ജിദ്ദ: സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിൽ നാളെ റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്സലോണയെ നേരിടുമ്പോൾ, ആരാധകർ ഉറ്റുനോക്കുന്നത് ഒരു കിരീടപ്പോരാട്ടത്തിനപ്പുറം റയൽ പരിശീലകൻ സാബി അലോൺസോയുടെ ഭാവിയിലേക്ക് കൂടിയാണ്. തിരിച്ചടികളിൽ നിന്ന് ടീമിനെ തുടർച്ചയായ അഞ്ചു വിജയങ്ങൾ കൊണ്ട് കരകയറ്റിയ അലോൺസോയ്ക്ക് തന്റെ പരിശീലക സ്ഥാനം ഉറപ്പിക്കാൻ ഈ ‘എൽ ക്ലാസിക്കോ’ വിജയം അനിവാര്യമാണ്.

രണ്ടാം സെമിഫൈനലിൽ അയൽക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് സൂപ്പർകോപ്പ ഫൈനൽ ടിക്കറ്റെടുത്തത്. സ്റ്റാർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയുടെ അഭാവത്തിലും ഒത്തിണക്കത്തോടെ കളിച്ച റയൽ, പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികച്ചുനിന്നു. ഈ സീസണിൽ എംബാപ്പെയുടെ ഗോളടി മികവും (29 ഗോളുകൾ), വിനീഷ്യസ്-ബെല്ലിംഗ്ഹാം സഖ്യത്തിന്റെ ഒത്തിണക്കവും റയലിന്റെ കരുത്താണ്. കഴിഞ്ഞ വർഷം ഫൈനലിലേറ്റ കനത്ത തോൽവിക്ക് പകരം വീട്ടാൻ എംബാപ്പെ കൂടി തിരിച്ചെത്തുന്നത് അലോൺസോയ്ക്കും സംഘത്തിനും വലിയ ആത്മവിശ്വാസം നൽകുന്നു.

എന്നാൽ ഒന്നാം സെമിഫൈനലിൽ അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തൂത്തുവാരിയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ഫൈനലിലെത്തിയത്. ഫെറാൻ ടോറസ് (22′), ഫെർമിൻ ലോപ്പസ് (30′), റൂണി ബാർദ്ജി (34′), റാഫിഞ്ഞ (38′, 52′) എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മികച്ച ഫോമിലുള്ള ബാഴ്സ, കഴിഞ്ഞ വർഷത്തെ സൂപ്പർകോപ്പ വിജയം ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യുവതാരങ്ങളുടെ വേഗതയും കൃത്യതയാർന്ന പാസിംഗും ബാഴ്സയുടെ പ്ലസ് പോയിന്റാണ്.

മോശം ഫോമിനെത്തുടർന്ന് പുറത്താക്കലിന്റെ വക്കിലായിരുന്ന അലോൺസോ തുടർച്ചയായ അഞ്ച് വിജയങ്ങളിലൂടെയാണ് റയലിനെ തിരികെക്കൊണ്ടുവന്നത്. എങ്കിലും, ബാഴ്സലോണയ്ക്കെതിരായ ഫൈനലിൽ കാലിടറിയാൽ അലോൺസോയുടെ സ്ഥാനം തെറിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. “കഴിഞ്ഞ വർഷം രണ്ട് ഫൈനലുകൾ ഞങ്ങൾ അവർക്കെതിരെ തോറ്റു, അതിനാൽ ഇത്തവണ വിജയിക്കുക എന്നത് അനിവാര്യമാണ്,” എന്ന് റയൽ ഗോൾകീപ്പർ തിബോ കോർട്ടുവ പറഞ്ഞു. എംബാപ്പെ കൂടി ഫൈനലിൽ കളിക്കുമെന്ന് ഉറപ്പായതോടെ ജിദ്ദയിൽ ഒരു തീപാറുന്ന പോരാട്ടം ഉറപ്പായിരിക്കുകയാണ്.









