കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് മികച്ച ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് റയൽ നുമാൻസിയയെ അവരുടെ മൈതാനത്ത് മറികടന്നത്. റയലിനായി ബെയ്‌ൽ, ഇസ്കോ, മയൊരാൽ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ അവസാന 30 മിനുറ്റ് 10 പേരുമായി കളിച്ച നുമാൻസിയക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.
റൊണാൾഡോ, ബെൻസീമ, ക്രൂസ്, മോദ്‌റിച് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് സിദാൻ ടീമിനെ ഇറക്കിയത്. ഗരേത് ബെയ്‌ൽ പരിക്ക് മാറി ആദ്യ ഇലവനിൽ തന്നെ ഇടം നേടി. 33 ആം മിനുട്ടിൽ വാസ്‌കെസിനെ ബോക്സിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബെയ്‌ലാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ നുമാൻസിയ താരം ടിയമാൻക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് റയലിന് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ രണ്ടാം ഗോളിനായി റയലിന് 89 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണയും പെനാൽറ്റിയിൽ നിന്ന് ഇസ്‌കോയാണ് ഗോൾ നേടിയത്. 91 ആം മിനുട്ടിൽ മായൊരാലും ഗോൾ നേടിയതോടെ റയൽ ജയം പൂർത്തിയാക്കി. 10 ആം തിയതി റയലിന്റെ മൈതാനത്താണ് രണ്ടാം പാദ മത്സരം അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial