Picsart 24 11 10 00 53 46 203

മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം പരാജയം! ഗ്വാർഡിയോളയുടെ കരിയറിൽ ആദ്യം!!

മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം മത്സരത്തിലും പരാജയം. ഇന്ന് ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി അമെക്സ് സ്റ്റേഡിയത്തിൽ ആണ് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി 2-1ന് തോറ്റത്. അവസാന മൂന്ന് മത്സരത്തിലും സിറ്റി പരാജയപ്പെട്ടിരുന്നു. പെപ് ഗ്വാർഡിയോളയുടെ കരിയറിലെ ഏറ്റവും മോശം പരാജയ പരമ്പരയാണിത്.

ഇന്ന് മത്സരത്തിന്റെ 23ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തി. എർലിംഗ് ഹാളണ്ട് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. ഹാളണ്ടിന്റെ ഈ സീസണിലെ സിറ്റിക്കായുള്ള 15ആം ഗോളിയുരുന്നു ഇത്‌. ഈ ഗോളിന് ശേഷം സിറ്റി ലീഡ് ഉയർത്താൻ ശ്രമിച്ചു എങ്കിലും ബ്രൈറ്റൺ പ്രതിരോധത്തെ സമ്മർദ്ദത്തിൽ ആക്കാൻ ആയില്ല.

രണ്ടാം പകുതിയിൽ ബ്രൈറ്റൺ ജാവോ പെഡ്രോയെ സബ്ബായി കളത്തിൽ എത്തിച്ചു. 78ആം മിനുട്ടിൽ പെഡ്രോ ബ്രൈറ്റണെ ഒപ്പം എത്തിച്ചു. പിന്നാലെ 82ആം മിനുട്ടിൽ പെഡ്രോയുടെ അസിസ്റ്റിൽ മറ്റൊരു സബ്ബായ ഒ’റിലെ ബ്രൈറ്റണ് ലീഡും നൽകി. സ്കോർ 2-1.

ഈ പരാജയത്തോടെ സിറ്റി ലീഗിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 19 പോയിന്റുള്ള ബ്രൈറ്റൺ നാലാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version