Picsart 22 11 23 00 55 06 685

കരാർ അവസാനിക്കുന്നത് വരെ തുടരും, ടീമിന് ഭാരമാണെന്ന് തോന്നുമ്പോൾ സ്വയം പടിയിറങ്ങും : ജോർഡി ആൽബ

ബാഴ്‌സലോണയിൽ തന്നെ തുടരാനുള്ള തന്റെ തീരുമാനം ഒരിക്കൽ കൂടി വ്യക്തമാക്കി ജോർഡി ആൽബ. ജനുവരിയിലോ സീസണിന് ശേഷമോ ടീം വിടാൻ ബാഴ്‍സ താരത്തെ നിർബന്ധിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് തന്റെ നിലപാട് വ്യക്തമാക്കി ആൽബ രംഗത്തു വന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ബാഴ്‌സലോണയുമായി 2024 വരെയുള്ള കരാർ ബാക്കിയുണ്ട്. അത് വരെ ടീമിൽ തുടരാനുള്ള കഴിവ് തനിക്കുണ്ടെന്നാണ് കരുതുന്നത്.” ആൽബ പറഞ്ഞു. ഇത്രയും കാലത്തെ പ്രകടനത്തിലൂടെ താൻ നേടിയെടുത്ത ബഹുമാനം കളഞ്ഞു കുളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ താരം, ടീമിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ടാൽ ആ നിമിഷം പടിയിറങ്ങുമെന്നും കൂട്ടിച്ചെർത്തു.

അതേ സമയം താരത്തെ ജനുവരിയിൽ ടീം മാറാൻ ബാഴ്‌സലോണ മാനേജ്‌മെന്റ് നിർബന്ധിച്ചേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ജെറാർഡ് പിക്വേയുടെ വിരമിക്കൽ കാര്യങ്ങൾ പൂർണമായി മാറ്റിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ബാൾടെ കഴിഞ്ഞാൽ പിന്നെ ആൽബ മാത്രമാണ് ടീമിൽ ഉള്ളത്. മർക്കോസ് അലോൻസോയെ നിലവിൽ സെന്റർ ബാക്ക് സ്ഥാനത്താണ് സാവി ഉപയോഗിക്കുന്നത്. റൈറ്റ് ബാക്ക് സ്ഥാനത്ത് താരങ്ങളില്ലാതെ വിഷമിക്കുന്ന ഈ ഘട്ടത്തിൽ ബാൾടെ തന്നെ ആ സ്ഥാനത്തും സാവി പരീക്ഷിച്ചു. നിലവിൽ പുതിയ റൈറ്റ് ബാക്കിനെ എത്തിച്ചാൽ പോലും ആൽബ തൽക്കാലം ടീമിൽ തുടരാതെ ടീമിന് മുന്നോട്ടു പോകാൻ കഴിയില്ല. അത് കൊണ്ട് തന്നെ സീസണിന് ശേഷം മാത്രമേ താരത്തിന്റെ ഭാവി എന്താകുമെന്ന് ഉറപ്പാകൂ.

Exit mobile version