മുംബൈ: കഴിഞ്ഞ സീസണിലെ സെമി ഫൈനലിലേറ്റ തോൽവിക്ക് ഉദ്ഘാടന മത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിനോട് മധുരപ്രതികാരം വീട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് വിജയം പിടിച്ചെടുത്തതിന് പിന്നാലെ ആവേശകരമായ പ്രതികരണവുമായി ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന രംഗത്തെത്തി. ആർസിബി എന്നും ഇത്തരത്തിലുള്ള ആവേശപ്പോരാട്ടങ്ങൾക്കും ത്രില്ലറുകൾക്കും പേരുകേട്ട ടീമാണെന്നായിരുന്നു വിജയത്തിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ വാക്കുകൾ.

സീസണിലെ ആദ്യ മത്സരം തന്നെ ഒരു മികച്ച ത്രില്ലറായി മാറിയെന്നും കളി കൈവിട്ടു എന്ന് തോന്നിയ ഘട്ടത്തിലും ടീമിലെ എല്ലാവരും വളരെ പോസിറ്റീവ് ആയിരുന്നുവെന്നും സ്മൃതി പറഞ്ഞു. ഡി ക്ലർക്കിന്റെ പോരാട്ടത്തെ സ്മൃതി വാനോളം പുകഴ്ത്തി. വിശാഖപട്ടണത്ത് മുമ്പ് സമാനമായ സാഹചര്യത്തിൽ ഡി ക്ലർക്ക് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കോച്ച് മലോളൻ രംഗരാജനോട് അന്ന് അതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സ്മൃതി വെളിപ്പെടുത്തി. ഡി ക്ലർക്ക് ഇന്ന് ബാറ്റിംഗിലും ബൗളിംഗിലും ടീമിനായി സർവ്വതും നൽകിയെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ ഡി ക്ലർക്ക് ബാറ്റിംഗിൽ പുറത്താകാതെ 63 റൺസ് നേടിയാണ് ആർസിബിയുടെ രക്ഷകയായത്. അവസാന ഓവറിൽ വിജയത്തിനായി വേണ്ടിയിരുന്ന 18 റൺസ് നാറ്റ് സിവർ ബ്രണ്ടിനെതിരെ അടിച്ചെടുത്താണ് താരം ആർസിബിക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. മുംബൈ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 3 വിക്കറ്റിന്റെ ആവേശജയമാണ് സ്വന്തമാക്കിയത്. പ്രീ-സീസൺ തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടന്നത് വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്നും താരങ്ങളെല്ലാം നല്ല ഫോമിലാണെന്നും സ്മൃതി വ്യക്തമാക്കി.









