കറാച്ചി : ആശ്വാസ ജയം തേടിയിറങ്ങിയ പാകിസ്താൻ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും ആദ്യ ദിനം തന്നെ 304 റൺസിന് പുറത്ത്. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരിന്നു.
ബൗളർമാർക്ക് യാതൊരു പിന്തുണയും നൽകാത്ത വരണ്ട പിച്ചിൽ, കൂറ്റൻ സ്കോർ ലക്ഷ്യം വെച്ചു തന്നെയാണ് ബാബർ അസം ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാൽ, ബാസ്-ബോൾ ക്രിക്കറ്റ് കളിക്കുന്ന ബെൻ സ്റ്റോക്സിൻ്റെ ഇംഗ്ലണ്ടിന് വ്യക്തമായ പ്ലാനുണ്ടായിരിന്നു. 1921ന് ശേഷം ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ന്യൂ ബോൾ തന്നെ സ്പിന്നർ ജാക്ക് ലീഷിനെ ഏൽപ്പിച്ചു ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. അത് തുടക്കത്തിൽ തന്നെ ഫലം കണ്ടു. മത്സരത്തിൻ്റെ ആറാം ഓവറിൽ തന്നെ അബ്ദുള്ള ഷഫീഖിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ജാക് ലീഷ്. ശേഷം പതിമൂന്നാം ഓവറിൽ ഷാൻ മസൂദിനേയും പുറത്താക്കി മാർക്ക് വുഡിലൂടെ ഇംഗ്ലണ്ട് പാക് ഓപ്പണർമാർ രണ്ട് പേരേയും പവലിയനിൽ എത്തിച്ചു.
പിന്നീട് കരുതലോടെ കളിച്ച പാകിസ്ഥാൻ, അവസാന ടെസ്റ്റ് കളിക്കുന്ന അസ്ഹർ അലിയുടെയും ക്യാപ്റ്റൻ ബാബർ അസത്തിൻ്റെയും മികവിൽ 71 റൺസ് കൂടെ സ്കോർ ബോർഡിൽ ചേർത്ത് ആദ്യ സെഷൻ കൂടുതൽ പരിക്കില്ലാതെ അവസാനിപ്പിച്ചു. ഒലി റോബിൻസണിന് വിക്കറ്റ് നൽകി മടങ്ങിയ അസ്ഹർ അലിക്ക്, ശേഷം ബാബറിന് കൂട്ടായി സൌദ് ഷക്കീൽ എത്തി. ഇരുവരും 45 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യ മത്സരം മാത്രം കളിക്കുന്ന പതിനെട്ടുകാരൻ രെഹാൻ അഹമ്മദ് ഷക്കീലിനെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ് നേടി. തുടർന്ന് വന്ന് മുഹമ്മദ് റിസ്വാനും കാര്യമായൊന്നും ചെയ്യാനാവാതെ പുറത്തായി. ജോ റൂട്ടിൻ്റെ ഒരു ഫുൾ ടോസ് മിഡ് ഓണിൽ ബെൻ സ്റ്റോക്സിന്റെ കയ്യിലേക്ക് അടിച്ചു നൽകിയായിരിന്നു മടക്കം.
പിന്നീട് ഒത്തുചേർന്ന അഘാ സൽമാനും ബാബർ അസവും 23 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇല്ലാത്ത സിംഗിളിനായി ശ്രമിച്ച ബാബർറൺ ഔട്ട് ആയി. 78 റൺസ് നേടിയ ബാബറാണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. അർധ ശതകം പൂർത്തിയാക്കിയ അഘാ സൽമാനൊപ്പം നൗമാൻ അലി മാത്രമാണ് പിന്നീട് ചെറുത്ത് നിന്നത്. 79 ഓവറിൽ 304 റൺസിന് പാകിസ്ഥാൻ പുറത്താകുമ്പോൾ, മത്സരത്തിന്റെ 56 ഓവറുകളും ബൗൾ ചെയ്തത് സ്പിന്നർമാർ മാത്രമായിരുന്നു. നാൽ വിക്കറ്റ് നേടിയ ജാക്ക് ലീഷിനൊപ്പം തന്നെ, അരങ്ങേറ്റത്തിൽ തന്നെ ഇരട്ട വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രെഹാൻ അഹമ്മദും മികച്ചു നിന്നു.
ആദ്യ ദിനത്തിനെ ബാക്കി പതിനൊന്ന് ഓവർ മാത്രം കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ വരവേറ്റത് സ്പിന്നർ അബ്റാർ അഹമ്മദാണ്. അഞ്ചാം പന്തിൽ തന്നെ സാക് ക്രാളിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പാകിസ്ഥാൻ തിരിച്ചടിച്ചു. വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് സ്കോർ 3 ഓവറിൽ 7/1 എന്ന നിലയിലാണ്. ഇതോടെ ഈ ടെസ്റ്റിലും റിസൾട്ട് ഉണ്ടാവുമെന്ന് ഉറപ്പായി. ഇംഗ്ലണ്ടും പാകിസ്താനും നേരെത്തെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായിരുന്നു.