Screenshot 20230807 191743 X

ഡ്യൂറന്റ് കപ്പ്; ഒഡീഷ എഫ്സിയെ വീഴ്ത്തി ഇന്ത്യൻ ആർമി

ഡ്യൂറന്റ് കപ്പ് 132ആം എഡിഷനിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറങ്ങിയ ഒഡീഷ എഫ്സിക്ക് ഇന്ത്യൻ ആർമിക്ക് മുന്നിൽ ഞെട്ടിക്കുന്ന തോൽവി. യുവതാരങ്ങളുമായി ഇറങ്ങിയ ഐഎസ്എൽ ടീമിനെതിരെ മുന്നേറ്റ താരം ലിറ്റൺ ശിൽ നേടിയ ഗോളാണ് ആർമിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ രാജസ്‌ഥാനും ഇന്ത്യൻ ആർമിയും ഗ്രൂപ്പ് എഫിൽ ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.

മൂന്നാം മിനിറ്റിൽ തന്നെ ഒഡീഷയുടെ പാസ് പിടിച്ചെടുത്തു ബോക്സിന് പുറത്തു നിന്നും ക്രിസ്റ്റഫർ കാമേയ് തൊടുത്ത ഷോട്ട് ഒഡീഷ കീപ്പർ കൈക്കലാക്കി. ആർമി തന്നെയാണ് കൂടുതൽ നീക്കങ്ങൾ മെനഞ്ഞടുത്തത്. പോസ്റ്റിന് മുന്നിലേക്ക് ക്രോസ് നൽകാനുള്ള ഷഫീലിന്റെ ശ്രമം നീരജ് ഒരിക്കൽ കൂടി തടുത്തു. മുപ്പത്തിയാറാം മിനിറ്റിൽ കാമേയിയുടെ മറ്റൊരു ഷോട്ടും നീരജിന് നേരെ ആയിരുന്നു. ഇടവേളക്ക് മുൻപ് ആർമി ഗോൾ വല കുലുക്കി. പ്രതിരോധം ക്ലിയർ ചെയ്തു നൽകിയാ ബോൾ ലിറ്റൺ സമീർ മുർമുവിന് കൈമാറിയ ശേഷം എതിർ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചു. മുർമുവിന്റെ അതിമനോഹരമായ ത്രൂ ബോൾ ലിറ്റണിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ താരം കീപ്പറേയും എതിർ പ്രതിരോധത്തെയും മറികടന്ന് വല കുലുക്കി 42ആം മിനിറ്റിലാണ് ഗോൾ പിറന്നത്.

54ആം മിനിറ്റിൽ രാഹുലിന്റെ പാസിൽ ലഭിച്ച സുവർണാവസരത്തിൽ ഷഫീൽ തൊടുത്ത ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 77ആം മിനിറ്റിൽ എതിർ താരത്തിന് മുകളിൽ അപകടകരമായ ഫൗൾ ചെയ്തതിന് ലിറ്റൺ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. 82 ആം മിനിറ്റിൽ ദുഷകരമായ ആംഗിളിൽ നിന്നും ബോക്സിനുള്ളിൽ മാർക് ചെയ്യപ്പെടാതെ പുങ്തെ തൊടുത്ത ഷോട്ട് ആർമി കീപ്പർ ബദീന്ദ്ര രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്നെത്തിയ ബോളിൽ ഒഡീഷക്ക് ലഭിച്ച അവസരവും കീപ്പർക്ക് നേരെ ആയതോടെ സ്‌കോർ ആദ്യ പകുതിയിലെ അതേ നിലയിൽ തുടർന്നു.

Exit mobile version