കാരബാവോ കപ്പ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ചെൽസിയും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ആഴ്സണലിന് ഇനി രണ്ടാം പാദ സെമിയിൽ എമിറേറ്റ്‌സിൽ ആശ്വാസത്തോടെ ഇറങ്ങാനാവും.
ശക്തമായ ടീമിനെയാണ് കോണ്ടേ ഇത്തവണ ഇറക്കിയത്. ലീഗിൽ കളിക്കുന്ന പ്രധാന താരങ്ങളെല്ലാം ഇറങ്ങിയപ്പോൾ ബകയോകോക്ക് പകരം ഡാനി ഡ്രിങ്ക് വാട്ടർ ഇടം നേടി. ഓസിലും സാഞ്ചസും ഇല്ലാതെയാണ് വെങ്ങർ ടീമിനെ ഇറക്കിയത്. സാഞ്ചസ് പക്ഷെ ബെഞ്ചിൽ ഇടം നേടി. ആദ്യ പകുതിയിൽ ചെൽസി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ അവർക്ക് വിനയായി. ആഴ്സണലിന് ലകസറ്റിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാകാനായില്ല. രണ്ടാം പകുതിയിൽ ക്രിസ്റ്റിയൻസന് ലഭിച്ച രണ്ട് അവസരങ്ങളൊഴിച്ചാൽ ചെൽസിക്ക് കാര്യമായി ഒന്നും ചെയാനായില്ല. ആഴ്സണലിനും രണ്ടാം പകുതിയിൽ കാര്യമായി ഒന്നും ചെയാനാവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഈ മാസം 24 ആം തിയതിയാണ് രണ്ടാം പാദ സെമി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial