്നുള്ളതാണ് ഒരു വസ്തുത. രണ്ട് പേരും ജീവിതകാലത്ത് ഒരു ക്ലബിനായി മാത്രം ജീവിതം ഉഴിഞ്ഞു വച്ചു. മെസ്സി ബാഴ്‌സയും ബാഴ്‌സ മെസ്സിയും ആയപ്പോൾ കാറ്റലോണിയക്കാരുടെ ഹൃദയം അയ്യാളായി. മാൾഡിനിയാവട്ടെ എ. സി മിലാൻ എന്നാൽ മാൽഡിനിയുടെ ക്ലബ് എന്നു ലോകം വിളിക്കാവുന്ന വിധം മിലാനെ സേവിച്ചു. ഫുട്‌ബോൾ തട്ടിയ എക്കാലത്തെയും മഹാരായ രണ്ടു താരങ്ങൾ എന്നതായിരുന്നു ഇവർ തമ്മിലെ മറ്റൊരു സമാനത.

എന്നാൽ ഫുട്‌ബോളിലെ ഭാഗ്യനിർഭാഗ്യങ്ങളുടെ കണക്കിൽ ജയപരാജയങ്ങളുടെ കണക്കിൽ ഇവർ തമ്മിലുള്ള സമാനതകൾ പരിശോധിക്കുകയാണ് ഇവിടെ. ആദ്യം എന്താണ് ഇവർ ഇവരുടെ ക്ലബിനായി നേടിയത്‌ എന്നു പരിശോധിക്കാം. മിലാന്റെ ചരിത്രത്തിൽ അവർക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മാൾഡിനി പ്രതിരോധത്തിൽ തകർക്കാൻ റെക്കോർഡുകളോ നേടാൻ എന്തെങ്കിലുമോ ബാക്കി വച്ചില്ല എന്നതാണ് സത്യം. 25 സീസനുകൾ തുടർച്ചയായി അവർക്കായി പന്ത് തട്ടിയ മാൾഡിനി മിലാനായി 5 ചാമ്പ്യൻസ് ലീഗുകളും 7 സീരി എയും 1 കോപ്പ ഇറ്റാലിയയും 5 യൂറോപ്യൻ സൂപ്പർ കപ്പും 2 ഇന്റർ കൊണ്ടിന്റനൽ കപ്പും ഒരു ക്ലബ് ലോകകപ്പും ഉയർത്തി. മിലാന്റെ സുവർണ സംഘത്തെ നയിച്ച മാൾഡിനി ക്ലബ് ഫുട്‌ബോൾ രാജാക്കന്മാരായി അവരെ വാഴിച്ചു. ഏതാണ്ട് സമാനമാണ് മെസ്സിയുടെയും കണക്കുകൾ. ബാഴ്‌സക്കായി ഏറ്റവും കൂടുതൽ ഗോളുകൾ, അസിസ്റ്റുകൾ തുടങ്ങി അവരുടേതും ലോകഫുട്‌ബോളിലേതും മിക്ക റെക്കോർഡുകളും മെസ്സിയുടെ സ്വന്തം പേരിലാണ്. മെസ്സി ഉൾപ്പെട്ട ബാഴ്‌സയുടെ സുവർണ സംഘം സൗന്ദര്യഫുട്‌ബോൾ കൊണ്ട് ലോകം വാണൂ. 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, 10 ലാ ലീഗ കിരീടങ്ങൾ 6 കോപ്പ ഡെൽ റിയ 8 സ്പാനിഷ് സൂപ്പർ കപ്പ് 3 വീതം യൂറോപ്യൻ സൂപ്പർ കപ്പും ക്ലബ് ലോകകപ്പുകളും മെസ്സി ബാഴ്‌സക്കായി ഉയർത്തി.

ഇത് നേട്ടങ്ങളുടെ സന്തോഷത്തിന്റെ കണക്കുകൾ. ഇനിയാണ് നിർഭാഗ്യത്തിന്റെ കണ്ണീരിന്റെ കഥ. 4 തവണ ലോകകപ്പ് ഉയർത്തിയ ഇറ്റലി എന്നും ലോകഫുട്‌ബോളിലെ വലിയ ശക്തിയായിരുന്നു. ഈ ഇറ്റലിക്കായി മാൾഡിനി 100 ലധികം മത്സരങ്ങൾ കളിച്ച മാൾഡിനി 74 കളികളിൽ അവരെ നയിച്ചു. ലോകകപ്പിൽ ഇറ്റലിക്കായി ഏറ്റവും അധികം മത്സരങ്ങളും മാൾഡിനി കളിച്ചു. എന്നാൽ ഇറ്റലിക്കായൊരു കിരീടം മാൽഡിനിയെ അനുഗ്രഹിച്ചില്ല. 4 ലോകകപ്പ് കളിച്ചു മാൾഡിനി. 1990 ൽ സെമിയിലും 1994 ൽ ഫൈനലിലും പെനാൽട്ടി ഷൂട്ട് ഔട്ടിൽ തട്ടി ഇറ്റലിക്കും മാൽഡിനിക്കും കണ്ണീരോടെ മടക്കം. 1996 യൂറോയിൽ ആദ്യ റൗണ്ടിൽ പുറത്തായ ഇറ്റലിയെ 1998 ലോകകപ്പിന്റെ ക്വാർട്ടറിലും കാത്തിരുന്നത് പെനാൽറ്റി ഷൂട്ട് ഔട്ട് ദുരന്തം തന്നെയായിരുന്നു. അതിലും ക്രൂരമായ ഗോൾഡൻ ഗോളുകൾക്കായിരുന്നു 2000 ത്തിലെ യൂറോകപ്പ് ഫൈനലിലും 2002 ലെ ലോകകപ്പിലും ഇറ്റലി തോൽവി ഏറ്റു വാങ്ങിയത്. ഇങ്ങനെ ക്ലബിനായി സർവ്വവും നേടിയ മാൾഡിനി രാജ്യത്തിനായി തല താഴ്ത്തി. 2002 ൽ ഇറ്റലിയുടെ നീലകുപ്പായം അഴിച്ച് വച്ച മാൾഡിനിയോട് 2006 ലോകകപ്പ് ഇറ്റലിക്ക് നൽകിയായിരുന്നു വിധി മാൾഡിനിയോട് കൊഞ്ഞനം കുത്തിയത്.

