Local Sports News in Malayalam

“ഐ എസ് എല്ലിൽ കളിക്കണം” “മുമ്പും നന്നായി കളിച്ചിരുന്നു, ഗോളടിച്ചത് കൊണ്ടാണ് ഇപ്പോൾ ശ്രദ്ധ കിട്ടുന്നത്” – ജിജോ ജോസഫ് | അഭിമുഖം

കേരളത്തിന്റെ മികച്ച താരം എന്നല്ല ഈ സന്തോഷ് ട്രോഫിയുടെ തന്നെ താരമായി മാറിയിരിക്കുകയാണ് കേരള ക്യാപ്റ്റൻ ജിജോ ജോസഫ്. ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ നേടി കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന ജിജോ ജോസഫ് ഇന്ന് ഫാൻപോർട്ടുമായി സംസാരിച്ചു. സെവൻസ് മൈതാനങ്ങളിൽ നിന്ന് കേരള ക്യാപ്റ്റൻ വരെയുള്ള യാത്രയെ കുറിച്ചും ഐ എസ് എൽ പോലുള്ള വലിയ ലീഗിൽ കളിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും ജിജോ മനസ്സ് തുറന്നു.
Img 20220426 145043
Q : 2013ൽ ഗോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജിജോ അന്ന് ഗോൾ ഇലവനും കേരളത്തിന്റെ സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള മത്സരത്തിൽ ഗോൾ ഇലവനായി ഇറങ്ങിയത് ഓർമ്മയുണ്ട്. അന്ന് പി രാഹുലും ഷിബിൻ ലാലും ഒക്കെ ഉള്ള കേരള ടീമിന്റെ മിഡ്ഫീൽഡിനെ വട്ടംകറക്കിയ ജിജോ ഇന്ന് ആ മീഡ്ഫീൽഡിനെ നയിക്കുകയാണ്. എന്ത് തോന്നുന്നു കേരളത്തിന്റെ ക്യാപ്റ്റൻ ആയി മാറിയ ഈ യാത്രയെ കുറിച്ച്?

ജിജോ : ക്യാപ്റ്റൻ ആയതിൽ വലിയ സന്തോഷം ഉണ്ട്. കേരളത്തിന്റെ ക്യാപ്റ്റൻ ആവുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. ഈ യാത്ര ഒരു കിരീടത്തിൽ അവസാനിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്‌

Q : ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളം സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. എന്താണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റൻ എന്ന നിലയിൽ പറയാൻ ഉള്ളത്?

ജിജോ : കളിയെ കുറിച്ച് പറയുക ആണെങ്കിൽ ഇതുവരെ ഞങ്ങൾ നല്ല പ്രകടനങ്ങൾ നടത്തിയാണ് നിൽക്കുന്നത്. ഒരോ കളിക്കാരും വ്യക്തിഗതമായും നല്ല ആത്മവിശ്വാസത്തിലാണ് ഉള്ളത്. ഇനി സെമി ഫൈനലിലും ഈ പ്രകടനം കാഴ്ചവെക്കുക ആണെങ്കിൽ ഫൈനലിൽ എത്താൻ ആകുമെന്നും തുടർന്ന് കിരീടം ഉയർത്താൻ ആകും എന്ന് തന്നെയുമാണ് ഞാൻ വിശ്വസിക്കുന്നത്.

Q : അഞ്ചു ഗോളുകൾ ഇതിനകം തന്നെ അടിച്ചു കഴിഞ്ഞു, ടുട്ടുവിനെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് അറിയാത്ത താരമല്ല. അവരുടെ സ്നേഹം മുമ്പും താങ്കൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ കിട്ടുന്ന വലിയ സ്വീകാര്യത, സമൂഹിക മാധ്യമങ്ങളിൽ ഒരുപാട് പേരുടെ സ്റ്റാറ്റസുകളിൽ സ്റ്റോറികളിൽ ഒക്കെ ജിജോ ആണ്. സന്തോഷം തോന്നുന്നുണ്ടൊ, ആൾക്കാരുടെ സ്നേഹവും അവരുടെ ഈ പ്രതീക്ഷയും സമ്മർദ്ദം കൂട്ടുന്നുണ്ടോ?

ജിജോ : എനിക്ക് വളരെ അധികം സന്തോഷം ഉണ്ട്. ഞാൻ സെവൻസിലൂടെ ആണ് അറിയപ്പെട്ടിരുന്നത്. സന്തോഷ് ട്രോഫി കളിക്കും മുമ്പ് സെവൻസിൽ ഞാൻ വലിയ തരക്കേടില്ലാതെ കളിച്ചിരുന്നതാണ്. അങ്ങനെയാണ് എന്നെ കൂടുതൽ പേർ അറിഞ്ഞിരുന്നത്. പിന്നെ സന്തോഷ് ട്രോഫി കളിച്ചപ്പോൾ സന്തോഷ് ട്രോഫിയിൽ അവസരം കിട്ടി എന്ന് എല്ലാവരും അറിഞ്ഞു. അത് കഴിഞ്ഞ് തുടർച്ചയായി അഞ്ചാറ് വർഷം സന്തോഷ് ട്രോഫി കളിച്ചപ്പോൾ ഒന്നും എന്നെ ആരും അറിഞ്ഞിരുന്നില്ല.

