‘ബച്ചാ അബ് ബച്ചാ നഹി രഹ്താ‘

gokulraj

Download the Fanport app now!
Appstore Badge
Google Play Badge 1

2015 ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് തയ്യാറാക്കിയ പരസ്യത്തിന്റെ തലക്കെട്ടാണിത്. ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ലെന്നും ക്രിക്കറ്റിലെ വമ്പൻമാരെ മുട്ടുകുത്തിക്കാൻ പാകത്തിന് അവർ വളർന്നു കഴിഞ്ഞെന്നുമായിരുന്നു ആ പരസ്യത്തിന്റെ സാരാംശം. പന്ത്രണ്ടാം ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ ‘അട്ടിമറിച്ചു’ എന്ന് പറയുന്നവർക്കുള്ള മറുപടിയും ആ പരസ്യചിത്രം തന്നെയാണ്.

സമീപകാലത്തെ ബംഗ്ലാ കടുവകളുടെ പ്രകടനവും അത് പരിപൂർണ്ണമായി ശരിവക്കും. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെ പുറത്താക്കി ക്വാർട്ടറിലെത്തായ ബംഗ്ലാദേശ് കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണെങ്കിൽ സെമി ഫൈനലിലും കടന്നു. അവസാന രണ്ട് ഏഷ്യാകപ്പിലും ( 2016, 2018) ഫൈനലിൽ ഇന്ത്യയുടെ എതിരാളികളും മറ്റാരുമായിരുന്നില്ല. ക്രിക്കറ്റ് ലോകത്തെ കുഞ്ഞൻമാരായിരുന്ന ബംഗ്ലാദേശ് വമ്പൻമാർക്ക് സ്ഥിരം തലവേദനയായി മാറുന്നത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹിം നായകസ്ഥാനത്ത് വരുന്നതോടെയാണ്. അതിനുശേഷം കപ്പിത്താന്റെ ചുമതല ഏറ്റെടുത്ത പരിചയസമ്പന്നനായ പേസ് ബൗളർ മഷ്റഫി മൊർത്താസ ടീമിനെ സ്ഥിരതയോടെ കളിക്കുന്ന ഒരു സംഘമായി വളർത്തിയെടുത്തു.


കഴിഞ്ഞ ലോകകപ്പിന് ശേഷം ഇന്ത്യാ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ തുടങ്ങിയ വമ്പൻമാരുമായി പരമ്പര വിജയിച്ച ബംഗ്ലാകടുവകൾക്ക് ആ മികവ് പിന്നീടങ്ങോട്ട് നിലനിർത്താനായി. ഈ കാലയളവിലെ പ്രകടനങ്ങൾ വിലയിരുത്തിയാൽ ശ്രീലങ്കയും  പാകിസ്ഥാനും വെസ്റ്റ് ഇൻഡീസും പോലുള്ള മുൻ ചാമ്പ്യൻമാരേക്കാൾ സ്ഥിരതക്കുള്ള പ്രകടനമാണിവർ പരിമിതഓവർ ക്രിക്കറ്റിൽ പുറത്തിടുത്തത്.

ഒരു കാലത്ത് അവരുടെ വിജയങ്ങൾ ടസ്കിൻ അഹമ്മദും മുസ്തഫിസർ റഹ്മാനും പോലുള്ള ബൗളർമാരുടെ കരുത്തിലായിരുന്നെങ്കിൽ ഇന്ന് തമീം ഇക്ബാലും റഹിമും മുഹമ്മദുള്ളയും സൗമ്യ സർക്കാരും വിശ്വസിക്കാവുന്ന ഒരു ബാറ്റിങ്ങ് നിര അവർക്കായി പണിതു കഴിഞ്ഞു. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ഷക്കീബ് അൾ ഹസനും ചേരുമ്പോൾ കടുവകൾ ആരെയും കൂസാത്ത സംഘമായി  മാറിയിരിക്കുന്നു.
അതു കൊണ്ട് തന്നെ ഈ ലോകകപ്പിന്റെ സെമിയിലോ ഫൈനലിലോ കടുവകളെ കണ്ടാലും അത്ഭുതപെടേണ്ടതില്ലന്ന് സാരം.