റോജേഴ്‌സ് കപ്പിൽ ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് അട്ടിമറികൾ ഒരു പതിവാക്കിയിരിക്കുകയാണ്. ഇന്നലെ വീണത് സാക്ഷാൽ ജോക്കോവിച്ചിനെയാണെങ്കിൽ ഇന്ന് വീഴ്ത്തിയത് നിലവിലെ ചാമ്പ്യനും, രണ്ടാം സീഡുമായ അലക്‌സാണ്ടർ സ്വരേവിനെയായാണ്. രണ്ട് മാച്ച് പോയിന്റുകൾ അതിജീവിച്ചായിരുന്നു സിസിപ്പാസിന്റെ വിജയം. ദിമിത്രോവിനെ തകർത്ത് സെമിയിൽ പ്രവേശിച്ച കെവിൻ ആൻഡേഴ്‌സനാണ് സ്റ്റെഫാനോസിന്റെ അടുത്ത എതിരാളി.
മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം ശക്തമായി തിരിച്ചുവന്ന് റാഫേൽ നദാൽ സിലിച്ചിനെതിരെ വിജയം നേടി. ഇതോടെ വാർഷാവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്കും നദാൽ യോഗ്യത നേടി. ഇതുവരെ ടൂർ ഫൈനൽസ് കിരീടം നേടിയിട്ടില്ലാത്ത നദാൽ തുടർച്ചയായി 14 മത് തവണയാണ് യോഗ്യത നേടുന്നത്. സെമിയിൽ കാച്ചനോവ് ആണ് നദാലിന്റെ എതിരാളി.
വനിതകളിൽ ഒന്നാം സീഡ് സിമോണ ഹാലെപ് ആറാം സീഡ് ഗാർസിയക്കെതിരെ അനായാസ വിജയത്തോടെ സെമിയിൽ പ്രവേശിച്ചു. പതിനഞ്ചാം സീഡ് ബാർട്ടിയാണ് സെമിയിൽ ഈ റുമാനിയൻ താരത്തിന്റെ എതിരാളി. മെർട്ടെൻസിനെ തോൽപ്പിച്ച് സെമിയിൽ കടന്ന സ്വിറ്റോലിന അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial