Picsart 23 03 17 03 28 58 892

മൈതാന മധ്യത്ത് നിന്ന് വന്ന ഗോളിൽ ആഴ്സണൽ വിറച്ചു, ഷൂട്ടൗട്ടിൽ അവർ വീഴുകയും ചെയ്തു

ആഴ്സണൽ യൂറോപ്പ ലീഗ പ്രീക്വാർട്ടറിൽ വീണു. ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ആഴ്സണൽ പുറത്തായത്. നിശ്ചിത സമയത്ത് കളി 1-1 എന്നായിരുന്നു. അഗ്രിഗേറ്റിൽ 3-3 എന്നും. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് സ്പോർടിങ് ജയിച്ചത്.

ഇന്ന് സാകയെയും തോമസ് പാർട്ടിയെയും ബെഞ്ചിൽ ഇരുത്തി ആണ് ആഴ്സണൽ മത്സരം ആരംഭിച്ചത്. ആദ്യ പകുതി അർട്ടേറ്റ പ്രതീക്ഷിച്ചത് പോലെ തന്നെ പോയി. 19ആം മിനുട്ടിൽ ജോർജീഞ്ഞോ നൽകിയ ഒരു പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് കടന്ന മാർട്ടിനെല്ലി തൊടുത്ത ഷോട്ട് അന്റോണിയോ അദാൻ തടഞ്ഞു. പിറകെ എത്തിയ ജാക്ക ഒരു റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0. അഗ്രിഗേറ്റ് സ്കോറിൽ ആഴ്സണൽ 3-2നു മുന്നിൽ.

ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഴ്സണൽ കാണിച്ചില്ല. 62ആം മിനുട്ടിൽ പെഡ്രോ ഗോൺസാല്വസിന്റെ ഒരു അത്ഭുത ഗോൾ സ്പോർടിംഗിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. മൈതാന മധ്യത്തു നിന്നു ഗോൺസാലസ് തൊടുത്ത ഷോട്ട് തടയാൻ റാംസ്ഡേലിനായില്ല. ഈ സീസൺ യൂറോപ്പ ലീഗ് കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു‌ ഇത്‌. സ്കോർ 1-1. അഗ്രിഗേറ്റിൽ 3-3.

ഇതിനു ശേഷം ആഴ്സണൽ പാർട്ടിയെയും സാകയെയും കളത്തിൽ ഇറക്കി. ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ ഉള്ള അവസരങ്ങൾ വന്നു എങ്കിലും മുതലെടുക്കാൻ ആയില്ല. നിശ്ചിത സമയത്ത് വിജയ ഗോൾ വരാതെ ആയതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

97ആം മിനുട്ടിൽ ഒരു സ്പോടിംഗ് അബദ്ധത്തിൽ നിന്ന് ഒരു സുവർണ്ണാവസരം ആഴ്സണലിനു ലഭിച്ചു. പക്ഷെ ട്രൊസാർഡിന്റെ ഷോട്ട് തടയാൻ അദാനായി‌. അവസാനം 120 മിനുട്ട് കഴിഞ്ഞപ്പോഴും ഒപ്പത്തിനൊപ്പം. പെനാൾട്ടി ഷൂട്ടൗട്ടിൽ സ്പോർടിങ് 5 കിക്കും ലക്ഷ്യത്തിൽ എത്തിച്ചു. മാർട്ടിനെല്ലിക്ക് ആണ് ആഴ്സണൽ കൂട്ടത്തിൽ പിഴച്ചത്‌. പിന്നാലെ പോർച്ചുഗീസ് ടീം വിജയം ഉറപ്പിച്ചു.

Exit mobile version