4 വിക്കറ്റ്, 63 റൺസ്; മുംബൈയെ ‘ഒറ്റയ്ക്ക്’ വീഴ്ത്തി നദീൻ ഡി ക്ലർക്ക്!

Rishad

Nadine De Klerk

മുംബൈ: വുമൺസ് പ്രീമിയർ ലീഗിന്റെ (WPL) ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അവിശ്വസനീയ ജയം സമ്മാനിച്ച നദീൻ ഡി ക്ലർക്ക് തന്റെ പ്രകടനത്തെക്കുറിച്ച് മനസ്സ് തുറന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ താരം റെക്കോർഡ് നേട്ടങ്ങളോടെയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Nadine De Klerk, RCB

നദീൻ ഡി ക്ലർക്കിന്റെ വാക്കുകൾ:

“ഈ വിജയം ഉൾക്കൊള്ളാൻ കുറച്ച് ദിവസമെടുക്കും. ഇന്ന് എന്റെ ദിവസമാണെന്ന് എനിക്ക് തോന്നിയിരുന്നു, അത് പരമാവധി മുതലാക്കണമെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. മികച്ച രീതിയിൽ പന്തെറിയാൻ കഴിഞ്ഞു, എങ്കിലും ബാറ്റിംഗിന്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ അല്പം പ്രയാസപ്പെട്ടത് എന്നെ നിരാശയാക്കിയിരുന്നു. പക്ഷേ, ക്രിക്കറ്റ് ഒരു വിചിത്രമായ കളിയാണ്, അവസാന നിമിഷം വരെ പൊരുതുക എന്നതാണ് പ്രധാനം. അവസാന ഓവറുകളിൽ സ്ട്രൈക്ക് കൈവശം വെച്ച് കളിക്കാനാണ് ഞാൻ ശ്രമിച്ചത്. അരുന്ധതിയും പ്രേമയും നൽകിയ പിന്തുണയും നിർണ്ണായകമായി.”

ഈ മത്സരത്തിലൂടെ രണ്ട് പ്രധാന റെക്കോർഡുകളാണ് ഡി ക്ലർക്ക് സ്വന്തമാക്കിയത്. ഡബ്ല്യുപിഎൽ (WPL) ചരിത്രത്തിൽ ഒരു മത്സരത്തിൽ 50 റൺസും 4 വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം താരമായി ഡി ക്ലർക്ക് മാറി. 2024-ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 59 റൺസും 4 വിക്കറ്റും നേടിയ യുപി വാരിയേഴ്സ് താരം ദീപ്തി ശർമ്മയാണ് ഇതിന് മുൻപ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

കൂടാതെ, അവസാന ഓവറിൽ 18 റൺസ് വിജയലക്ഷ്യം മറികടന്ന ആർസിബി, ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച അവസാന ഓവർ റൺ ചേസ് എന്ന റെക്കോർഡും സ്വന്തമാക്കി. 2023-ൽ ഗുജറാത്ത് ജയന്റ്സിനെതിരെ യുപി വാരിയേഴ്സ് അവസാന ഓവറിൽ 19 റൺസ് അടിച്ചെടുത്തതാണ് ഈ പട്ടികയിൽ നിലവിൽ ഒന്നാമതുള്ളത്.

ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 154 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ നാറ്റ് സിവർ ബ്രണ്ട് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സറുകളും ഫോറുമടക്കം 20 അടിച്ചുകൂട്ടിയാണ് ഡി ക്ലർക്ക് ആർസിബിയെ വിജയതീരത്തെത്തിച്ചത്