ഇന്ത്യൻ ദേശീയ വനിതാ ഫുട്‌ബോൾ താരം ഇന്ദുമതി കതിരേശൻ ഗോകുലം കേരള എഫ് സിയിലേയ്ക്ക്! മുൻപ് ഇന്ത്യൻ ദേശീയ ടീമിനൊപ്പം വനിതാ സാഫ് കപ്പും, സേതു എഫ് സിക്കൊപ്പം ഇന്ത്യൻ വനിതാ ലീഗ് കിരീടവും, ലോഡ്‌സ് ഫുട്‌ബോൾ അക്കാദമിക്കൊപ്പം കേരള വനിതാ ലീഗ് കിരീടവും കരസ്ഥമാക്കിയ താരം ഈ സീസണിൽ ഗോകുലം കേരളയ്ക്കൊപ്പം ഇന്ത്യൻ വനിതാ ലീഗിൽ വീണ്ടും മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഏപ്രിൽ 25ന് ആരംഭിക്കുന്ന ഐ ഡബ്ല്യൂ എല്ലിൽ കേരളത്തിൽ നിന്നും ആകെ രണ്ടു ടീമുകൾ പങ്കെടുക്കുന്നുണ്ട്. രണ്ടു ഗ്രൂപ്പുകളിൽ നടക്കുന്ന പോരാട്ടങ്ങളിൽ ആകെ 16 ടീമുകൾ പരസ്പരം ഏറ്റുമുട്ടും.
1994 ജൂൺ 5ന് തമിഴ്നാട് ജനിച്ച ഈ മധ്യനിര താരം കഴിഞ്ഞ ഏതാനം സീസണുകളിൽ മികവുറ്റ കളിയാണ് കാഴ്ചവച്ചുകൊണ്ടിരുന്നത്. ഏറെ നാളുകളായി ഇന്ത്യൻ വനിതാ ഫുടബോളിൽ സജീവമായി നിന്നിരുന്ന താരം, ഈ കഴിഞ്ഞ സീസണിലെ കേരളം വനിതാ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള ഫുട്‌ബോൾ അസോസിയേഷൻ ആതിഥ്യമരുളിയ കേരള വനിത ലീഗിൽ, ഇന്ദുമതി ആകെ നാല്പത്തിന് മുകളിൽ ഗോളുകൾ അടിച്ചുകൂട്ടി. ലോഡ്‌സ് ഫുട്‌ബോൾ അക്കാദമിയിൽ മുഖ്യ പരിശീലക അമൃതയുടെയും ക്ലബ്ബ് ഉടമ ഡെറിക്ക് ഡിക്കൊത്തിന്റെയും കീഴിൽ കളിച്ച താരം വർണ്ണാഭമായ പ്രകടനം നടത്തിയാണ് സീസൺ അവസാനിപ്പിച്ചത്. ഇദ്ദേഹത്തെ തങ്ങളുടെ ടീമിലെത്തിക്കാൻ ഇന്ത്യൻ വനിതാ ലീഗിലെ പ്രമുഖ ടീമുകളിൽ പലരും ശ്രമിച്ചിരുന്നുവെങ്കിലും ഇത്തവണ നറുക്ക് വീണത് മലബാറിയൻസിനാണ്.
2016-17 സീസണിൽ ജെപിആർ ഇൻസ്റ്റിറ്റ്യൂട്ടിൽ കളിച്ച ഇവർ തൊട്ടടുത്ത സീസണിൽ പ്രമുഖരായ സേതു എഫ് സിക്കൊപ്പം ചേർന്നു. അവിടെ നിന്നും ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടുന്നതിൽ ടീമിനെ ഏറെ സഹായിച്ച താരം ഇന്ത്യൻ ഫുടബോൾ നിരീക്ഷകരുടെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായി വളർന്നു. തമിഴ്നാട് പോലീസിൽ ഇതിനിടെ ചേർന്ന ഇബ്ദുമതി അവർക്കായി കഴിഞ്ഞ ഏതാനും സീസണുകളിൽ കളിക്കുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ റാങ്കിൽ നിലവിൽ തമിഴ്നാട് പോലീസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, ഫുട്‌ബോളിനൊപ്പം കോവിഡ് മഹാമാരിക്കിടയിലും കാര്യക്ഷമമായി ജനസേവനത്തിനു മുന്നിലുണ്ടായിരുന്നു.
കഴിഞ്ഞ സീസണിലാണ് ഇന്ദുമതി, താൻ നിലവിൽ കളിച്ചുകൊണ്ടിരുന്ന കൊച്ചി ആസ്ഥാനമായ ലോഡ്‌സ് ഫുട്ബോൾ ക്ലബ്ബിൽ ചേരുന്നത്. അവിടെ നിന്നുകൊണ്ട് കേരളാ ഫുടബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനം നടത്തിയ താരം 44 ഗോളുകളും കുന്നോളം അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചു. മ്യാന്മർ സ്വദേശിനി വിന്നിന്റെ ഒപ്പം ഗോളടിമേളം നടത്തിയ ഇദ്ദേഹം ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ മറ്റു ടീമുകളിലെ താരങ്ങളേക്കാൾ മുന്നിൽ എത്തി. 2014 മുതൽ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച താരത്തിന്റെ പരിചയസമ്പത്തും ഈയവസരത്തിൽ ഇദ്ദേഹത്തെ തട്ടകത്തിൽ എത്തിക്കുന്ന ഗോകുലം കേരള എഫ് സി പരിഗണനയിൽ എടുത്തിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം 2014-ൽ തുടങ്ങി അൻപതോളം മത്സരങ്ങൾ പൂർത്തിയാക്കിയ താരം സാഫ് വുമൺസ് ചാമ്പ്യൻഷിപ്പിൽ കളിച്ചു വിജയിച്ചിട്ടുണ്ട്. ബ്രസീലിനെതിരെ കളിച്ച ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം തമിഴ്നാടിനോപ്പം മുൻപ് 2017-18 സീനിയർ വുമൺസ് നാഷണൽ ചാംപ്യൻഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ഫോമിൽ നിലവിൽ കളിക്കുന്ന താരം ഇന്ത്യൻ വനിതാ ലീഗിൽ തന്റെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മുൻപും ഐ ഡബ്ല്യൂ എൽ കിരീടം ചൂടിയിട്ടുള്ള ഗോകുലം കേരള എഫ് സി ഈ സീസണിലും കിരീടപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്. ഏപ്രിൽ മാസം 25ആം തീയതി ആരംഭിക്കുന്ന പുതിയ സീസൺ വനിതാ ലീഗിന്റെ വേദികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.