ലോകകപ്പ് സെമിയിൽ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ. ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയാണ് അവരുടെ വിജയ ഗോൾ നേടിയത്. ശക്തമായ ബെൽജിയൻ ആക്രമണ നിരയെ വരിഞ്ഞ് കെട്ടിയ ഫ്രാൻസ് പ്രതിരോധ നിരയുടെ പ്രകടനവും ഫ്രാൻസിന്റെ വിജയത്തിൽ നിര്ണായകമായി. ഇംഗ്ലണ്ട്- ക്രോയേഷ്യ മത്സരത്തിലെ വിജയികളെയാണ് അവർ ഫൈനലിൽ നേരിടുക.
മത്സരത്തിന്റെ തുടക്കം ബെൽജിയം മികച്ച ആധിപത്യമാണ് പുലർത്തിയത്. 16 ആം മിനുട്ടിലാണ് ബെല്ജിയത്തിന് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഹസാർഡിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ബെൽജിയം കൗണ്ടർ അറ്റാക്കിനെ ഭയന്ന് ഫ്രാൻസ് സ്വന്തം പകുതിയിൽ തന്നെ തുടർന്നപ്പോൾ മത്സരത്തിലെ ഭൂരിഭാഗം സമയവും പന്ത് ബെൽജിയത്തിന്റെ കയ്യിലായിരുന്നു.
21 ആം മിനുട്ടിൽ അൽഡർവീൽഡിന്റെ ഷോട്ട് മനോഹര സേവിലൂടെ ഫ്രാൻസ് ഗോളി തടുത്തിട്ടത് ഫ്രാന്സിന് ഭാഗ്യമായി. 31 ആം മിനുട്ടിൽ ഫ്രാൻസിന് മികച്ച അവസരം ലഭിച്ചെങ്കിലും ജിറൂദിന് ഫിനിഷ് ചെയ്യാനായില്ല. പിന്നീട് ഏറെ വൈകാതെ എംബപ്പേ നൽകിയ പാസും ജിറൂദിന് ഗോളാക്കാനായില്ല. 40 ആം മിനുട്ടിൽ ഫ്രാൻസിന്റെ പവാർഡിന്റെ ഷോട്ട് തിബോ കോർട്ടോ തടുത്ത് മാറ്റിയത് കൊണ്ട് മാത്രമാണ് ഗോളാകാതെ പോയത്. പിന്നീടും ഫ്രാൻസ് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ അവർക്കായില്ല.
രണ്ടാം പകുതി 5 മിനുട്ട് പിന്നിട്ടപ്പോൾ ഫ്രാൻസിന്റെ ഗോൾ എത്തി. കോർണറിൽ നിന്ന് സാമുവൽ ഉംറ്റിറ്റിയുടെ ഹെഡർ ബെൽജിയം വലയിൽ. 59 ആം മിനുട്ടിൽ ഡംമ്പലയെ പിൻവലിച്ച ബെൽജിയം മേർട്ടൻസിനെ ഇറക്കി. ഡു ബ്രെയ്നക്ക് ഉടനെ ലഭിച്ച അവസരം പക്ഷെ താരം നഷ്ടപ്പെടുത്തി. മേർട്ടൻസ് തുടർച്ചയായി ഫ്രാൻസ് ബോക്സിലേക്ക് പന്തുകൾ എത്തിച്ചതോടെ ഫ്രാൻസ് പ്രതിരോധത്തിന് ജോലി കൂടി.
80 ആം മിനുട്ടിൽ വിറ്റ്സലിന്റെ ഷോട്ട് ഫ്രാൻസ് ഗോളി ലോറിസ് തടുത്തു. പിന്നീടും ബെൽജിയം ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിലപ്പെട്ട സമനില ഗോൾ നേടാൻ അവർക്കായില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial