WPL: അവസാന പന്തിൽ മുംബൈയെ തകർത്ത് ആർസിബി; ഡി ക്ലർക്ക് ഹീറോ !

Rishad

Nadine De Klerk, RCB, WPL

മുംബൈ: തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി വുമൺസ് പ്രീമിയർ ലീഗിന്റെ WPL 2026 ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 3 തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവറിൽ 18 റൺസ് അടിച്ചെടുത്താണ് ആർസിബി സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം നാഡിൻ ഡി ക്ലർക്കിന്റെ ഐതിഹാസികമായ ആൾറൗണ്ട് പ്രകടനമാണ് ആർസിബിയെ വിജയതീരത്തെത്തിച്ചത്.

RCB, WPL

അവസാന ഓവറിൽ വിജയത്തിനായി 18 റൺസ് വേണമെന്നിരിക്കെ പന്തെറിയാൻ എത്തിയത് മുംബൈയുടെ വിശ്വസ്ത താരം നാറ്റ് സിവർ ബ്രണ്ടായിരുന്നു. സമ്മർദ്ദഘട്ടത്തിൽ ബ്രണ്ടിനെതിരെ രണ്ട് പടുകൂറ്റൻ സിക്സറുകളും ഒരു ഫോറുമടക്കം അടിച്ചുകൂട്ടിയ ഡി ക്ലർക്ക് കളി ആർസിബിയുടെ കൈകളിലാക്കി. പിന്നീട് അവസാന പന്തിൽ വിജയത്തിനായി 2 റൺസ്! അവിടെ മനോഹരമായ ഒരു ഫോറിലൂടെ ഡി ക്ലർക്ക് ആർസിബിക്ക് സ്വപ്നതുല്യമായ ജയം സമ്മാനിച്ചു. നേരത്തെ ബൗളിംഗിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ താരം ബാറ്റിംഗിലും മിന്നും പ്രകടനം നടത്തിയതോടെ ഉദ്ഘാടന മത്സരത്തിലെ യഥാർത്ഥ ഹീറോയായി മാറി.

Sajana, WPL

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ മലയാളി താരം സജീവൻ സജനയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഒരു ഘട്ടത്തിൽ 67-ന് 4 എന്ന നിലയിൽ തകർന്ന മുംബൈയ്ക്കായി സജന 25 പന്തിൽ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 45 റൺസ് അടിച്ചുകൂട്ടി. സജനയ്ക്കൊപ്പം 40 റൺസെടുത്ത നിക്കോള കെയ്‌റിയും ചേർന്നതോടെയാണ് മുംബൈ 20 ഓവറിൽ 154 റൺസെടുത്തത്.

എന്നാൽ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് ഗ്രേസ് ഹാരിസും (25) സ്മൃതി മന്ദാനയും (18) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ മുംബൈ ബൗളർമാർ കളി തിരിച്ചുപിടിച്ചു. അമലിയ കെർ (3 വിക്കറ്റ്), ഷബ്നിം ഇസ്മായിൽ (2 വിക്കറ്റ്) എന്നിവർ ആർസിബിയുടെ മുൻനിരയെ തകർത്തതോടെ ആർസിബി പതറി. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ഡി ക്ലർക്ക് വാലറ്റത്തെ കൂട്ടുപിടിച്ച് അവിശ്വസനീയമായ ജയം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം വീട്ടിക്കൊണ്ട് സ്മൃതി മന്ദാനയും സംഘവും പുതിയ സീസണിന് ആവേശകരമായ തുടക്കമാണ് കുറിച്ചത്.