കാൽപന്തു കളിയിൽ ഇന്ത്യക്കു പുതിയ താളം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ ഒന്നു മുതൽ പന്തുരുളുകയാണ്. ഗുവാഹത്തിയിൽ കേരളത്തിന്റെ മഞ്ഞപ്പട നോർത്ത് ഈസ്റ്റിന്റെ കരുത്തിനെ നേരിടുന്നതോടെ 79 ദിവസം നീണ്ടുനിൽക്കുന്ന ഐഎസ്എൽ അങ്കത്തിന് കിക്കോഫ് ആകും.
ആദ്യ രണ്ടു സീസണുകളിലെ വിജയം കൊണ്ടു ശ്രദ്ധ പിടിച്ചു പറ്റിയ ഐഎസ്എല്‍ മൂന്നാം സീസണിലേക്ക് കടക്കുമ്പോള്‍ വീണ്ടും ലോകഫുട്ബോളിന്റെ കണ്ണുകള്‍ ഇന്ത്യയിലേക്കെത്തിക്കുകയാണ്. ഏറ്റവുമധികം കാണികളുടെ പങ്കാളിത്തമുള്ള മികച്ച മൂന്നാമത്തെ ലീഗെന്ന നേട്ടത്തോടെയാണ് ചെന്നൈയിൻ എഫ് സി കിരീടമണിഞ്ഞ രണ്ടാമത്തെ ഐഎസ്എൽ അവസാനിച്ചത്, അതും ലാലിഗയ്ക്കും മുകളിൽ. ജർമ്മൻ ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും മാത്രാണ് ഐഎസ്എല്ലിനെക്കാൾ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്.
സച്ചിന്റെ ഉടമസ്ഥതയിലുള്ള മലയാളിയുടെ ആവേശമായ കേരള ബ്ലാസ്റ്റേഴ്സ്, കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി, രണ്ടാം സ്ഥാനക്കാരായ ഗോവ എഫ് സി, മുൻ ചാമ്പ്യന്മാരായ അത്‍ലറ്റിക്കോ ഡി കൊൽക്കത്ത, നോർത്ത് ഇന്ത്യയുടെ ഒരേയൊരു ഐഎസ്എൽ ക്ലബായ ഡെൽഹി ഡൈനാമോസ്, നെലോ വിൻഗാദ പരിശീലിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡീഗോ ഫോർലാൻ ഇറങ്ങുന്ന മുംബൈ സിറ്റി എഫ് സി, ആദ്യ രണ്ടു സീസണിലെ നിരാശ മാറ്റാൻ ഇറങ്ങുന്ന പൂനെ സിറ്റി എഫ് സി എന്നീ എട്ടു ക്ലബുകളാണ് ഐഎസ്എൽ കപ്പുയർത്താൻ പോരിനിറങ്ങുന്നത്.
ഓരോ ടീമും പതിനാലു കളികൾ വീതം കളിക്കുന്ന ആദ്യ റൗണ്ടും രണ്ടു പാദങ്ങളായി കളിക്കുന്ന സെമിഫൈനലും കടന്ന് ആര് ഡിസംബർ 18ന് നടക്കുന്ന കലാശ പോരാട്ടത്തിൽ കിരീടം കൈക്കലാക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസൺ വിജയികളായ മാർക്കോ മറ്റെരാസിയുടെ ചെന്നൈയും ഗോവയും ഒഴികെ ആറു ക്ലബുകളും പുതിയ പരിശീലകരുടെ കീഴിലാണ് അണിനിരക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ബ്രസീൽ ഇതിഹാസം റോബോർട്ടോ കാർലോസ് ഉൾപ്പെടെ അഞ്ചു പരിശീലകർ ഇന്ത്യൻ സൂപ്പർ ലീഗിനു പുറത്തായപ്പോൾ കൊൽക്കത്തയെ ആദ്യ സീസണിൽ കിരീടമണിയിക്കുകയും കഴിഞ്ഞ സീസണിൽ സെമിഫൈനൽ വരെ എത്തിക്കുകയും ചെയ്ത അന്റോണിയോ ലോപസ് ഹബാസ് പൂനെ സിറ്റി എഫ് സിയുടെ ചുക്കാൻ ഏറ്റെടുത്തു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറക്കാൻ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കപ്പിലേക്കു വഴികാട്ടുന്നത് പുതിയ പരിശീലകനും പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സ്റ്റീവ് കോപ്പലാണ്. ആരോൺ ഹ്യൂസ് നയിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിനു ഗ്രഹാം സ്റ്റാക്ക്, കെവൻസ് ബെൽഫോർട്ട്, അന്റോണിയോ ജർമൻ, ഹോസു തുടങ്ങി വലിയ താരനിര തന്നെയുണ്ട്. മലയാളി താരങ്ങളായ സികെ വിനീത് ,റിനൊ ആന്റോ, മുഹമ്മദ് റാഫി എന്നിവരും കൂടെയാകുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ കൂടുന്നു. തായ്‌ലാന്റിൽ പ്രീസീസൺ കഴിഞ്ഞു വരുന്ന ടീം ആദ്യ സീസണിൽ അവസാന നിമിഷം കൈവിട്ട ചാമ്പ്യൻ പട്ടം നേടാൻ ഒരുങ്ങി കഴിഞ്ഞു എന്നണ് ടീം മാനേജ്‌മെന്റ് പറയുന്നത്.
ഫുട്ബോളിനെ നെഞ്ചിലേറ്റിയ യുവ ഇന്ത്യൻ പ്രതിഭകളും ഐഎസ്എല്ലിനെ ഉറ്റുനോക്കുകയാണ്. 3.06 ഗോൾ ശരാശരിയിൽ 186 ഗോളുകൾ പിറന്ന കഴിഞ്ഞ ഐഎസ്എൽ സീസണിൽ 48 ഗോളുകൾ മാത്രമാണ് ഇന്ത്യൻ ബൂട്ടുകൾ നേടിയത് എന്ന വിമർശനത്തിന് കളത്തിൽ സുനിൽ ചേത്രി മുതൽ ഉദാന്താ സിംഗ് വരെയുള്ള ഇന്ത്യൻ താരങ്ങൽ മറുപടി നൽകേണ്ടി വരും.
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‍ലറ്റിക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച മുഴങ്ങുന്ന ഈ സീസണിലെ ആദ്യ വിസിൽ പ്രവചനങ്ങൾക്കപ്പുറമുള്ള ഒരു സീസണാകും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കു നൽകാൻ പോകുന്നത്.