Picsart 22 12 16 21 43 43 952

സാൾട്ട്ലേക്കിൽ ഈസ്റ്റ് ബംഗാളിനെ മുക്കി മുംബൈ സിറ്റി

ഈസ്റ്റ്ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റിക്ക് തകർപ്പൻ ജയം. തുടർച്ചയായ അഞ്ചാം വിജയത്തോടെ ഒന്നാം സ്ഥാനം അറക്കിട്ടുറപ്പിക്കാൻ മുംബൈക്കായി. അപുയ റാൽതെ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഗ്രെഗ് സ്റ്റുവാർട് സ്വന്തം പേരിൽ കുറിച്ചു. തലപ്പത്ത് ഇരുപത്തിനാല് പോയിന്റാണ് മുംബൈക്കുള്ളത്. എതിർ വല നിറച്ചു കുതിക്കുന്ന ടീമിന്റെ ഗോൾ വ്യത്യാസം ഇതോടെ ഇരുപത് കടന്നു. ഈസ്റ്റ്ബംഗാൾ ഒൻപത് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

മുംബൈ സിറ്റിയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. സ്വന്തം തട്ടകത്തിൽ ഈസ്റ്റ് ബംഗാളിന് എതിർ ടീമിന് വെല്ലുവിളി ഉയർത്താൻ ആയില്ല. നാലാം മിനിറ്റിൽ തന്നെ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഷോട്ട് കീപ്പർ തടുത്തിട്ടത് ഗോൾ വര കടക്കാതെ അങ്കിത് മുഖർജി ക്ലിയർ ചെയ്തു. ഇരുപതിയാറാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. സ്റ്റുവർട്ടിന്റെ പാസ് സ്വീകരിച്ച് കുതിച്ച അപുയ അനായാസം കീപ്പറെ മറികടന്നു. രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളോടെയാണ് ഈസ്റ്റ് ബംഗാൾ തുടങ്ങിയത്. അൻപതാം മിനിറ്റിൽ മുംബൈ യുടെ രണ്ടാം ഗോൾ എത്തി. ഗ്രെഗ് സ്റ്റുവർട്ട് ആണ് വല കുലുക്കിയത്. ഒൻപത് മിനിറ്റിനു ശേഷം അപുയയുടെ രണ്ടാം ഗോൾ എത്തി. മുംബൈയുടെ കരുത്ത് മുഴുവൻ വെളിവാക്കിയ പാസുകൾ കോർത്തിണക്കിയ നീക്കത്തിനൊടുവിൽ ആയിരുന്നു ഗോൾ പിറന്നത്. എൺപത്തിയാറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗുർക്കിരത് സിങ്ങിന് വലയിൽ എത്തിക്കാൻ സാധിക്കാതെ വന്നതോടെ മുംബൈ മൂന്ന് ഗോളിൽ സംതൃപ്തി അടഞ്ഞു.

Exit mobile version