ഏതാണ്ട് സമാനമാണ് മെസ്സിയുടെ അന്തരാഷ്ട്ര കരിയർ. 2 തവണ ലോകകപ്പ് ഉയർത്തി 14 ലധികം തവണ ലാറ്റിൻ അമേരിക്കൻ ജേതാക്കളായ അർജന്റീനയിൽ പക്ഷെ മെസ്സി ഒറ്റ കിരീടവും ഉയർത്തിയില്ല. 20 തിനു വയസ്സിന് കീഴെയുള്ളവരുടെ ലോകകപ്പും ഒളിമ്പിക് സ്വർണ്ണവും നേടിയ മെസ്സിക്ക് കണ്ണീരാണ് അന്താരാഷ്ട്ര ഫുട്‌ബോൾ വിധിച്ചത്‌. 4 ലോകകപ്പിൽ കളിച്ചു മെസ്സി. 2006, 2010 വർഷങ്ങളിൽ ക്വാട്ടറിലും 2018 ൽ ആദ്യ പതിനാറിലും അർജന്റീന വീണപ്പോൾ മെസ്സിയുടെ ഹൃദയവേദന 2014 ലോകകപ്പ് ഫൈനലിൽ ജർമ്മാനിയോട് അധികാസമായത്ത് തോറ്റപ്പോൾ ലോകം കണ്ടു. അതിലും ക്രൂരമായാണ് കോപ്പ അമേരിക്ക മെസ്സിയോട് പെരുമാറിയത്. 2007 ഫൈനലിൽ ബ്രസീലിനോട് അടിയറവ് പറഞ്ഞ കിരീടം 2015,2016 തുടർച്ചയായ വർഷങ്ങളിൽ ചിലിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. രണ്ട് തവണയും പെനാൽട്ടി ഷൂട്ട് ഔട്ടിൽ പരാജയം നേരിട്ട മെസ്സിയും സംഘവും ലോകത്തിന് കണ്ണീർ കാഴ്ചയായി. ഈ കോപ്പ അമേരിക്കയിലും സെമിയിൽ ബ്രസീലിനോട് തോറ്റ് മടങ്ങുമ്പോൾ ഒരു അന്താരാഷ്ട്ര കിരീടാമെന്ന മെസ്സിയുടെ സ്വപ്നമാവും ഇവിടെ അവസാനിക്കുന്നത്.

ഇങ്ങനെ ഭാഗ്യത്തിന്റെ നിർഭാഗ്യത്തിന്റെ കളിയിൽ ഒരേതൂവൽ പക്ഷികൾ ആവുകയാണ് മെസ്സിയും മാൾഡിനിയും. മാൾഡിനിക്ക് അന്താരാഷ്ട്രകിരീടം 2 പ്രാവശ്യം കൈ അകലത്തിൽ നിന്നു നഷ്ടപ്പെട്ടപ്പോൾ മെസ്സിക്കത് 4 പ്രാവശ്യമായിരുന്നു. ജോർജ് ബെസ്റ്റ്, യോഹൻ ക്രൈഫ്, റയാൻ ഗിഗ്‌സ് തുടങ്ങി ഒരുപാട് മുൻഗാമികൾ ഉണ്ട് ഇവർക്ക്. ക്ലബിൽ കളിച്ച് രാജ്യത്തിനായി കളി മറന്നവരോ ഇവർ അല്ല വിധിയുടെ ക്രൂരതയുടെ ഫലങ്ങളോ ഇവർ എന്നും ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവിടെ എന്നും പ്രസക്തമായി രാജ്യത്തിനായി ഒരു കിരീടം ഇല്ലാതെ അവർ എങ്ങനെ എക്കാലത്തെയും മഹത്തായ താരങ്ങൾ ആവുന്നു എന്ന ചോദ്യം ഉയരും. അല്ലെങ്കിൽ ഇത് അവരുടെ മഹത്വം കുറക്കുന്നുവോ എന്ന ചോദ്യവും ആവർത്തിച്ചാവർത്തിച്ച് ഉയർന്നു കൊണ്ടേയിരിക്കും.

Advertisement