കൊളംബിയയെ ഞെട്ടിച്ച് പെറു വിജയം

കോപ അമേരിക്കയിൽ ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ പെറുവിന് വിജയം. നീണ്ട് കാലമായി മോശം ഫോമിലായിരുന്നു പെറു ഇന്ന് കൊളംബിയയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പെറുവിന്റെ വിജയം. 17ആം മിനുട്ടിൽ സെർജിയോ പെന ആണ് പെറുവിന് ലീഡ് നൽകിയത്. ഒരു ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പെന റീബൗണ്ട് ചെയ്ത് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു‌.

ഇതിന് മറുപടി പറയാൻ നിരവധി അവസരങ്ങൾ കൊളംബിയക്ക് ലഭിച്ചു എങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരു പെനാൾട്ടിയിലൂടെ ആണ് സമനില ഗോൾ അവർ കണ്ടെത്തിയത്. 53ആം മിനുട്ടിൽ ബോർജ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. എന്നാൽ അധികം താമസിയാതെ ഒരു സെൽഫ് ഗോൾ പെറുവിന് ലീഡ് തിരികെ കൊടുത്തു. ഒരു കോർണറിൽ നിന്ന് കൊളംബിയൻ താരം യെറി മിനയുടെ നെഞ്ചിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറുക ആയിരുന്നു. പെറുവിന് ഈ ജയത്തോടെ 3 പോയിന്റായി. 4 പോയിന്റുള്ള കൊളംബിയ ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോറും വെനിസ്വേലയും 2-2 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു.

Exit mobile version