നന്നായി കളിക്കും എന്ന് പറയും അത്രയെ ഉള്ളൂ. സോഷ്യൽ മീഡിയ ഒന്നും ഇത്ര സജീവമായിരുന്നില്ല അപ്പോഴൊന്നും. അതുകൊണ്ട് ഇത്ര വലിയ പിന്തുണയും പ്രൊമോഷനും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഗോൾ സ്കോർ ചെയ്തത് കൊണ്ടാണ് എന്റെ പേര് ഇങ്ങനെ നിൽക്കാൻ കാരണം. മുമ്പുള്ള സന്തോഷ് ട്രോഫികളിൽ ഒക്കെ നന്നായി കളിച്ചിരുന്നു. ഇതിനേക്കാൾ നന്നായി പെർഫോം ചെയ്തിരുന്നെങ്കിലും ഗോൾ നേടിയിരുന്നില്ല.

ഇപ്പോൾ ഞാൻ ഗോളടിച്ച് തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അറിയാൻ തുടങ്ങി. അതിൽ വളരെ സന്തോഷം ഉണ്ട്.
Img 20220426 145128
കാണികളുടെ ഭാഗത്ത് നിന്ന് എനിക്ക് സമ്മർദ്ദം അങ്ങനെ തോന്നാറില്ല. അവരുടെ പിന്തുണ തന്നെയാണ് ഞങ്ങളുടെ വിജയം. അത് ഞാൻ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഇനി ആരാധകരുടെ പ്രതികരണം നേരെ വിപരീതമായാലും തന്നെ അത് ബാധിക്കാതെ നോക്കാറുണ്ട്. പുറത്ത് നിന്നുള്ള വിമർശനങ്ങൾ കൊണ്ട് തളർന്നു പോകുന്ന ഒരു ആൾ അല്ല ഞാൻ. പുറത്ത് നിന്നുള്ള പ്രതികരണങ്ങൾ അധികം മനസ്സിൽ വെക്കാറില്ല. ചെറുപ്പം മുതൽ എന്റേതായി രീതിയിൽ മുന്നോട്ട് പോകാൻ ആണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് ആരാധകരുടെ പ്രതീക്ഷ ഒരു സമ്മർദ്ദമായി തോന്നാറില്ല. എന്തായാലും അവരുടെ പിന്തുണ പ്രകടനങ്ങളിൽ വലിയ ഘടകം തന്നെയാണ്. അത് പറയാതിരിക്കാൻ പറ്റില്ല.

Q : ഇപ്പോൾ സെമിയിൽ എത്തിയവർ ഒക്കെ ടൂർണമെന്റിൽ നല്ല പ്രകടനം കാഴ്ചവെച്ചവരാണ്. ആരെയും തോൽപ്പിക്കാൻ കഴിവുള്ള ടീമുകളുമാണ്, കേരളത്തിന്റെ കിരീട പ്രതീക്ഷകളെ കുറിച്ച് എന്താണ് ജിജോയ്ക്ക് പറയാനുള്ളത്?

ജിജോ : കിരീട പ്രതീക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ പറഞ്ഞത് പോലെ ഞങ്ങൾ എല്ലാവരും നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഞങ്ങൾ നന്നായി കളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ആ റിസൾട്ട് കിട്ടുന്നുമുണ്ട്. ഈ കളിയും ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും ഭാഗ്യവും എല്ലാമുണ്ടെങ്കിൽ കിരീടം തിരിച്ചു കൊണ്ടുവരാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

Img 20220426 145505
Q : ഇപ്പോൾ കെ പി എല്ലിൽ കെ എസ് ഇ ബിക്ക് വേണ്ടിയാണ് കളിച്ചത്. എങ്കിലും എസ് ബി ഐയുടെ താരമാണ്. സന്തോഷ് ട്രോഫിയിലെ പ്രകടനം രാജ്യത്തെ പ്രധാന ക്ലബുകളുടെ ഒക്കെ സ്കൗട്ടുകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ജിജോയെ ഐ എസ് എല്ലിലോ ഐ ലീഗിലോ കാണാൻ ഞങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ആകുമോ? ഇത്തരം അഭ്യൂഹങ്ങളെ കുറിച്ചുള്ള പ്രതികരണം എന്താണ്.

ജിജോ : മുമ്പ് തന്നെ എനിക്ക് കുറേ ഓഫറുകൾ വന്നിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കളിച്ച് തുടങ്ങുന്ന കാലത്ത് തന്നെ എനിക്ക് പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട്. ആ സമയത്ത് ഡിപാർട്മെന്റ് ടീമുണ്ടായിരുന്നു. ഡിപാർട്മെന്റ് ടീമിനൊപ്പം ടൂർണമെന്റുകൾ കളിച്ചിരുന്നു. ഇപ്പോൾ എസ് ബി ഐക്ക് ടീമും ടൂർണമെന്റുകളും ഒന്നുമില്ല. അതാണ് കെ എസ് ഇ ബിക്കായി ഗസ്റ്റ് കളിച്ചത്. നിലവിൽ ഐ എസ് എല്ലിൽ ഏതേലും ക്ലബിൽ അവസരം ലഭിക്കുക ആണെങ്കിൽ കളിക്കാൻ വിടും എന്നും കളിക്കാൻ പറ്റും എന്നുമാണ് ഡിപാർട്മെന്റ് പറയുന്നത്. ഇത്തവണ ലഭിക്കുന്ന ഓഫറുകൾ നോക്കിയിട്ട് ഡിപാർട്മെന്റുമായി സംസാരിച്ച് ഐ എസ് എല്ലിൽ കളിക്കാൻ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് സാധിക്കട്ടെ. എല്ലാവരുടെ പ്രാർത്ഥനയും ഇതിനായുണ്ടാകണം.

You might also like